
തിരുവനന്തപുരം: പ്രമുഖ ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ സൊല്യൂഷന്‍സ് കമ്പനിയായ യുഎസ്ടി ഹൈടെക്, സെമി കണ്ടക്ടര്‍, നെറ്റ്വര്‍ക്കിംഗ് എന്നീ മേഖലകളില്‍ എന്‍ജിനിയറിംഗ്, ഐടി സേവനങ്ങള്‍ നല്‍കുന്ന കണ്‍സള്‍ട്ടിംഗ് ഔട്ട്സോഴ്സിംഗ് കമ്പനിയായ അക്രീറ്റ് ഹൈടെക് സൊല്യൂഷന്‍സിനെ ഏറ്റെടുത്തു. പ്രോഡക്ട് എന്‍ജിനിയറിംഗ് രംഗത്തെ മുന്‍നിര സ്ഥാപനമായ യുഎസ്ടിയുടെ ഈ ഏറ്റെടുക്കല്‍ കമ്പനിയുടെ കൂടുതല്‍ കരുത്ത് പകരുമെന്ന് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
ഇത്തരത്തിലുള്ള ഏറ്റെടുക്കലുകളിലൂടെയും തന്ത്രപ്രധാനമായ നിക്ഷേപങ്ങളിലൂടെയും ഡിജിറ്റല്‍ വ്യവസായ മേഖലയില്‍ കമ്പനി വളര്‍ച്ചയുടെ പാതയിലാണ്. പുതുമയുള്ള സംവിധാനങ്ങളിലൂടെയും ഉപഭോക്താക്കളെ കേന്ദ്രീകരിച്ചുളള തത്വസംഹിതകളിലൂടെയും യുഎസ്ടി മികച്ച വളര്‍ച്ചാ നിരക്കാണ് നേടിയിരിക്കുന്നത്.
യുഎസ്ടിയുടെ അതിസൂക്ഷ്മമായ ഡിജിറ്റല്‍ പ്രോഡക്ട് എന്‍ജിനിയറിംഗ് മേഖലയിലെ കഴിവുകള്‍ വികസിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും ഈ ഏറ്റെടുക്കല്‍ ഏറെ സഹായിക്കുമെന്നും കമ്പനിയുടെ ചീഫ് ഇന്‍വെസ്റ്റ്മെന്റ് ഓഫീസറും ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസറുമായ സുനില്‍ കാഞ്ചി വ്യക്തമാക്കി. ലോകോത്തര നിലവാരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താനായി ഇരു കമ്പനികളും സംയുക്തമായി പ്രവര്‍ത്തിക്കാന്‍ ഉതകുന്ന തരത്തിലുള്ള നടപടികള്‍ക്ക് സഹായകമായ രീതിയില്‍ മുന്നോട്ട് പോകാന്‍ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അമേരിക്കയിലെ സാന്താക്ലാര ആസ്ഥാനമാക്കി സിലിക്കണ്‍ വാലിയുടെ ഹൃദയഭാഗത്താണ് അക്രീറ്റ് ഹൈ ടെക് സൊല്യൂഷന്‍സ് സ്ഥാപിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ന്യൂഡല്‍ഹി, ഗുഡ്ഗാവ്, ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിലും സിങ്കപ്പൂരിലും കമ്പനിക്ക് ഓഫീസുകളുണ്ട്. യുഎസ്ടി അക്രീറ്റ് ഏറ്റെടുത്തതോടെ രണ്ട് കമ്പനികളുടെയും ശക്തിയും വിഭവങ്ങളും സംയോജിപ്പിച്ച് വിപുലമായ തോതില്‍ ഐടി മേഖലയിലും പ്രോഡക്ട് എന്‍ജിനിയറിംഗ് രംഗത്തും മികച്ച സേവനം കാഴ്ച വെയ്ക്കാന്‍ കഴിയും.