
ഐസിഐസിഐ ബാങ്കിന്റെ മുന്‍ ചെയര്‍ പേഴ്‌സണ്‍ ആയിരുന്ന ചന്ദാ കൊച്ചാര്‍ ബാങ്കിങ് രംഗത്ത് ഏറെ ബഹുമാന്യയായ ഒരു വ്യക്തിത്വമാണ്. ബാങ്കിങ് രംഗത്തിനു നല്‍കിയ സേവനങ്ങള്‍ മാനിച്ച് രാഷ്ട്രം 2011 -ല്‍, പദ്മഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുണ്ട് ഈ വനിതയെ. ഒരുകാലത്ത് ഇന്ത്യന്‍ ബാങ്കിങ്ങിന്റെ ശുഭ്രതാരകമായി വാഴ്ത്തപ്പെട്ടിരുന്ന ഈ വനിത ഇന്ന് നിരവധി സാമ്പത്തിക കുറ്റാരോപണങ്ങളുടെ നിഴലില്‍ അകപ്പെട്ടിരിക്കുകയാണ്. ഭര്‍ത്താവ് ദീപക് കൊച്ചാറിന്റെ നിര്‍ദേശപ്രകാരം വേണുഗോപാല്‍ ദൂത് ചെയര്‍മാനായുള്ള വീഡിയോകോണ്‍ ഗ്രൂപ്പ് എന്ന കടക്കെണിയിലാണ്ട കമ്പനിക്ക് 2012 -ല്‍ ചന്ദ കൊച്ചാര്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തി ലോണായി അനുവദിച്ചു നല്‍കിയത് 3250 കോടിയിലധികം രൂപയാണ്. അതിന്റെ പ്രത്യുപകാരമായി വേണുഗോപാല്‍ ദൂത്, താനും ചന്ദയുടെ ഭര്‍ത്താവ് ദീപക് കൊച്ചാറും ചേര്‍ന്ന് തുടങ്ങിയ ന്യൂ പവര്‍ റിന്യൂവബിള്‍സിന്റെ അക്കൗണ്ടിലേക്ക് വീഡിയോകോണില്‍ നിന്ന് 64 കോടി കൈമാറി എന്നതാണ് ഈ വിഷയത്തില്‍ ഉയര്‍ന്നിട്ടുള്ള ആരോപണം.
2016 ഒക്ടോബറില്‍ അരവിന്ദ് ഗുപ്ത എന്ന ഒരു നിക്ഷേപകന്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്കും എല്ലാം അയച്ചുനല്‍കിയ ഒരു പരാതിയുടെ പകര്‍പ്പ്, തന്റെ ബ്ലോഗില്‍ പ്രസിദ്ധപ്പെടുത്തുന്നു. അതില്‍ ഐസിഐസിഐ ബാങ്കിന്റെ നടത്തിപ്പില്‍ വന്നിട്ടുള്ള, മേല്‍പ്പറഞ്ഞ ഗുരുതരമായ ക്രമക്കേടുകളെപ്പറ്റിയുള്ള പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നു. മാര്‍ച്ചില്‍ അയച്ച ആ കത്ത് ഗുപ്ത പ്രസിദ്ധപ്പെടുത്തിയത് ഒക്ടോബര്‍ മാസത്തില്‍ മാത്രമായിരുന്നു. സാമ്പത്തിക ശാസ്ത്രത്തില്‍ ഡോക്ടറേറ്റ് ഉണ്ടായിരുന്നു ഗുപ്തക്ക്. ട്രേഡിങ് മേഖലയിലെ ഒരു കണ്‍സല്‍ട്ടന്റ് ആയി ജോലി നോക്കിയിരുന്ന ഗുപ്ത കഴിഞ്ഞ പത്തുനാല്പതു വര്‍ഷമായി വാണിജ്യരംഗത്തെ ക്രമക്കേടുകള്‍ക്കെതിരെ വ്യവഹാരങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരുന്ന ഒരാള്‍ കൂടി ആയിരുന്നു. അദ്ദേഹം അയച്ച ഏറ്റവും പുതിയ ഈ കത്തില്‍ ഐസിഐസിഐഐ ബാങ്കിന്റെ ചെയര്‍ പേഴ്‌സണ്‍ ചന്ദ കൊച്ചാര്‍ വീഡിയോകോണിന് ലോണ്‍ അനുവദിക്കുന്ന കാര്യത്തില്‍ പ്രവര്‍ത്തിച്ച അഴിമതിയെപ്പറ്റിയും അതില്‍ അവരുടെ ഭര്‍ത്താവ് ദീപക് കൊച്ചാറിനും വീഡിയോകോണ്‍ തലവന്‍ വേണുഗോപാല്‍ ദൂതിനുമുള്ള പങ്കിനെപ്പറ്റിയും ഒക്കെയുള്ള വിശദാംശങ്ങള്‍ നല്‍കിയിരുന്നു.
