
കോവിഡിന് ശേഷമുള്ള സിനിമാ പ്രദര്‍ശനം കനത്ത ആരോഗ്യ സുരക്ഷാ സംവിധാനങ്ങളൊരുക്കിയുള്ളതായിരിക്കുമെന്നു വ്യക്തമാക്കി മള്‍ട്ടിപ്ളെക്സ് ശൃഖലയായ പിവിആര്‍ സിനിമാസിന്റെ വീഡിയോ. സാമൂഹിക അകലം അടക്കം പാലിച്ചുള്ള ടിക്കറ്റ് കൗണ്ടറില്‍ പി.പി.ഇ കിറ്റുകള്‍ അടക്കമുള്ളവ പി.വി.ആര്‍ സിനിമാസ് വാഗ്ദാനം ചെയ്യുന്നു.
രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി തിയേറ്ററിലെ ഇരിപ്പിടമടക്കമുള്ള ഇടങ്ങളില്‍ സാമൂഹിക അകലം കൊണ്ടുവരും.ഹെല്‍ത്ത് ചെക്ക് അപ്പ് അടക്കമുള്ള സംവിധാനത്തോടെ മൊത്തം സീറ്റുകളുടെ അന്‍പത് ശതമാനം മാത്രമായിരിക്കും പി.വി.ആറില്‍ ഉപയോഗ ക്ഷമമായിരിക്കുകയെന്നും പി.വി.ആര്‍ വീഡിയോ സന്ദേശത്തിലൂടെ അറിയിക്കുന്നു. ശരീരത്തില്‍ സ്പര്‍ശിച്ചുള്ള പരിശോധനകള്‍ ഒഴിവാക്കുകയും തിയേറ്ററില്‍ കയറുന്നതിന് തൊട്ടുമുമ്പ് ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിച്ച് സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്യും.ടിക്കറ്റ് ബുക്കിംഗ്, ഭക്ഷണം എന്നിവ സമ്പര്‍ക്കരഹിത സംവിധാനമായ പി.വി.ആര്‍ ആപ്ലിക്കേഷന്‍, ക്യൂ.ആര്‍ കോഡ് വഴിയാകും ലഭ്യമാക്കുക.
ആരോഗ്യസേതു ആപ്പിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വ്യക്തികളുടെ ആരോഗ്യനില പരിശോധിക്കും. ഏതെങ്കിലും തരത്തില്‍ കോവിഡ് ലക്ഷണങ്ങള്‍ ഈ പരിശോധനകളില്‍ തെളിഞ്ഞാല്‍ ടിക്കറ്റ് റീഫണ്ടിംഗ് അടക്കമുള്ളവ ലഭ്യമാക്കുമെന്നും പി.വി.ആര്‍ ഉറപ്പു നല്‍കുന്നു. ഇലക്ട്രോസ്റ്റാറ്റിക് സ്പ്രേ ഗണ്‍സ് ഉപയോഗിച്ചുള്ള സാനിറ്റൈസേഷന്‍ സംവിധാനം ഓരോ ഷോയ്ക്കും ശേഷം തിയേറ്റര്‍ ശുചീകരിക്കും. ഭക്ഷണത്തിന് ഉപയോഗിച്ച പാത്രങ്ങള്‍ യു.വി ടെക്നോളജി വഴി ശുദ്ധീകരിക്കുമെന്നും പി.വി.ആര്‍ പറയുന്നു.