
ഡല്‍ഹി: ഇന്ത്യ കാത്തിരിക്കുന്ന രണ്ടാം വന്ദേ ഭാരത് എക്‌സ്പ്രസ് ആഗസ്റ്റില്‍ ഓടിത്തുടങ്ങുമെന്ന സൂചനയാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്നും പുറത്ത് വരുന്നത്. നിലവില്‍ ട്രെയിനിന്റെ പരീക്ഷണ ഓട്ടം നടക്കുകയാണ്. ഡല്‍ഹി മുതല്‍ കത്ര വരെയുള്ള 600 കിലോമീറ്റര്‍ ദൂരം വെറും എട്ട് മണിക്കൂര്‍ കൊണ്ട് സഞ്ചരിക്കാമെന്നതാണ് ട്രെയിനിന്റെ പ്രത്യേകത. ആദ്യഘട്ടത്തില്‍ മൂന്ന് ദിവസമാകും വന്ദേഭാരത് സര്‍വീസ് നടത്തുക.
കത്രയിലെ വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്ക് നിരവധി യാത്രക്കാര്‍ എത്തുന്ന സാഹചര്യത്തിലാണ് വന്ദേ ഭാരത് എക്സ്പ്രസിന് ഡല്‍ഹി-കത്ര റൂട്ട് തെരഞ്ഞെടുത്തിരിക്കുന്നത്. അതിവേഗ ട്രെയിനായ വന്ദേ ഭാരത് സര്‍വീസ് ആരംഭിക്കുന്നതോടെ തിരക്കേറിയ ഡല്‍ഹി-കത്ര റൂട്ടില്‍ യാത്രാ സമയം 12 മണിക്കൂറില്‍ നിന്നും 8 മണിക്കൂറായി ചുരുങ്ങും. തുടക്കത്തില്‍ ആഴ്ചയില്‍ 3 ദിവസമായിരിക്കും സര്‍വീസ് ഉണ്ടാകുകയെങ്കിലും പിന്നീട് 5 ദിവസമാക്കി ഉയര്‍ത്തുമെന്നാണ് വിവരം. തിങ്കള്‍, വ്യാഴം, ശനി ദിവസങ്ങളിലാകും സര്‍വീസ് നടത്തുക.
6 മണിക്ക് ഡല്‍ഹിയില്‍ നിന്നും പുറപ്പെടുന്ന ട്രെയിന്‍ ഉച്ചക്ക് 2 മണിക്ക് കത്രയിലും കത്രയില്‍ നിന്നും ഉച്ചതിരിഞ്ഞ് 3 മണിക്ക് പുറപ്പെടുന്ന വന്ദേ ഭാരത് രാത്രി 11 മണിക്ക് ഡല്‍ഹിയിലുമെത്തിച്ചേരും. മണിക്കൂറില്‍ പരമാവധി 130 കിലോ മീറ്ററാണ് വന്ദേ ഭാരത് എക്സ്പ്രസിന്റെ വേഗത. റെയില്‍വേ അധികൃതരില്‍ നിന്നും ട്രെയിനിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് എല്ലാ നടപടികളും പൂര്‍ത്തിയായിരിക്കുകയാണ്.
ഇതിന്റെ വിശദാംശങ്ങള്‍ അടങ്ങിയ ഫയല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് അയച്ചു കഴിഞ്ഞെന്നും അനുമതി ലഭിച്ച് കഴിഞ്ഞാല്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി.