ഐഎസ്ആര്‍ഒയ്‌ക്കെതിരെ അമേരിക്കന്‍ കോടതി വിധി; 8,949 കോടി രൂപ നഷ്ടപരിഹാരമായി ദേവാസിന് നല്‍കണം

October 30, 2020 |
|
News

                  ഐഎസ്ആര്‍ഒയ്‌ക്കെതിരെ അമേരിക്കന്‍ കോടതി വിധി; 8,949 കോടി രൂപ നഷ്ടപരിഹാരമായി ദേവാസിന് നല്‍കണം

വാഷിങ്ടണ്‍: ഐഎസ്ആര്‍ഒയ്ക്ക് കീഴിലുള്ള ആന്‍ട്രിക്സിനെതിരെ അമേരിക്കന്‍ കോടതിയുടെ വിധി. ദേവാസിന് നഷ്ടപരിഹാരമായി 1.2 ബില്യണ്‍ ഡോളര്‍ (8,949 കോടി രൂപ) ആന്‍ട്രിക്സ് നല്‍കണം എന്നാണ് ഉത്തരവില്‍ പറയുന്നത്. 2005 ലെ ഉപഗ്രഹ ഇടപാട് ഉപേക്ഷിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് അമേരിക്കന്‍ കോടതിയുടെ വിധി. ഇന്ത്യയിലെ വിവിധ കോടതികളില്‍ ദേവാസ് മീഡിയ ഇത് സംബന്ധിച്ച് നിയമ വ്യവഹാരം നടത്തിയിരുന്നു. സുപ്രീം കോടതി വരെ എത്തിയ വിവാദമായിരുന്നു ഇത്.

എന്നാല്‍ ഈ കരാര്‍ 2011 ഫെബ്രുവരി മാസത്തില്‍ ആന്‍ട്രിക്സ് ഏകപക്ഷീയമായി റദ്ദാക്കുകയായിരുന്നു എന്നാണ് ദേവാസ് പറയുന്നത്. തുടര്‍ന്ന് ഇന്ത്യയിലെ കോടതികളില്‍ ദേവാസ് നിയമ പോരാട്ടം നടത്തുകയും ചെയ്തിരുന്നു. ആന്‍ട്രിക്സിനെതിരെയുള്ള ദേവാസിന്റെ കോടതി യുദ്ധം സുപ്രീം കോടതി വരെ എത്തിയിരുന്നു. എന്നാല്‍ പ്രശ്നപരിഹാരത്തിനായി ട്രൈബ്യൂണലിനെ സമീപിക്കാന്‍ ആയിരുന്നു സുപ്രീം കോടതിയുടെ നിര്‍ദ്ദേശം.

2018 സെപ്തംബര്‍ മാസത്തിലാണ് അമേരിക്കന്‍ കോടതിയെ ദേവാസ് മള്‍ട്ടി മീഡിയ സമീപിക്കുന്നത്. വെസ്റ്റേണ്‍ ഡിസ്ട്രിക്ട് ഓഫ് വാഷിങ്ടണിലെ യുഎസ് ഡിസ്ട്രിക്ട് കോര്‍ട്ടില്‍ ആയിരുന്നു പരാതി ഫയല്‍ ചെയ്തത്. കരാര്‍ റദ്ദ് ചെയ്ത ആന്‍ട്രിക്സിന്റെ നടപടി തെറ്റായിരുന്നുവെന്ന് മൂന്ന് അന്താരാഷ്ട്ര ട്രൈബ്യൂണുകളും ഒമ്പത് അട്രിബ്യൂട്ടേഴ്സും കണ്ടെത്തിയിട്ടുണ്ട് എന്ന കാര്യവും കോടതിയെ ബോധിപ്പിച്ചു. ഡിസ്ട്രിക്ട് ജഡ്ജ് ആയ തോമസ് എസ് സില്ലിയാണ് ആന്‍ട്രിക്സിനെതിരായി വിധി പ്രഖ്യാപിച്ചത്. നഷ്ടപരിഹാരമായി 562.5 ദശലക്ഷം അമേരിക്കന്‍ ഡോളര്‍ നല്‍കണം എന്നതാണ് വിധി. ഇതിന്റെ പലിശയുള്‍പ്പെടെ കണക്കാക്കുമ്പോള്‍ ആണ് അത് 1.2 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍ ആകുന്നത്.

അമേരിക്കന്‍ കോടതിയിലെ കേസ് ഒഴിവാക്കാന്‍ 2018 ല്‍ തന്നെ ആന്‍ട്രിക്സ് ശ്രമം നടത്തിയിരുന്നു. കോടതിയുടെ അധികാര പരിധി ഉയര്‍ത്തിക്കൊണ്ടായിരുന്നു കേസ് തള്ളുന്നതിനായി ആന്‍ട്രിക്സ് സമീപിച്ചത്. എന്നാല്‍ കോടതിയുടെ അധികാരപരിധിയിലുള്ളതാണ് കേസ് എന്നായിരുന്നു യുഎസ് കോടതിയുടെ തീരുമാനം. തുടര്‍ന്ന് ഒരു വര്‍ഷത്തേക്ക് സ്റ്റേ ഏര്‍പ്പെടുത്തുകയും അതിന് ശേഷം രണ്ട് കൂട്ടരും സംയുക്ത റിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Related Articles

© 2020 Financial Views. All Rights Reserved