സെപ്തംബറിലെ മൊത്ത വാഹന വില്‍പ്പന ഇടിഞ്ഞു

October 08, 2021 |
|
News

                  സെപ്തംബറിലെ മൊത്ത വാഹന വില്‍പ്പന ഇടിഞ്ഞു

സെപ്തംബറില്‍ രാജ്യത്ത് മൊത്ത വാഹന വില്‍പ്പന അഞ്ചു ശതമാനം കുറഞ്ഞുവെന്ന് റിപ്പോര്‍ട്ട്. 2019 സെപ്തംബറിനെ അപേക്ഷിച്ചുള്ള കണക്കാണിത്. വാഹനങ്ങളുടെ റീറ്റെയല്‍ വില്‍പ്പനയില്‍ 13.5 ശതമാനം കുറവുണ്ടായെന്നും ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബീല്‍ ഡീലേഴ്സ് അസോസിയേഷന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

സെപ്തംബറില്‍ 12,96,257 യൂണിറ്റാണ് വിറ്റുപോയത്. അതേസമയം കഴിഞ്ഞ വര്‍ഷം 13,68307 യൂണിറ്റ് വിറ്റുപോയിരുന്നു. 5.27 ശതമാനം ഇടിവ്. അതേസമയം 2019 സെപ്ംബറില്‍ 1498585 യൂണിറ്റ് വിറ്റഴിച്ചിരുന്നു. മുച്ചക്ര വാഹനങ്ങളുടെ വില്‍പ്പനയിലാണ് വലിയ ഇടിവുണ്ടായത്. 37.40 ശതമാനം. 2019 സെപ്തംബറില്‍ 58485 യൂണിറ്റ് വിറ്റപ്പോള്‍ ഇത്തവണ 36612 യൂണിറ്റ് മാത്രമേ വിറ്റു പോയുള്ളൂ. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വളര്‍ച്ചയുണ്ടായിട്ടുണ്ട്. രാജ്യത്ത് ഇരുചക്ര വാഹനങ്ങളുടെ വില്‍പ്പനയില്‍ 21.43 ശതമാനം ഇടിവുണ്ടായി. 2019 സെപ്തംബറില്‍ 11,64, 135 യൂണിറ്റ് വിറ്റുപോയപ്പോള്‍ ഈ വര്‍ഷം സെപ്തംബറില്‍ 9,14,621 യൂണിറ്റുകളാണ് വിറ്റത്. കഴിഞ്ഞ വര്‍ഷം 10,33,895 യൂണിറ്റുകള്‍ വിറ്റിരുന്നു.

ട്രാക്ടറിന്റെ വില്‍പ്പനയില്‍ 2019 സെപ്തംബറിനെ അപേക്ഷിച്ച് 39.13 ശതമാനം വര്‍ധനയുണ്ട്. 38019 യൂണിറ്റ് അന്ന് വിറ്റപ്പോള്‍ കഴിഞ്ഞ മാസം വിറ്റത് 52896 യൂണിറ്റുകളാണ്. എന്നാല്‍ കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ 69,462 യൂണിറ്റുകള്‍ വിറ്റുപോയിരുന്നു. യാത്രാ വാഹനങ്ങളുടെ വില്‍പ്പനയും രണ്ടു വര്‍ഷമായി കൂടി വരികയാണ്. 2019 സെപ്തംബറില്‍ 1,78,228 യൂണിറ്റ് വിറ്റപ്പോള്‍ ഈ വര്‍ഷം സെപ്തംബറില്‍ അത് 2,33,308 യൂണിറ്റുകളായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ 2,00,576 യൂണിറ്റുകള്‍ വിറ്റിരുന്നു.

Related Articles

© 2025 Financial Views. All Rights Reserved