
മുംബൈ: ഓഹരി വിപണിയില്‍ നിന്ന് പിന്‍മാറാനുള്ള വേദാന്ത ലിമിറ്റഡിന്റെ നീക്കം പാളി. ഓഹരിയൊന്നിന് 320 രൂപ വീതം വേണമെന്ന് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ആവശ്യപ്പെട്ടതാണ് കമ്പനിക്ക് വലിയ തിരിച്ചടിയായത്. നിയമപ്രകാരം വിപണിയില്‍നിന്ന് പിന്‍മാറുന്നതിന് പൊതുവിഭാഗത്തിലെ 90 ശതമാനം ഓഹരിയുടമകളുടെ അനുമതി വേണ്ടതുണ്ട്. വേദാന്തയ്ക്ക് ഇത്തരത്തില്‍ 134.1 കോടി ഓഹരികള്‍ വാങ്ങുന്നതിനുള്ള അനുമതിപത്രമായിരുന്നു വേണ്ടിയിരുന്നത്. അവസാനനിമിഷംവരെ കമ്പനിക്ക് 125.47 കോടി ഓഹരികളുടെ കാര്യമാണ് സ്ഥിരീകരിക്കാന്‍ കഴിഞ്ഞത്. ഇതും തിരിച്ചടിയായി.
പൊതുവിഭാഗത്തിലുള്ള 169.73 കോടി ഓഹരികളില്‍ 137.74 കോടി എണ്ണം വില്‍ക്കാന്‍ സന്നദ്ധത അറിയിച്ച് നിക്ഷേപകര്‍ എത്തിയിരുന്നെങ്കിലും 12 കോടി ഓഹരികളുടെ കാര്യത്തില്‍ സ്ഥിരീകരണമുണ്ടായില്ല. ഇക്കാര്യത്തില്‍ വ്യക്തത വരുത്തുന്നതിന് സെബിയോട് ഒരുദിവസത്തെ സമയംകൂടി ആവശ്യപ്പെട്ടെങ്കിലും ലഭിക്കാതെവന്നതോടെ പദ്ധതി പരാജയപ്പെടുകയായിരുന്നു. എല്‍.ഐ.സി.ക്ക് കമ്പനിയില്‍ 6.37 ശതമാനം ഓഹരികളുണ്ട്. അന്തിമവില സംബന്ധിച്ച് എല്‍.ഐ.സി.യുമായി ധാരണയിലെത്താനുള്ള ശ്രമവും വിഫലമായി. ഈ വില അംഗീകരിച്ചാല്‍ മുഴുവന്‍ ഓഹരികളും 320 രൂപ നിരക്കില്‍ കമ്പനി വാങ്ങേണ്ട സ്ഥിതിയുണ്ടായിരുന്നു.
ഡീലിസ്റ്റിങ് പരാജയപ്പെട്ടതോടെ തിങ്കളാഴ്ച കമ്പനിയുടെ ഓഹരിവില 20 ശതമാനത്തിനുമുകളില്‍ ഇടിഞ്ഞു. രാവിലെ 109.90 രൂപയില്‍ വ്യാപാരം തുടങ്ങിയ ഓഹരി 25.15 രൂപയുടെ (20.60 ശതമാനം) നഷ്ടവുമായി 96.95 രൂപയിലാണ് ക്ലോസ് ചെയ്തത്. ഓഹരികള്‍ തിരിച്ചുവാങ്ങി ഡീലിസ്റ്റ് ചെയ്യുമെന്ന പ്രഖ്യാപനത്തെത്തുടര്‍ന്ന് വേദാന്ത ഓഹരിവില ഈ മാസം 141.45 രൂപവരെ എത്തിയിരുന്നു. അതേസമയം, സ്ഥിരികരിക്കാത്ത രീതിയില്‍ ബിഡ് നല്‍കിയ 12 കോടി ഓഹരികളെക്കുറിച്ച് സെബി ബി.എസ്.ഇ.യോട് വിവരം തേടുമെന്ന് സൂചനയുണ്ട്. ഈ ബിഡ് യഥാര്‍ഥത്തില്‍ ഉള്ളതാണോ അതോ മറ്റെന്തിങ്കിലും തിരിമറി നടന്നിട്ടുണ്ടോ എന്നതില്‍ വ്യക്തത വരുത്താനാണിത്.