
വാഷിംഗ്ടണ്‍: എണ്ണ ഉല്‍പ്പാദന നിയന്ത്രണം നടപ്പില്‍ വരുത്താനുള്ള കാര്യക്ഷമമായ നടപടികള്‍ കൈക്കൊള്ളണമെന്ന് അമേരിക്കയിലെ എണ്ണ ഉല്‍പ്പാദക സ്റ്റേറ്റുകളില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ സൗദി അറേബ്യയോട് ആവശ്യപ്പെട്ടു. സൗദി ഊര്‍ജമന്ത്രിയടക്കം രാജ്യത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ഇക്കാര്യം സംസാരിച്ചതായി സെനറ്റര്‍മാര്‍ വെളിപ്പെടുത്തി.
സൗദി അറേബ്യ എണ്ണ ഉല്‍പ്പാദന നിയന്ത്രണത്തിന് തയാറാകാത്ത പക്ഷം അവിടെയുള്ള അമേരിക്കന്‍ സൈനികരെയും പാട്രിയറ്റ് മിസൈലുകളും താഡ് പ്രതിരോധ സംവിധാനങ്ങളും പിന്‍വലിക്കാന്‍ മാര്‍ച്ചില്‍ നിയമം അവതരിപ്പിച്ച ഡാന്‍ സുള്ളിവന്‍, കെവിന്‍ ക്രാമര്‍ അടക്കമുള്ള സെനറ്റര്‍മാരാണ് ഇപ്പോള്‍ ഉല്‍പ്പാദന നിയന്ത്രണം നടപ്പിലാക്കാന്‍ സൗദിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരിക്കുന്നത്. മുപ്പത് ദിവസത്തിനുള്ളില്‍ സൗദിയിലെ അമേരിക്കന്‍ സൈനികരെ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മറ്റൊരു നിയമം അവതരിപ്പിച്ച ബില്‍ കസ്സിഡി അടക്കം പതിനൊന്ന് റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ രണ്ടര മണിക്കൂറോളം സൗദി ഊര്‍ജമന്ത്രി പ്രിന്‍സ് അബ്ദുള്‍അസീസ് ബിന്‍ സല്‍മാന്‍, പ്രതിരോധ സഹമന്ത്രി ഖാലിദ് ബിന്‍ സല്‍മാന്‍, അമേരിക്കയിലെ സൗദി അംബാസഡര്‍ പ്രിന്‍സസ് റീമ ബിന്റ് ബന്ദര്‍ ബിന്‍ സുല്‍ത്താന്‍ എന്നിവരുമായി ചര്‍ച്ച നടത്തി. സൗദി അറേബ്യയെ സമ്മര്‍ദ്ദത്തിലാക്കുക എന്ന ഉദ്ദേശ്യത്തോടെയുള്ള ബില്ലുകള്‍ പാസാകാന്‍ ഇടയില്ലെങ്കിലും ഉല്‍പ്പാദന നിയന്ത്രണത്തില്‍ റിപ്പബ്ലിക്കനായ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും തമ്മിലുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയും സൗദി അറേബ്യ അമേരിക്കയുടെ ദീര്‍ഘകാല പങ്കാളി ആയിരിക്കുകയും ചെയ്യുന്ന അവസ്ഥയില്‍ റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരുടെ ഭാഗത്ത് നിന്നുള്ള നീക്കം അസാധാരണമായാണ് വിലയിരുത്തപ്പെടുന്നത്.
