
വന്ദേ ഭാരത് മിഷന്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് ബബിള്‍ ഫ്‌ലൈറ്റുകളില്‍ യാത്ര ചെയ്യുന്നതിനുള്ള സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങള്‍ സര്‍ക്കാര്‍ തിങ്കളാഴ്ച പ്രഖ്യാപിച്ചു. സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് യാത്രാച്ചെലവ് യാത്രക്കാര്‍ വഹിക്കണം. ബോര്‍ഡിംഗ് സമയത്ത് എല്ലാ യാത്രക്കാരെയും തെര്‍മല്‍ സ്‌ക്രീനിംഗിന് വിധേയമാക്കും. രോഗ ലക്ഷണമില്ലാത്ത യാത്രക്കാരെ മാത്രമേ കയറാന്‍ അനുവദിക്കൂവെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
യാത്ര ചെയ്യാന്‍ യോഗ്യരായ വ്യക്തികളെ സമയാസമയങ്ങളില്‍ ആഭ്യന്തര മന്ത്രാലയം അനുവദിക്കും. യോഗ്യതയുള്ളവര്‍ ആവശ്യമായ വിശദാംശങ്ങള്‍ക്കൊപ്പം സിവില്‍ ഏവിയേഷന്‍ ഏജന്‍സിയിലേക്കോ അവരുടെ നിയുക്ത ഏജന്‍സിയിലേക്കോ അപേക്ഷിക്കണം. സിവില്‍ ഏവിയേഷന്‍ മന്ത്രാലയം അനുവദിച്ച പ്രകാരം ഷെഡ്യൂള്‍ ചെയ്യാത്ത വാണിജ്യ വിമാനങ്ങളിലായിരിക്കും യാത്ര. യാത്രയില്‍ മാസ്‌ക് ധരിക്കുക, കൈകളുടെ ശുചിത്വം മുതലായവ മുന്‍കരുതലുകള്‍ ജീവനക്കാരും എല്ലാ യാത്രക്കാരും പ്രത്യേകം ശ്രദ്ധിക്കണം.
വന്ദേ ഭാരത് വിമാനങ്ങളിലെ യാത്രക്കാര്‍ വിദേശത്ത് ഇന്ത്യന്‍ മിഷനുകളില്‍ രജിസ്റ്റര്‍ ചെയ്യണം. എയര്‍ ട്രാന്‍സ്‌പോര്‍ട്ട് ബബിള്‍സ് ക്രമീകരണത്തിന് അത്തരം രജിസ്‌ട്രേഷന്‍ ആവശ്യമില്ല. എല്ലാ വന്ദേ ഭാരത് യാത്രക്കാരുടെയും ഒരു ഡാറ്റാബേസ് തയ്യാറാക്കാനും അത് ബന്ധപ്പെട്ട സംസ്ഥാനങ്ങളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും മുന്‍കൂട്ടി പങ്കിടാനും വിദേശകാര്യ മന്ത്രാലയം നിര്‍ദ്ദേശിച്ചു.
ഇന്‍കമിംഗ് ഫ്‌ലൈറ്റുകളുടെയും കപ്പലുകളുടെയും ഷെഡ്യൂള്‍ കുറഞ്ഞത് രണ്ട് ദിവസമെങ്കിലും മുന്‍കൂട്ടി ഓണ്‍ലൈനില്‍ പ്രദര്‍ശിപ്പിക്കുന്നതിന് വിദേശകാര്യ മന്ത്രാലയവും സിവില്‍ ഏവിയേഷന്‍ മന്ത്രാലയവും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എല്ലാ യാത്രക്കാരും തങ്ങളുടെ സ്വന്തം ഉത്തരവാദിത്തത്തിലാണ് യാത്ര ചെയ്യുന്നതെന്ന് ഉറപ്പു വരുത്തണമെന്നും മാര്‍ഗ നിര്‍ദ്ദേശത്തില്‍ പറഞ്ഞു. വിദേശത്ത് കുടുങ്ങിക്കിടക്കുന്ന 11,23,000 ഇന്ത്യക്കാരെ ആഗസ്ത് 19 വരെ വന്ദേ ഭാരത് മിഷന്റെ (വിബിഎം) കീഴില്‍ സ്വന്തം നാട്ടിലേയ്ക്ക് തിരിച്ചയച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.