ഇന്ത്യയുള്‍പ്പെടെയുള്ള 6 രാജ്യങ്ങള്‍ക്കെതിരെ ഡിജിറ്റല്‍ സേവന നികുതി അന്വേഷണവുമായി മുന്നോട്ട് പോകും: യുഎസ്

March 27, 2021 |
|
News

                  ഇന്ത്യയുള്‍പ്പെടെയുള്ള 6 രാജ്യങ്ങള്‍ക്കെതിരെ ഡിജിറ്റല്‍ സേവന നികുതി അന്വേഷണവുമായി മുന്നോട്ട് പോകും: യുഎസ്

വാഷിംഗ്ടണ്‍: ഓസ്ട്രിയ, ഇന്ത്യ, ഇറ്റലി, സ്‌പെയിന്‍, തുര്‍ക്കി, യുകെ എന്നിവയ്‌ക്കെതിരായ ഡിജിറ്റല്‍ സേവന നികുതി അന്വേഷണത്തിന്റെ അടുത്ത ഘട്ടവുമായി മുന്നോട്ട് പോവുകയാണെന്ന് യുഎസ് പ്രഖ്യാപിച്ചു. അന്വേഷണ റിപ്പോര്‍ട്ട് ഈ രാജ്യങ്ങള്‍ക്കെതിരേയുള്ള വ്യാപാര നടപടികള്‍ക്ക് യുഎസിനെ പ്രേരിപ്പിച്ചേക്കാം. ഓസ്ട്രിയ, ഇന്ത്യ, ഇറ്റലി, സ്‌പെയിന്‍, തുര്‍ക്കി, യുണൈറ്റഡ് കിംഗ്ഡം എന്നിവ സ്വീകരിച്ച ഡിജിറ്റല്‍ സേവന നികുതികള്‍ യുഎസ് ട്രേഡ് ആക്ടിന്റെ സെക്ഷന്‍ 301 പ്രകാരം നടപടിക്ക് സാധുതയുള്ളതാണെന്ന് ജനുവരിയില്‍ യുഎസ് ട്രേഡ് റെപ്രസന്റേറ്റീവ് (യുഎസ്ടിആര്‍) നിരീക്ഷിച്ചിരുന്നു. യുഎസ് ഡിജിറ്റല്‍ കമ്പനികളോട് ഈ രാഷ്ട്രങ്ങളിലെ ഡിഎസ്ടി വിവേചനം കാണിക്കുന്നുവെന്നും അവ അന്താരാഷ്ട്ര നികുതി തത്വങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്നും യുഎസ് ആരോപിക്കുന്നു.   

അന്വേഷണം പൂര്‍ത്തിയാക്കുന്നതിനുള്ള നിയമപരമായ ഒരു വര്‍ഷത്തെ സമയപരിധിക്കു മുമ്പ് തന്നെ ഈ രാഷ്ട്രങ്ങള്‍ക്കെതിരായി സ്വീകരിക്കേണ്ട വ്യാപാര നടപടികള്‍ സംബന്ധിച്ച് അഭിപ്രായ സമാഹരണം നടത്തുകയാണെന്നും യുഎസ്ടിആര്‍ ഇന്നലെ അറിയിച്ചു. ട്രംപ് ഭരണകൂടമാണ് കഴിഞ്ഞ വര്‍ഷം ജൂണില്‍ ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്കെതിരായ അന്വേഷണത്തിന് തുടക്കം കുറിച്ചത്.

2020 മാര്‍ച്ച് 27നാണ് ഇന്ത്യ ഡിജിറ്റല്‍ സേവനനികുതി അഥവാ ഡിഎസ്ടി പ്രാബല്യത്തിലാക്കിയത്. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം സേവനങ്ങള്‍, ഡിജിറ്റല്‍ ഉള്ളടക്ക വില്‍പ്പന, കമ്പനിയുടെ സ്വന്തം ഉല്‍പ്പന്നങ്ങളുടെ ഡിജിറ്റല്‍ വില്‍പ്പന, ഡാറ്റയുമായി ബന്ധപ്പെട്ട സേവനങ്ങള്‍, സോഫ്‌റ്റ്വെയര്‍-ആസ്-എ- സര്‍വീസ് ന്നിവയുള്‍പ്പെടെ ഇന്ത്യയില്‍ വാഗ്ദാനം ചെയ്യുന്ന വിശാലമായ ഡിജിറ്റല്‍ സേവനങ്ങളില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന് രണ്ട് ശതമാനം നികുതി ഡിഎസ്ടി അനുസരിച്ച് നല്‍കണം.   

പ്രധാന ഉഭയകക്ഷി വ്യാപാര പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും വ്യാപാര ബന്ധം വിപുലീകരിക്കുന്നതിനുള്ള വഴികള്‍ സമഗ്രമായി പരിശോധിക്കുന്നതിനായി ക്രിയാത്മകമായി പ്രവര്‍ത്തിക്കാന്‍ ഇരു രാജ്യങ്ങളും ചര്‍ച്ചയില്‍ ധാരണ പ്രകടമാക്കി ഒരു ദിവസം പിന്നിടും മുമ്പാണ് ഈ യുഎസ് പ്രഖ്യാപനം എന്നത് ശ്രദ്ധേയമാണ്. അമേരിക്കന്‍ വാണിജ്യ പ്രതിനിധിയായി ചുമതലയേറ്റ ടായ് കഴിഞ്ഞ ദിവസമാണ് ഇന്ത്യയുടെ വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയലുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തിയത്.

Related Articles

© 2025 Financial Views. All Rights Reserved