ഏറെ നാളത്തെ അനിശ്ചിതത്വത്തിന് ശേഷം ആഗോള എണ്ണ വിപണിയില്‍ പ്രതിദിനം പത്ത് ദശലക്ഷം ബാരലിന്റെ എണ്ണ ഉല്‍പ്പാദന നിയന്ത്രണം നടപ്പിലാക്കുന്നതിന് എണ്ണ ഉല്‍പ്പാദക, കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് പ്ലസ് സമവായത്തില്‍ എത്തിയിരുന്നു. ഒപെക് പ്ലസ് നിര്‍ദ്ദേശിച്ച ഉല്‍പ്പാദന നിയന്ത്രണത്തില്‍ മെക്‌സികോ എതിര്‍പ്പ് അറിയിച്ചെങ്കിലും നിര്‍ദ്ദിഷ്ട നിയന്ത്രണം നടപ്പിലാക്കുന്നതിന് മെക്‌സികോയെ സഹായിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് അറിയിച്ചിട്ടുണ്ട്. ഒപെക് പ്ലസ് സമ്മേളനത്തിന് പിന്നാലെ ചേര്‍ന്ന ജി20 ഊര്‍ജമന്ത്രിമാരുടെ യോഗവും ഉല്‍പ്പാദന നിയന്ത്രണ പദ്ധതികള്‍ക്ക് പിന്തുണ അറിയിച്ചു്. എന്നാല്‍ ഇക്കാര്യങ്ങളില്‍ അന്തിമരൂപമായിട്ടില്ല.
ഉല്‍പ്പാദന നിയന്ത്രണത്തില്‍ പങ്കെടുക്കാനുള്ള സൗദി അറേബ്യയുടെ തീരുമാനത്തെ അഭിനന്ദിച്ചെങ്കിലും വാക്കുകളേക്കാള്‍ ശക്തി പ്രവൃത്തിക്കാണെന്ന് അലാസ്‌കയില്‍ നിന്നുള്ള സെനറ്ററായ സുള്ളിവന്‍ പറഞ്ഞു. ഉല്‍പ്പാദന നിയന്ത്രണം നടപ്പിലാക്കാന്‍ സൗദി കാര്യക്ഷമവും സ്ഥിരതയുള്ളതുമായ നടപടികള്‍ എടുക്കണമെന്നും അത് എത്രയും പെട്ടെന്ന് വേണമെന്നും സുള്ളിവന്‍ കൂട്ടിച്ചേര്‍ത്തു. പകര്‍ച്ചവ്യാധി കാലത്ത് ഉല്‍പ്പാദനം കൂട്ടാനുള്ള സൗദി തീരുമാനം ന്യായീകരിക്കാന്‍ കഴിയില്ലെന്നും ഒരിക്കലും മറക്കില്ലെന്നും നോര്‍ത്ത് ഡകോട്ടയില്‍ നിന്നുള്ള സെനറ്ററായ ക്രാമര്‍ പറഞ്ഞു. കഴിഞ്ഞ മാസം എണ്ണവിപണിയിലുണ്ടായ അസാധാരണ നടപടികള്‍ മൂലം ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉല്‍പ്പാദകരായ അമേരിക്കയ്്ക്ക് പ്രതിദിന എണ്ണ ഉല്‍പ്പാദനം 2 മില്യണ്‍ ബാരല്‍ വരെ വെട്ടിച്ചുരുക്കേണ്ടതായി വന്നിരുന്നു.
ഉല്‍പ്പാദന നിയന്ത്രണത്തിന് തയാറായില്ലെങ്കില്‍ സൗദിക്കെതിരെ ഏത് രീതിയിലുള്ള സമ്മര്‍ദ്ദമായിരിക്കും അമേരിക്ക പയറ്റുകയെന്നതിന്റെ സൂചനയാണ് റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരുടെ നീക്കം. പ്രതിരോധ രംഗത്ത് സൗദിയെ അകമഴിഞ്ഞ് സഹായിക്കുന്ന അമേരിക്ക അത്തരം സഹായങ്ങള്‍ നിയമപരമായി ഇല്ലാതാക്കുമെന്ന ഭീഷണിയാണ് ഇപ്പോള്‍ മുഴക്കുന്നത്. ജനുവരിയില്‍ 2,500 സൈനികരെയാണ് അമേരിക്ക സൗദിയില്‍ വിന്യസിച്ചത്. ഇറാനുമായുള്ള സംഘര്‍ഷം രൂക്ഷമായതോടെ കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ 3,000 സൈനികരെയും അമേരിക്ക സൗദിയിലേക്ക് അയച്ചിരുന്നു.