കോവിഡ് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് വമ്പന്‍ ഓഫറുമായി ഇന്‍ഡിഗോ; ടിക്കറ്റ് നിരക്കില്‍ 10 ശതമാനം ഇളവ്

June 23, 2021 |
|
News

                  കോവിഡ് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് വമ്പന്‍ ഓഫറുമായി ഇന്‍ഡിഗോ;  ടിക്കറ്റ് നിരക്കില്‍ 10 ശതമാനം ഇളവ്

കോവിഡിനെതിരായ വാക്സിന്‍ സ്വീകരിച്ച യാത്രക്കാര്‍ക്ക് ടിക്കറ്റ് നിരക്കില്‍ ഡിസ്‌കൗണ്ടുമായി ഇന്‍ഡിഗോ. കോവിഡ് വാക്സിന്‍ രണ്ട് ഡോസും സ്വീകരിച്ച യാത്രക്കാര്‍ക്ക് ടിക്കറ്റ് നിരക്കില്‍ 10 ശതമാനം ഡിസ്‌കൗണ്ട് നല്‍കുമെന്ന് ഇന്‍ഡിഗോ പ്രസ്താവനയില്‍ വ്യക്തമാക്കി. ഡിസ്‌കൗണ്ട് പരിമിത കാലത്തേക്ക് മാത്രമായിരിക്കും. ഈ ഇളവ് ലഭിക്കുന്നതിന് എയര്‍പോര്‍ട്ട് കൗണ്ടറിലും ബോര്‍ഡിംഗ് ഗേറ്റിലും വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് കാണിക്കേണ്ടതുണ്ട്. യാത്രക്കാര്‍ക്ക് അവരുടെ ഫോണുകളിലെ ആരോഗ്യ സേതു ആപ്ലിക്കേഷനിലൂടെ വാക്സിനേഷന്‍ വിവരങ്ങള്‍ കാണിക്കുന്നതിന് തിരഞ്ഞെടുക്കാവുന്നതാണെന്ന് കമ്പനി വ്യക്തമാക്കി. 

''രാജ്യത്തെ ഏറ്റവും വലിയ എയര്‍ലൈന്‍ എന്ന നിലയില്‍, കോവിഡിനെതിരായ പോരാട്ടത്തില്‍ വാക്സിനേഷനെ പ്രോത്സാഹിപ്പിക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണെന്ന് കരുതുന്നു,'' ചീഫ് സ്ട്രാറ്റജി, റവന്യൂ ഓഫീസര്‍ സഞ്ജയ് കുമാര്‍ പറഞ്ഞു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 54.24 ലക്ഷം വാക്സിന്‍ ഡോസുകള്‍ നല്‍കിയിട്ടുണ്ട്. 1.9 കോടിയിലധികം ഡോസുകള്‍ ഇപ്പോഴും സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ലഭ്യമാണ്.

 

Related Articles

© 2024 Financial Views. All Rights Reserved