
ആഗോളതലത്തില്‍ ആശങ്ക ഉയര്‍ത്തി യുഎസിലെ പണപ്പെരുപ്പ നിരക്ക് കുതിക്കുന്നു. ഉപഭോക്തൃ വില സൂചിക 40 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണ്. ഇതോടെ യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പണനയത്തില്‍ മാറ്റം വരുത്താനുള്ള സാധ്യതയേറിയിട്ടുണ്ട്. യുഎസ് തൊഴില്‍ വകുപ്പ് പുറത്തുവിട്ട കണക്കുപ്രകാരം 2020 നവംബറിനുശേഷം ഉപഭോക്തൃ വില സൂചിക 6.8 ശതമാനമാണ് ഉയര്‍ന്നത്. ഒക്ടോബറിലെ നിരക്കിനേക്കാള്‍ 0.8 ശതമാനമാണ് സൂചികയിലെ വര്‍ധന.
ഇന്ധനം, താമസം, ഭക്ഷണം, വാഹനം തുടങ്ങിയ മേഖലകളിലെ വില വര്‍ധനവാണ് പണപ്പെരുപ്പ സൂചിക ഉയരാന്‍ പ്രധാന കാരണമായി വിലയിരുത്തുന്നത്. നിത്യോപയോഗ സാധനങ്ങളുടെയും ഇന്ധനത്തിന്റെയും ചെലവ് വര്‍ധിച്ചതിനാല്‍ ജനങ്ങള്‍ക്ക് കൂടുതല്‍ പണം ചെലവഴിക്കേണ്ട സാഹചര്യമാണുള്ളത്. അതുകൊണ്ടുതന്നെ ആഗോളതലത്തില്‍ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ സമ്മര്‍ദത്തിലാണ്. അടുത്തയാഴ്ച നടക്കുന്ന ഫെഡറല്‍ റിസര്‍വിന്റെ ഈ വര്‍ഷത്തെ അവസാന യോഗത്തില്‍ ബോണ്ട് തിരികെ വാങ്ങല്‍ പദ്ധതി വേഗത്തിലാക്കാനുള്ള തീരുമാനമെടുത്തേക്കും.
കോവിഡ് പ്രതിസന്ധി അതിജീവിക്കാന്‍ യുഎസ് ഫെഡ് റിസര്‍വ് പ്രഖ്യാപിച്ച ഉത്തേജന പാക്കേജുകള്‍ പലിശ നിരക്ക് ഉയര്‍ത്തി ഘട്ടംഘട്ടമായി പിന്‍വലിക്കാന്‍ നിര്‍ബന്ധിതമാകുന്ന സാഹചര്യമാണുള്ളത്. 1982ല്‍ പണപ്പെരുപ്പത്തില്‍ സമാനമായ ഉയര്‍ച്ചയുണ്ടായപ്പോള്‍ ഫെഡറല്‍ റിസര്‍വിന്റെ നിരക്ക് 19.10 ശതമാനമായിരുന്നു എന്ന കാര്യം ഓര്‍ക്കണം. നിലവില്‍ ഇത് അര ശതമാനത്തില്‍ താഴെയാണ്.
യുഎസിലെ പണപ്പെരുപ്പം ഇന്ത്യയെയും ബാധിക്കുന്നതാണ്. ആഗോളതലത്തിലെ വിലക്കയറ്റം രാജ്യത്തെ ഇറക്കുമതി ചെലവ് വര്‍ധിപ്പിക്കും. അതായത്, രാജ്യത്ത് ഇറക്കുമതി ചെയ്യുന്നവയുടെയല്ലാം വിലയില്‍ വര്‍ധനവുണ്ടാകും. യുഎസ് പോലുള്ള വികസിത രാജ്യങ്ങളിലെ പണപ്പെരുപ്പം ഉയര്‍ന്നാല്‍ അയഞ്ഞ പണനയം ഉപേക്ഷിക്കാന്‍ കേന്ദ്ര ബാങ്കുകള്‍ നിര്‍ബന്ധിതാരാകും. പണനയം കര്‍ശനമാക്കുന്നതോടെ പലിശ നിരക്കുകളില്‍ വര്‍ധനവുണ്ടാകുമെന്ന് ചുരുക്കം. പലിശ നിരക്കില്‍ വര്‍ധനവുണ്ടാകുന്നതോടെ കടം വാങ്ങുന്നതിന് നിയന്ത്രണം വരും. സമ്പാദ്യത്തിനാകും ഉത്തേജനമുണ്ടാകുക.
അതുകൊണ്ടതുന്നെ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെയും അത് ബാധിക്കും. രാജ്യത്തിനുപുറത്തു നിന്ന് പണം സ്വരൂപിക്കാന്‍ ശ്രമിക്കുന്ന ഇന്ത്യന്‍ കമ്പനികള്‍ക്ക് ചെലവേറും. അതുമാത്രമല്ല, പലിശ നിരക്ക് വര്‍ധിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് നിര്‍ബന്ധിതമാകും. അതാകട്ടെ ഉത്പാദന ചെലവില്‍ വര്‍ധനുണ്ടാക്കുകയും രാജ്യത്തെ വിലക്കയറ്റം രൂക്ഷമാക്കുകയും ചെയ്യും.