
അമേരിക്കയില്‍ ഡെമോക്രറ്റ്സ് അധികാരത്തില്‍ വന്നപ്പോഴേ പ്രതീക്ഷിക്കപ്പെട്ടതായിരുന്നു ഒരുപാട് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ ഡൊണാള്‍ഡ് ട്രംപിന്റെ പല നയങ്ങളും തിരുത്തപ്പെടുമെന്ന്. അതില്‍ മുഖ്യം വിദേശികള്‍ക്ക് വിസ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നയങ്ങളായിരുന്നു. വിദേശികളെ പരമാവധി അകറ്റി നിര്‍ത്തുക എന്നതായിരുന്നു ട്രംപിന്റെ നയം. അത് മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ കെട്ടുന്നതായാലും വിദേശ കമ്പനികള്‍ അമേരിക്കയില്‍ സമ്പാദിക്കുന്നതായാലും ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസ അനുവദിക്കുന്ന കാര്യമായാലും നിരവധി തടസ്സങ്ങള്‍ ട്രംപിന്റെ കാലത്ത് ഉയര്‍ത്തപ്പെട്ടു. അമേരിക്കക്കാര്‍ക്ക് അവസരം നഷ്ടപ്പെടുന്നു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ട്രംപ് തടസ്സവാദങ്ങള്‍ ഉന്നയിച്ചത്.
എന്നാല്‍ ഇപ്പോള്‍ ഇന്ത്യന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്കടക്കം, പ്രത്യേകിച്ച് ഐ ടി മേഖലയിലുള്ളവര്‍ക്ക്, ഏറെ സന്തോഷിക്കാന്‍ വക നല്‍കിക്കൊണ്ട് പ്രസിഡണ്ട് ജോ ബൈഡന്റെ നേതൃത്വത്തിലുള്ള പുതിയ ഗവണ്മെന്റ് എച്ച് വണ്‍ ബി വിസകള്‍ അനുവദിക്കുന്ന കാര്യത്തില്‍ ഉന്നയിക്കപ്പെട്ടതടസ്സവാദങ്ങളെപ്പറ്റി പുനര്‍വിചിന്തനത്തിന് തയാറായിരിക്കുന്നതായി സൂചനകള്‍. ഇന്ത്യക്കാരില്‍ തന്നെ ഏറ്റവും കൂടുതല്‍ ഐ ടി പ്രൊഫഷണലുകളുള്ള സംസ്ഥാനം കേരളം ആണെന്നത് കൊണ്ട് തന്നെ ഈ തീരുമാനം മലയാളികള്‍ക്ക് ഏറെ ആശ്വാസമായിരിക്കും.
യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് (യു എസ് സി ഐ എസ്) നോണ്‍ ഇമ്മിഗ്രന്റ് തൊഴിലാളികളുമായി ബന്ധപ്പെട്ട ട്രംപ് ഭരണകൂടം റദ്ദാക്കിയ മൂന്ന് പോളിസി മെമ്മോകള്‍ പുന:പരിശോധിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍ വിദേശ ടെക് പ്രൊഫഷണലുകള്‍ക്ക് വര്‍ക്ക് വിസകള്‍ അനുവദിക്കുന്ന കാര്യത്തില്‍ ട്രംപ് നടപ്പാക്കിയ നയങ്ങള്‍ തിരുത്തുന്നതിനെതിരെ ചില വിഭാഗങ്ങള്‍ ഇതിനകം തന്നെ എതിര്‍പ്പുമായി രംഗത്തെത്തിയിട്ടുണ്ട്. വിദേശ പ്രൊഫഷണലുകളെ ഉയര്‍ന്ന വേതനത്തില്‍ കൊണ്ടുവരുമ്പോള്‍ അത് അമേരിക്കക്കാര്‍ക്ക് മുമ്പില്‍ അന്യായമായ മത്സരം സൃഷ്ടിക്കും എന്നാണ് ഇക്കൂട്ടരുടെ നിലപാട്.
