യുപിഐ ഇടപാടുകള്‍ കുത്തനെ വര്‍ധിച്ചു; ഇടപാട് മൂല്യം 100 ബില്യണ്‍ ഡോളര്‍ പിന്നിട്ടു

November 02, 2021 |
|
News

                  യുപിഐ ഇടപാടുകള്‍ കുത്തനെ വര്‍ധിച്ചു; ഇടപാട് മൂല്യം 100 ബില്യണ്‍ ഡോളര്‍ പിന്നിട്ടു

രാജ്യത്തെ യുപിഐ ഇടപാടുകള്‍ കുത്തനെ വര്‍ധിച്ചു. ഒക്ടോബര്‍ മാസത്തില്‍ മൊത്തം 103 ബില്യണ്‍ ഡോളറിന്റെ (7.71 ലക്ഷം കോടി) യുപിഐ ഇടപാടുകളാണ് രാജ്യത്ത് നടന്നത്. ഇത് ആദ്യമായാണ് യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് (യുപിഐ) ഉപയോഗിച്ച് നടത്തിയ ഇടപാടുകളുടെ മൂല്യം 100 ബില്യണ്‍ ഡോളര്‍ കടക്കുന്നത്. നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) യാണ് ഇതുസംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്. 4.2 ബില്യണ്‍ യുപിഐ ഇടപാടുകള്‍ ഒക്ടോബര്‍ മാസത്തില്‍ നടന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

സെപ്റ്റംബറില്‍ 3.6 ബില്യണ്‍ യുപിഐ ഇടപാടുകളിലൂടെ മൊത്തം 6.5 ലക്ഷം കോടി രൂപയാണ് കൈമാറിയത്. സെപ്റ്റംബര്‍ മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇടപാടുകളുടെ എണ്ണം 15 ശതമാനം വര്‍ധിക്കുകയും ഇടപാട് മൂല്യം 18.5 ശതമാനത്തോളം ഉയരുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ഈ കാലയളവിനേക്കാള്‍ യുപിഐ ഇടപാടുകളുടെ എണ്ണവും മൂല്യവും ഇരട്ടിയിലധികമാണ് വര്‍ധിച്ചത്. അതേസമയം, ഉത്സവ സീസണിനോടനുബന്ധിച്ച് ഓണ്‍ലൈന്‍ ഷോപ്പിംഗ് വര്‍ധിച്ചതാണ് ഒക്ടോബര്‍ മാസത്തിലെ യുപിഐ ഇടപാടുകള്‍ വര്‍ധിക്കാന്‍ കാരണം. രണ്ടാം തരംഗത്തിന് ശേഷമുള്ള സമ്പദ്വ്യവസ്ഥയുടെ തിരിച്ചുവരവും ഈ നേട്ടത്തിന് കാരണമായി.

2016 ല്‍ യുപിഐ സമാരംഭിച്ചതിനുശേഷം നിരവധി സുപ്രധാന നാഴികക്കല്ലുകള്‍ പിന്നിട്ടു. 2019 ഒക്ടോബറില്‍ ഇത് ആദ്യമായി ഒരു ബില്യണ്‍ ഇടപാടുകള്‍ കടന്നു. 2021-ന്റെ തുടക്കം മുതല്‍, പ്രതിമാസ ഇടപാട് മൂല്യം ജനുവരിയിലെ 4.31 ലക്ഷം കോടി രൂപയില്‍ നിന്ന് 79 ശതമാനത്തോളം വര്‍ധിച്ചു. ഇടപാടുകളുടെ എണ്ണം ജനുവരിയിലെ 230 കോടിയില്‍ നിന്ന് 83 ശതമാനത്തിലധികം വര്‍ധിച്ചു.

Related Articles

© 2024 Financial Views. All Rights Reserved