
വാഷിങ്ടണ്‍: ദക്ഷിണേഷ്യയിലെ സാമ്പത്തിക രംഗത്ത് ചൈന സ്വാധീനം വര്‍ധിപ്പിക്കുന്ന സാഹചര്യത്തില്‍ ഇതിനെ മറികടക്കാന്‍ വമ്പന്‍ നീക്കവുമായി അമേരിക്ക. അഞ്ച് രാജ്യങ്ങളെ കൂട്ടുപിടിച്ച് ഒത്തൊരുമിച്ച് മുന്നേറാനാണ് ട്രംപ് ഭരണകൂടത്തിന്റെ നീക്കം. മികോങ്-യുഎസ് പങ്കാളിത്തത്തില്‍ അമേരിക്കയെ കൂടാതെ കമ്പോഡിയ, ലാവോസ്, മ്യാന്മാര്‍, തായ്ലന്റ്, വിയറ്റ്‌നാം എന്നീ രാജ്യങ്ങളാണ് അംഗങ്ങള്‍. സെപ്തംബര്‍ 11 ന് ചേര്‍ന്ന വിര്‍ച്വല്‍ യോഗത്തിന് ശേഷമാണ് ഈ കൂട്ടായ്മ ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടത്.
അംഗ രാജ്യങ്ങള്‍ക്ക് സാമ്പത്തിക രംഗത്ത് കൂടുതല്‍ മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കുന്ന വിധത്തിലാണ് അമേരിക്ക ആസൂത്രണം നടത്തിയിരിക്കുന്നത്. ജപ്പാന്‍, ഓസ്‌ട്രേലിയ, ദക്ഷിണ കൊറിയ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളുമായും സമാനമായ നിലയില്‍ സഹകരിച്ച് മുന്നോട്ട് പോകാനാണ് അമേരിക്കയുടെ ശ്രമം.
ടിബറ്റില്‍ നിന്ന് തുടങ്ങി ചൈന, ലാവോസ്, കമ്പോഡിയ, വിയറ്റ്‌നാം എന്നീ രാജ്യങ്ങളിലൂടെ സഞ്ചരിച്ച് ദക്ഷിണ ചൈന കടലില്‍ ലയിക്കുന്ന മികോങ് നദിയുടെ പേരാണ് കൂട്ടായ്മയ്ക്ക് ഇട്ടിരിക്കുന്നത്. 150 ദശലക്ഷം ഡോളര്‍ പ്രാഥമികമായി ഇവിടങ്ങളില്‍ അമേരിക്ക നിക്ഷേപിക്കും. അടുത്ത 11 വര്‍ഷം കൊണ്ട് 3.5 ബില്യണ്‍ ഡോളര്‍ കൂടി മികോങ് രാജ്യങ്ങളില്‍ നിക്ഷേപമായി എത്തും.
തുടക്കത്തില്‍ നല്‍കുന്ന 55 ദശലക്ഷം ഡോളര്‍ മികോങ് രാജ്യങ്ങളിലെ കുറ്റകൃത്യങ്ങള്‍ കുറയ്ക്കാനാണ് ഉപയോഗിക്കുക. മനുഷ്യക്കടത്ത്, മയക്കുമരുന്ന് കടത്ത്, ആയുധം, നിരോധിത വന്യമൃഗ ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ വിപണനം പരമാവധി കുറയ്ക്കാനാണ് അമേരിക്ക ലക്ഷ്യമിടുന്നത്.