ട്രംപ് ഭരണകൂടം നടപ്പാക്കിയ നിയമം തൊഴിലുടമകള്‍ എച്ച് 1 ബി വിസാ സൗകര്യം ദുരുപയോഗം ചെയ്യുന്നത് കുറയ്ക്കുമെന്നും അമേരിക്കന്‍ തൊഴിലാളികളെ സംരക്ഷിക്കുമെന്നും അതുകൊണ്ട് തന്നെ ഈ നിയമം മാറ്റരുതെന്നും ഫെഡറേഷന്‍ ഫോര്‍ അമേരിക്കന്‍ ഇമിഗ്രേഷന്‍ റിഫോം എന്ന സംഘടന ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പിനെ അറിയിച്ചു.
കഴിഞ്ഞ ആഴ്ച യു എസ് സി ഐ എസ് പ്രഖ്യാപിച്ചത് റദ്ദാക്കിയ മൂന്ന് പോളിസി മെമ്മോകളെ അടിസ്ഥാനമാക്കി സമര്‍പ്പിക്കപ്പെട്ട നോണ്‍ ഇമിഗ്രന്റ് തൊഴിലാളിയുടെ പെറ്റീഷന്‍ വീണ്ടും തുറക്കുകയോ പ്രതികൂല തീരുമാനങ്ങള്‍ പുനര്‍വിചിന്തനം ചെയ്യുകയോ ചെയ്യുമെന്നാണ്. വിസാ അപേക്ഷയില്‍ എതിര്‍ തീരുമാനം ഉണ്ടായിട്ടുണ്ടെങ്കിലും 30 ദിവസത്തിന് ശേഷം ഫയല്‍ വീണ്ടും തുറക്കുന്നതിനുള്ള പ്രമേയം അംഗീകരിക്കുന്നതിന് തങ്ങളുടെ വിവേചനാധികാരം ഉപയോഗിക്കുമെന്ന് യു എസ് സി ഐ എസ് അറിയിച്ചു.
2020 ജൂണ്‍ 17 നായിരുന്നു യു എസ് സി ഐ എസ് പോളിസി മെമ്മോറാണ്ടം നമ്പര്‍ 6020114 പുറപ്പെടുവിച്ചത്. ഇത് രണ്ട് മുന്‍ പോളിസി മെമ്മോറാണ്ടങ്ങളെ ഔദ്യോഗികമായി റദ്ദാക്കി. 2010 ജനുവരി 8 ന് പുറപ്പെടുവിച്ച മൂന്നാം കക്ഷി സൈറ്റ് പ്ലെയ്സ്മെന്റുകള്‍ ഉള്‍പ്പെടെ എച്ച് 1 ബി അപേക്ഷകള്‍ പരിഗണിക്കുന്നതിനുള്ള തൊഴിലുടമ ജീവനക്കാര്‍ ബന്ധം നിര്‍ണ്ണയിക്കുന്നത് സംബന്ധിച്ചും 2018 ഫെബ്രുവരി 22 ന് പുറത്തിറക്കിയ മൂന്നാം കക്ഷി വര്‍ക്ക് സൈറ്റുകള്‍ ഉള്‍പ്പെടുന്ന എച്ച് 1 ബി അപേക്ഷകള്‍ക്കായുള്ള കരാറുകളും യാത്രാ ആവശ്യകതകളും സംബന്ധിച്ചുള്ളതുമായിരുന്നു ഈ മെമ്മോറാണ്ടങ്ങള്‍.
2021 ഫെബ്രുവരി 3 ന് പുറത്തിറക്കിയ പുതിയ പോളിസി മെമ്മോറാണ്ടം, 2017 മാര്‍ച്ച് 31 ന് പുറത്തിറക്കിയ കമ്പ്യൂട്ടര്‍ ജോലികളുമായി ബന്ധപ്പെട്ട എച്ച് 1 ബി മാര്‍ഗ്ഗനിര്‍ദ്ദേശ മെമ്മോ ഔദ്യോഗികമായി റദ്ദാക്കി. റദ്ദാക്കിയ മൂന്ന് പോളിസി മെമ്മോകളെ അടിസ്ഥാനമാക്കി പ്രതികൂല തീരുമാനങ്ങള്‍ വീണ്ടും തുറക്കാനോ അല്ലെങ്കില്‍ പുന:പരിശോധിക്കാനോ ഒരു അപേക്ഷകന് അഭ്യര്‍ത്ഥിക്കാമെന്ന് യു എസ് സി ഐ എസ് പറഞ്ഞു.