അദ്ദേഹം വെളിപ്പെടുത്തിയ കാര്യങ്ങള്‍ ഇങ്ങനെയായിരുന്നു. 2008 -ല്‍ തുടങ്ങിയ സ്റ്റാര്‍ട്ടപ്പ് സംരംഭമായ ന്യൂ പവര്‍ റിന്യൂവബിള്‍സില്‍ വേണുഗോപാല്‍ ദൂതിനും പങ്കാളിത്തമുണ്ടായിരുന്നതാണ്. ഐസിഐസിഐ ബാങ്കിന്റെ ലോണുകള്‍ക്കായി വീഡിയോകോണ്‍ ഗ്രൂപ്പ് അപേക്ഷിക്കുന്നതിനു തൊട്ടുമുമ്പ് വേണുഗോപാല്‍ ദൂത് തന്റെ ഷെയറുകള്‍ മഹേഷ് ചന്ദ്ര പുങ്ഗ്ലിയ എന്നൊരു അനുയായിക്ക് തുച്ഛമായ തുകക്ക് വിറ്റതാണ്. ലോണ്‍ ക്രെഡിറ്റായതിന്റെ അടുത്ത തൊട്ടടുത്ത ദിവസം തന്നെ അതിനുള്ള പ്രത്യുപകാരമായി വീഡിയോകോണ്‍ ഗ്രൂപ്പില്‍ നിന്ന് ന്യൂ പവര്‍ റിന്യൂവബിള്‍സ് എന്ന സ്റ്റാര്‍ട്ടപ്പ് സംരംഭത്തിന്റെ അക്കൗണ്ടിലേക്ക് വേണുഗോപാല്‍ ദൂതില്‍ നിന്ന് ഉപകാരസ്മരണയായിട്ടാണ് 64 കോടി രൂപ ട്രാന്‍സ്ഫര്‍ ചെയ്യപ്പെട്ടിട്ടുള്ളത്. ലോണ്‍ അനുവദിക്കപ്പെട്ടതിനു തൊട്ടു പിന്നാലെ തന്നെ വേണുഗോപാല്‍ ദൂതില്‍ നിന്ന് താന്‍ വാങ്ങിയ ഷെയറുകള്‍ മഹേഷ് ചന്ദ്ര പുങ്ഗ്ലിയ വെറും ഒന്‍പതു ലക്ഷം രൂപ നല്‍കി ദീപക് കൊച്ചാറിന് വില്‍ക്കുകയും ചെയ്തിരിക്കുന്നു.
