ജീവനക്കാരുടെ എണ്ണം ഇരട്ടിയായി വര്‍ധിപ്പിക്കാനൊരുങ്ങി യുഎസ്ടി

November 25, 2021 |
|
News

                  ജീവനക്കാരുടെ എണ്ണം ഇരട്ടിയായി വര്‍ധിപ്പിക്കാനൊരുങ്ങി യുഎസ്ടി

തിരുവനന്തപുരം: ആഗോള തലത്തില്‍ നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കിയ ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ സൊല്യൂഷന്‍സ് സ്ഥാപനമായ യുഎസ്ടി ബംഗളൂരുവിലെ ജീവനക്കാരുടെ എണ്ണം ആറായിരം കടന്നു. കോവിഡ് മഹാമാരി ലോകത്തെ ബാധിച്ച ഫെബ്രുവരി മുതല്‍ രണ്ടായിരത്തോളം ജീവനക്കാരെ പുതിയതായി യുഎസ്ടി നിയമിച്ചിട്ടുണ്ട്. കമ്പനിയുടെ വളര്‍ച്ചാ നിരക്കിന് അനുസൃതമായി 2023 ഓടെ ജീവനക്കാരുടെ എണ്ണം പന്ത്രണ്ടായിരമാക്കാനാണ് യുഎസ്ടി ബംഗളൂരു കേന്ദ്രം ലക്ഷ്യമിടുന്നത്.

മികച്ച പ്രതിഭകളെ ആകര്‍ഷിക്കുന്നതിനായി ഇന്ത്യയിലെ പ്രാദേശിക സാന്നിധ്യം വിപുലമാക്കാനാണ് യുഎസ്ടി ഉന്നം വെയ്ക്കുന്നത്. അടുത്ത 18 മുതല്‍ 24 മാസങ്ങള്‍ക്കുള്ളില്‍ ആരോഗ്യ പരിരക്ഷ, സാങ്കേതിക വിദ്യ, ലോജിസ്റ്റിക്സ്, സെമികണ്ടക്ടറുകള്‍, ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ മേഖലകളിലേക്കായി എന്‍ട്രി ലവല്‍ എന്‍ജിനിയറിംഗ് ബിരുദധാരികളെയും പരിചയ സമ്പത്തുള്ള എന്‍ജിനിയര്‍മാരേയും നിയമിക്കാനാണ് യുഎസ്ടിയുടെ തീരുമാനം.

അമേരിക്കയിലെ കാലിഫോര്‍ണിയ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന യുഎസ്ടി 25 രാജ്യങ്ങളിലായി 35 ഓഫീസുകളുമായി വേഗത്തില്‍ വളരുന്നൊരു കമ്പനിയാണ്. ലോകമെമ്പാടുമുള്ള ഗ്ലോബല്‍ 2000, ഫോര്‍ച്യൂണ്‍ 500 സ്ഥാപനങ്ങള്‍ക്ക് ഡിജിറ്റല്‍ സേവനങ്ങളും ഉല്‍പ്പന്നങ്ങളും പ്ലാറ്റ്ഫോമുകളും യു.എസ് ടി പ്രദാനം ചെയ്യുന്നു. രാജ്യത്തെ സോഫ്റ്റ് വെയര്‍, എന്‍ജിനിയറിംഗ് മേഖലകളിലെ പ്രതിഭകളുടെ കഴിവുകളെ പരമാവധി പ്രയോജനപ്പെടുത്തണമെന്ന ലക്ഷ്യത്തോടെയാണ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, തിരുവനന്തപുരം, കൊച്ചി, പൂനെ, കോയമ്പത്തൂര്‍, ഹൊസൂര്‍, ഡല്‍ഹി എന്നിവിടങ്ങളില്‍ സാന്നിധ്യമുണ്ട്.

ലോകമെമ്പാടുമുള്ള സംരംഭകര്‍ക്ക് കര്‍ണാടക മികച്ച നിക്ഷേപ കേന്ദ്രമായതിനാല്‍. യുഎസ്ടി വരും വര്‍ഷങ്ങളില്‍ ഇവിടെ കൂടുതല്‍ നിയമനം നടത്തിയേക്കും. യുഎസ്ടിയുടെ വളര്‍ച്ചക്കും വിപുലീകരണ പദ്ധതികള്‍ക്കും കര്‍ണാടക സര്‍ക്കാരിന്റെ പിന്തുണയും ലഭിച്ചേക്കും. യുഎസ്ടിയുടെ ആഗോളതലത്തിലെ തന്നെ ഏറ്റവും വലിയ കേന്ദ്രങ്ങളില്‍ ഒന്നായ ബംഗളൂരുവില്‍ പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കാന്‍ ആണ് കമ്പനി ശ്രമിക്കുന്നത്.. യു എസ് ടി യില്‍ മികച്ച പ്രതിഭകളെ കൂടുതലായി നിയമിക്കുന്നത് ഡിജിറ്റല്‍ രംഗത്ത് വന്‍ വിപ്ലവം തന്നെ സൃഷ്ടിക്കാനുള്ള അവസരം നല്‍കുന്നതിനൊപ്പം തന്നെ ലോകമെമ്പാടുമുള്ള ഗുണഭോക്താക്കള്‍ക്കുള്ള സേവന നിലവാരവും മെച്ചപ്പെടുത്താനും കഴിയുമെന്നാണ് വിലയിരുത്തല്‍.

യുഎസ്ടിയുടെ ബംഗളൂരു കേന്ദ്രം ആഗോളതലത്തില്‍ തന്നെ കമ്പനിയുടെ രണ്ടാമത്തെ വലിയ സ്ഥാപനമാണ്. ഹൈദരാബാദിലെ യുഎസ്ടി കേന്ദ്രത്തിലെ ജീവനക്കാരുടെ എണ്ണവും ആയിരം കടന്നു. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ജീവനക്കാരുടെ എണ്ണം രണ്ടായിരമാക്കി ഉയര്‍ത്താനുള്ള പദ്ധതിയും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

Read more topics: # യുഎസ്ടി, # UST,

Related Articles

© 2021 Financial Views. All Rights Reserved