
വാഷിങ്ടന്‍: എച്ച്1ബി അടക്കമുള്ള തൊഴില്‍ വീസകള്‍ യുഎസ് നിര്‍ത്തലാക്കുന്നതായി റിപ്പോര്‍ട്ട്. കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്നതിനിടെയാണ് ഇന്ത്യക്കാരെ അടക്കം വ്യാപകമായി ബാധിക്കുന്ന തീരുമാനത്തിലേക്ക് യുഎസ് നീങ്ങുന്നത്. വീസ സസ്‌പെന്‍ഡ് ചെയ്യുന്നതോടെ നിരവധിപ്പേര്‍ തൊഴില്‍രഹിതരാകും. ഒക്ടോബര്‍ ഒന്നിനാണ് അമേരിക്കയില്‍ പുതിയ സാമ്പത്തിക വര്‍ഷം തുടങ്ങുന്നത്. പുതിയ വീസകള്‍ അനുവദിക്കുന്നതും ഈ കാലയളവിലാണ്. അന്നോടെ വീസ പുതുക്കുന്നത് നിര്‍ത്താനാണ് നീക്കമെന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൊറോണ വൈറസ് പടര്‍ന്നു പിടിച്ചതോടെ അമേരിക്കയില്‍ തൊഴില്‍ നഷ്ടപ്പെട്ടവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയുണ്ടായിട്ടുണ്ട്.
വീസ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാതെ എച്ച് 1ബി വീസയുള്ള വിദേശികള്‍ക്ക് അമേരിക്കയിലേക്ക് തിരികെ പ്രവേശിക്കാനാകില്ല. നിലവില്‍ യുഎസിലുള്ളവരെ ഇതു ബാധിച്ചേക്കില്ല. ഐടി മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് സാധാരണയായി എച്ച്1ബി വീസ അനുവദിക്കാറുള്ളത്. ഇന്ത്യക്കാരാണ് ഈ വീസയുടെ വലിയ ഉപയോക്താക്കള്‍. അതിനാല്‍ ആയിരക്കണക്കിന് ഇന്ത്യന്‍ ഐടി ജീവനക്കാരെ വീസ സസ്‌പെന്‍ഷന്‍ പ്രതികൂലമായി ബാധിക്കും. കൊറോണ പടര്‍ന്നു പിടിച്ചതോടെ എച്ച്1 ബി വീസയിലുള്ള ഒട്ടേറെ ഇന്ത്യക്കാര്‍ ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങിയിരുന്നു.
എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. അമേരിക്കന്‍ പൗരന്മാര്‍ക്ക് ജോലി ലഭിക്കാവുന്ന തരത്തില്‍ കരിയര്‍ വിദഗ്ധര്‍ മുന്നോട്ടുവരച്ച ആശയങ്ങള്‍ ഭരണകൂടം പരിഗണിച്ചു വരികയാണ്. എന്നാല്‍ ഇതില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. എച്ച്1ബി വീസയ്ക്കു കൊണ്ടുവരുന്ന നിയന്ത്രണം എച്ച് 2ബി വീസയ്ക്കും ബാധകമാണ്.