
കൊച്ചി: കോവിഡ് ലോക്ഡൗണിനു പിന്നാലെ എയര്‍ കാര്‍ഗോ നിരക്കുകള്‍ ഗണ്യമായി ഉയര്‍ന്നതോടെ മലബാറില്‍ നിന്നു ഗള്‍ഫിലേക്കുള്ള പച്ചക്കറി കപ്പല്‍ കയറുന്നു. ശീതീകരിച്ച (റീഫര്‍) കണ്ടെയ്‌നറുകളില്‍ റോഡ് മാര്‍ഗം കൊച്ചിയിലെത്തിച്ചു വല്ലാര്‍പാടം രാജ്യാന്തര കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്‌മെന്റ് ടെര്‍മിനലില്‍ നിന്നാണ് ഇവ അയയ്ക്കുന്നത്.
കോഴിക്കോടു നിന്ന് ആദ്യ ഘട്ടമായി 12 നാല്‍പതടി കണ്ടെയ്‌നറുകളിലായി ഏകദേശം 216 ടണ്‍ പച്ചക്കറിയാണു ഗള്‍ഫിലേക്ക് കപ്പലില്‍ അയച്ചത്. മുന്‍പ്, എയര്‍ കാര്‍ഗോയില്‍ കിലോഗ്രാമിനു 40 50 രൂപ നിരക്കാണ് എയര്‍ലൈനുകള്‍ ഈടാക്കിയിരുന്നത്. എന്നാല്‍, ലോക്ഡൗണിനു ശേഷം ചാര്‍ട്ടേഡ് വിമാന സര്‍വീസുകള്‍ കിലോഗ്രാമിന് 110 രൂപയാണ് ഈടാക്കുന്നത്. വേ ബില്‍, ഗ്രൗണ്ട് ഹാന്‍ഡ്ലിങ് ചാര്‍ജുകള്‍ വേറെയും നല്‍കണം. തുടര്‍ന്നാണു റീഫര്‍ കണ്ടെയ്‌നറുകളില്‍ കപ്പലില്‍ അയയ്ക്കാന്‍ ശ്രമം ആരംഭിച്ചത്.
ലോജിസ്റ്റിക്‌സ് സേവന ദാതാക്കളായ മെഴ്‌സ്‌കും എവര്‍ ഗ്രീനും കണ്ടെയ്‌നറുകള്‍ ലഭ്യമാക്കിയതോടെ പച്ചക്കറി കൊച്ചിയിലെത്തി കപ്പല്‍ കയറി. അതേസമയം, പെട്ടെന്നു കേടാകുന്ന തക്കാളി പോലുള്ള പച്ചക്കറികള്‍ ഇപ്പോഴും വിമാന മാര്‍ഗമാണ് അയയ്ക്കുന്നത്.
റോഡ് മാര്‍ഗം കൊച്ചി കോഴിക്കോട് കണ്ടെയ്‌നര്‍ നീക്കത്തിനു ചെലവു കൂടുതലാണെന്നു കയറ്റിറക്കുമതി വ്യാപാരികള്‍ പറയുന്നു. ബേപ്പൂര്‍, കൊച്ചി തുറമുഖങ്ങള്‍ക്ക് ഇടയില്‍ തീരദേശ ചരക്കു കപ്പല്‍ സര്‍വീസ് ആരംഭിക്കുന്നതോടെ, മലബാറില്‍ നിന്നു കൊച്ചി തുറമുഖത്തേക്കുള്ള ചരക്കു നീക്കം കുറഞ്ഞ ചെലവില്‍ നടത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണിവര്‍. ഗ്രേറ്റ് സീ ഷിപ്പിങ്, എയര്‍ ഏഷ്യ തുടങ്ങിയ കമ്പനികള്‍ സര്‍വീസിനു താല്‍പര്യം പ്രകടിപ്പിച്ചു കഴിഞ്ഞു. കേരള മാരിടൈം ബോര്‍ഡ് തീരദേശ ചരക്കു ഗതാഗതം പ്രോത്സാഹിപ്പിക്കാനായി പ്രത്യേക സാമ്പത്തിക ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിരുന്നു.