
ലണ്ടന്‍: നാണ്യപ്പെരുപ്പം പിടിച്ചു നിര്‍ത്തുന്നതിന് യുഎസ് സെന്‍ട്രല്‍ ബാങ്ക് പലിശ നിരക്കുകള്‍ ഉടന്‍ ഉയര്‍ത്തിയേക്കും എന്ന് അനുമാനം. ഇത് ലോകമെമ്പാടും ഓഹരി സൂചികകളെ വീഴ്ത്തി. യുഎസ് ഫെഡറല്‍ റിസര്‍വ് യോഗത്തിന്റെ മിനിറ്റ്‌സ് പുറത്തു വന്നതിലാണ് പലിശ കൂട്ടലിന്റെ സൂചന നല്‍കിയത്. ലണ്ടന്‍, ഫ്രാങ്ക്ഫര്‍ട്ട്, പാരിസ് സൂചികകള്‍ തുടക്കത്തിലേ ഒരു ശതമാനത്തിലേറെ ഇടിവിലാണ്. ടോക്കിയോ സൂചിക മൂന്നു ശതമാനത്തോളം ഇടിവു നേരിട്ടു. യുഎസ് ഇന്‍ഡക്‌സ് നാസ്ഡാക് 3.3 ശതമാനം ഇടിഞ്ഞു. എണ്ണ വിലയിലും ഇടിവുണ്ടായി.
യുഎസ് തൊഴില്‍ വിപണി ആരോഗ്യകരമായ അവസ്ഥയില്‍ എത്തിയെന്നും വായ്പകള്‍ക്ക് തീരെക്കുറഞ്ഞ പലിശനിരക്ക് ഈടാക്കുന്നത് അവസാനിപ്പിക്കാമെന്നുമുള്ള ഫെഡറല്‍ റിസര്‍വ് വിദഗ്ധരുടെ വിലയിരുത്തലാണ് പുറത്തായത്. പുനരുജ്ജീവന പാക്കേജുകള്‍ ഉടന്‍ അവസാനിക്കും എന്നു നിക്ഷേപകര്‍ കണക്കു കൂട്ടിയതോടെ ഓഹരി വിലകള്‍ ഇടിഞ്ഞു. ബ്രെന്റ് ക്രൂഡിനും വിലയിടിവുണ്ടായി. ബ്രെന്റിന് 79.94 ഡോളറായിരുന്നു ബാരലിന്.