
ബെംഗളുരു: എഡ്യുടെക് കമ്പനിയായ വേദാന്തു 424 ജീവനക്കാരെ പിരിച്ചുവിടുന്നു. കമ്പനി പുറത്തുവിട്ട ബ്ലോഗ് പോസ്റ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മൊത്തം ജീവനക്കാരുടെ 7 ശതമാനത്തെയാണ് വേദാന്തു പിരിച്ചുവിടുന്നത്. കൊവിഡ് പ്രതിസന്ധിക്ക് ശേഷം ചിലവ് ചുരുക്കുന്നതിനും, ലാഭം ഉണ്ടാക്കുന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനും വേണ്ടിയാണ് ബെംഗളുരു ആസ്ഥാനമായ കമ്പനിയുടെ ഈ നടപടി എന്ന് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.
നേരത്തെ കോണ്‍ട്രാക്റ്റ് ജീവനക്കാരായ 200 ഓളം പേരെ പിരിച്ചുവിട്ടതിന് പിന്നാലെയാണ് പുതിയ നീക്കം. കൂടുതല്‍ സ്‌കൂളുകളും കോളേജുകളും സാധാരണ നിലയില്‍ ആയതോടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ കുറഞ്ഞതാണ് ഇത്തരത്തില്‍ ഒരുനീക്കം നടത്താന്‍ കമ്പനിയെ പ്രേരിപ്പിച്ചത്. നിലവിലെ പരിതസ്ഥിതി പ്രയാസമാണെന്ന് കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് വംസീ കൃഷ്ണ പറയുന്നു. യൂറോപ്പിലെ യുദ്ധം, ആസന്നമായ മാന്ദ്യം, ഫെഡറല്‍ നിരക്ക് പലിശ വര്‍ദ്ധനവ്, പണപ്പെരുപ്പം എന്നിവ ആഗോളതലത്തിലും ഇന്ത്യയിലും ഓഹരികളില്‍ വന്‍തോതിലുള്ള പ്രശ്‌നങ്ങളുണ്ടാക്കി. ഇതെല്ലാം ഈ അവസ്ഥയ്ക്ക് കാരണമാണ് സിഇഒ പറയുന്നു.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍, തത്സമയ ഓണ്‍ലൈന്‍ ട്യൂഷനിലെ മുന്‍നിരക്കാരായ വേദാന്തു, അതിന്റെ സീരീസ് ഇ റൗണ്ടില്‍, എബിസി വേള്‍ഡ് ഏഷ്യ, കോട്ട്യു, ടൈഗര്‍ ഗ്ലോബല്‍ തുടങ്ങിയ നിക്ഷേപകരില്‍ നിന്ന് 100 മില്യണ്‍ ഡോളര്‍ സമാഹരിച്ചിരുന്നു. ഇതിലൂടെ ഇ കമ്പനിയുടെ മൂല്യം 1 ബില്യണ്‍ ഡോളറായി ഉയര്‍ന്നിരുന്നു. പ്രോഡക്ട് എഞ്ചിനീയറിംഗ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിനും, പുതിയ ആളുകളെ കണ്ടെത്തുന്നതിനും ഈ ഫണ്ടുകള്‍ പ്രാഥമികമായി ഉപയോഗിച്ചു. ബൈജൂസ്, അണ്‍കാഡമി, സിംപ്ലിലേര്‍ണ്‍, അപ്ഗ്രേഡ്, ആമസോണ്‍ അക്കാദമി തുടങ്ങിയ എഡ്ടെക് രംഗത്തെ എതിരാളികളെ വെല്ലാന്‍ ഈ ഫണ്ടിംഗ് സഹായിക്കുമെന്നാണ് വേദാന്തു കരുതിയിരുന്നത്.