
വാഷിങ്ടൺ: ലോകത്ത് ഏറ്റവുമധികം കോവിഡ് രോഗികളും മരണവും ഉള്ള അമേരിക്കയിൽ തൊഴിലില്ലായ്മ അതിരൂക്ഷമാകുന്നതായാണ് റിപ്പോർട്ടുകൾ. രാജ്യത്തെ ആറിലൊരാൾ കൊറോണ കാരണം തൊഴിൽരഹിതനായെന്നാണ് വെള്ളിയാഴ്ച പുറത്തുവിട്ട കണക്ക്. 1930-കളിലെ മഹാമാന്ദ്യത്തിനുശേഷം ഇതാദ്യമായാണ് രാജ്യത്തെ തൊഴിൽമേഖല ഇത്രവലിയ പ്രതിസന്ധി നേരിടുന്നത്.
കഴിഞ്ഞ ഒരാഴ്ചമാത്രം 44 ലക്ഷംപേരാണ് തൊഴിലില്ലായ്മ ആനുകൂല്യങ്ങൾക്കായി അപേക്ഷ നൽകിയത്. അഞ്ചാഴ്ചയ്ക്കിടെ ഈ ആനുകൂല്യത്തിനായി അപേക്ഷിച്ചത് 2.6 കോടി പേരും. രാജ്യത്തെ 10 വൻനഗരങ്ങളിലെ മൊത്തം ജനസംഖ്യയ്ക്കു തുല്യമാണിത്. സമ്പദ് വ്യവസ്ഥയെ കരകയറ്റാൻ 50,000 കോടി യു.എസ്. ഡോളറിന്റെ പാക്കേജാണ് കഴിഞ്ഞ ദിവസം പാസാക്കിയത്. അടച്ചിടലിനുനേരെ രാജ്യത്തിന്റെ പലഭാഗങ്ങളിലും പ്രതിഷേധക്കാർ തെരുവിലിറങ്ങി. ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ് മറികടന്ന് പല സംസ്ഥാനങ്ങളും നിയന്ത്രണത്തിന് ഇളവുകൊടുക്കാൻ തുടങ്ങിയത് രോഗവ്യാപനം കൂട്ടുമെന്നും ആശങ്കയുണ്ട്.
ആരോഗ്യ മേഖലക്ക് പുറമേ സാമ്പത്തിക പ്രതിസന്ധിയും രാഷ്ട്രീയ പ്രതിസന്ധിയും അമേരിക്കയിൽ ദിവസേന രൂക്ഷമാവുകയാണ്. കൊറോണ ലോക്ഡൗൺ കാരണം ജോലിനഷ്ടപ്പെട്ടവരുടെ സംഖ്യ ദിനംപ്രതി പെരുകുന്നു. മുൻനിര ജീവനക്കാർ ജോലി ചെയ്യുന്ന ആരോഗ്യമേഖല, പൊലീസ്, ഫയർ, പോസ്‌റ്റോഫീസ് തുടങ്ങിയ അവശ്യസർവീസുകൾ ഒഴികെ മിക്കതും അടച്ചുപൂട്ടി. വിനോദകേന്ദ്രങ്ങളും ഹോട്ടൽ ശൃംഖലകളും താഴിട്ടിരിക്കുന്നു. പുറമേ, വിവരസാങ്കേതിക തൊഴിലാളികളെല്ലാം തന്നെ വീട്ടിലിരുന്നു ജോലി ചെയ്യുന്നു.
സാമ്പത്തിക പ്രതിസന്ധി വർധിച്ചതോടെ സംസ്ഥാനങ്ങളും ഫെഡറൽ സർക്കാരും ഏതാണ്ട് ഒരു ഏറ്റുമുട്ടലിന്റെ വക്കിലാണ്. ഡെമോക്രാറ്റുകൾ ഭരിക്കുന്നിടത്തെല്ലാം തന്നെ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരേയുള്ള വികാരം ശക്തമാകുന്നതായാണ് സൂചന. അതേസമയം നിയന്ത്രണങ്ങൾ പിൻവലിക്കണമെന്ന കാര്യത്തിൽ രണ്ട് അഭിപ്രായം പറഞ്ഞ ട്രംപിനെതിരേ റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്നും വിമതസ്വരം മുഴങ്ങുന്നതായി സൂചനയുണ്ട്. ജോർജിയ സംസ്ഥാനം ട്രംപിന്റെ വാക്കു കേട്ട് ഭാഗികമായി നിയന്ത്രണങ്ങൾ പിൻവലിച്ചിട്ടുണ്ട്. എന്നാൽ ഇതിനെതിരേ ആരോഗ്യവകുപ്പ് വിദഗ്ദ്ധർ ഒന്നടങ്കം രംഗത്തുവന്നു കഴിഞ്ഞു.
2.7 ട്രില്യൺ ഡോളർ സാമ്പത്തിക പാക്കേജിനു പുറമേ വിപണിയെ ഉണർത്താൻ വേണ്ടി ചെലവിടുന്ന 484 ബില്യൺ ഡോളറിന്റെ ദുരിതാശ്വാസ പാക്കേജും ഭരണകൂടത്തിന്റെ മുന്നിലുണ്ട്. ഇത് ചെറുകിട വ്യവസായങ്ങൾക്ക് ആവശ്യമായ ലൈഫ് ലൈനും ആശുപത്രികൾക്കുള്ള ധനസഹായവും നൽകുന്നു. ഈ പുതിയ സാമ്പത്തികസഹായ നടപടിയിൽ സംസ്ഥാന സർക്കാരുകൾക്ക് പണമില്ലെന്നത് എതിർപ്പ് ഉയർത്തിയിട്ടുണ്ട്. ഗവർണർമാർ ഫെഡറൽ സഹായത്തിനുള്ള ആഹ്വാനം ശക്തമാക്കിയിട്ടുണ്ട്.
സംസ്ഥാനങ്ങൾക്ക് പണം നൽകുന്നതിനെ റിപ്പബ്ലിക്കന്മാർ എതിർക്കുന്നു. സെനറ്റ് ഭൂരിപക്ഷ നേതാവായ കെന്റക്കിയിലെ മിച്ച് മക്കോണെൽ സംസ്ഥാനങ്ങൾ പാപ്പരാണെന്നു സ്വയം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുന്നു. ഇതിനെതിരേയും വ്യാപക പ്രതിഷേധമുണ്ട്. 26 ദശലക്ഷത്തിലധികം ആളുകൾക്ക് വെറും അഞ്ച് ആഴ്ചയ്ക്കുള്ളിൽ തൊഴിൽ നഷ്ടപ്പെട്ടതും പ്രാദേശിക സർക്കാരുകളെ അമ്പരപ്പെടുത്തി കഴിഞ്ഞു. ഇവർക്കുള്ള ആശ്വാസവേതനം നൽകാൻ മിക്കസംസ്ഥാനങ്ങൾക്കും കരുതൽ ധനമില്ലെന്നതാണ് പ്രശ്‌നം. ഫെഡറൽ സർക്കാർ ഒരു ഗുണഭോക്താവിന് 600 ഡോളർ അധികമായി നൽകുന്നുണ്ട്, എന്നാൽ സംസ്ഥാനങ്ങൾ തൊഴിലില്ലായ്മ ആനുകൂല്യങ്ങളിൽ ഭൂരിഭാഗവും ട്രസ്റ്റ് ഫണ്ടുകൾ ഉപയോഗിച്ച് നൽകണമെന്നാണ് ഫെഡറൽ സർക്കാർ പറയുന്നത്.