എന്നാല്‍, ഇങ്ങനെ വിശദമായൊരു കത്ത് പുറത്തുവന്നപ്പോഴും ഐസിഐസിഐ ബാങ്കോ വീഡിയോകോണോ അതിനോട് പ്രതികരിക്കാന്‍ കൂട്ടാക്കിയില്ല. കത്ത് പുറത്തുവന്നതിന് പിന്നാലെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഈ അഴിമതി ആരോപണം അന്വേഷിച്ചു എങ്കിലും, അവര്‍ക്കും ഇക്കാര്യത്തില്‍ ഐസിഐസിഐ ബാങ്കിനെയോ ചന്ദാ കൊച്ചാറിനെയോ പ്രതിക്കൂട്ടില്‍ നിര്‍ത്താനും മാത്രം തെളിവുകള്‍ ഒന്നും തന്നെ കിട്ടിയില്ല. എന്നാലും, ബാങ്ക് അധികൃതര്‍ ഒരു കാര്യം ചെയ്യാന്‍ ശ്രദ്ധിച്ചു. തങ്ങളുടെ പരിമിതമായ അന്വേഷണ സംവിധാനങ്ങളില്‍ തെളിവൊന്നും കിട്ടിയില്ലെങ്കിലും, ഇക്കാര്യത്തില്‍ തുടരന്വേഷണത്തിന് വകുപ്പുണ്ട് എന്നൊരു നോട്ട് അവര്‍ കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ വെച്ചു. അതിന്റെ പിന്നാലെ നടന്ന തുടരന്വേഷണങ്ങള്‍ക്കൊടുവിലാണ് ഇപ്പോള്‍ ദീപക് കൊച്ചാറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്യുന്നിടം വരെ എത്തിയിരിക്കുന്നത്.
തട്ടിപ്പിന്റെ നാള്‍വഴികളിലൂടെ...
2008ല്‍ ദീപക് കൊച്ചാര്‍, വേണുഗോപാല്‍ ദൂത് എന്നിവര്‍ ചേര്‍ന്ന് ന്യൂപവര്‍ റിന്യൂവബിള്‍സ് എന്ന സ്ഥാപനം തുടങ്ങുന്നു. 2009 മെയില്‍ ചന്ദ കൊച്ചാര്‍ ഐസിഐസിഐ ബാങ്കിന്റെ സിഇഒ ആകുന്നു. കെവി കാമത്തിന്റെ പിന്‍ഗാമിയായി ചുമതലയേറ്റെടുക്കുന്നു. 2012ല്‍ വീഡിയോകോണ്‍ ഗ്രൂപ്പിന് 3250 കോടിയുടെ ലോണ്‍ പല ഘട്ടങ്ങളില്‍ ആയി അനുവദിക്കുന്നു. നാലു വര്‍ഷത്തിന് ശേഷം ഒക്ടോബറില്‍ അരവിന്ദ് ഗുപ്തയുടെ കത്ത് പുറത്തു വരുന്നു. പിന്നീട് 2017ല്‍ ലോണിന്റെ 86 ശതമാനവും, അതായത് ഏകദേശം 2,810 കോടിയോളം രൂപ തിരിച്ചടക്കപെടാതെ നിഷ്‌ക്രിയ ആസ്തിയായി പ്രഖ്യാപിക്കപ്പെടുന്നു.
2018 മാര്‍ച്ച് 8നാണ് ബാങ്കിന്റെ ഇന്റേണല്‍ അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് പുറത്തുവരുന്നത്. സിറില്‍ അമര്‍ചന്ദ് മംഗള്‍ദാസ് എന്ന നിയമസ്ഥാപനമായിരുന്നു ഈ വിഷയത്തില്‍ എന്‍ക്വയറി നടത്തിയത്. ആ അന്വേഷണത്തിലും ചന്ദാ കൊച്ചാര്‍ക്ക് ക്‌ളീന്‍ ചിറ്റ് തന്നെ ആയിരുന്നു. വീഡിയോകോണിന് ലോണ്‍ അനുവദിക്കാനുള്ള തീരുമാനം കണ്‍സോര്‍ഷ്യം ലെവലില്‍ ആണ് കൈക്കൊണ്ടത് എന്നും അതില്‍ ചന്ദയ്ക്ക് മാത്രമായി ഒരു പങ്കില്ല എന്നുമായിരുന്നു ആ അന്വേഷണ സമിതിയുടെ കണ്ടെത്തല്‍.
അതിനുശേഷം ന്യൂപവര്‍ റിന്യൂവബിള്‍സ് എന്ന ദീപക് കൊച്ചാറിന്റെ സ്റ്റാര്‍ട്ട് അപ്പ് സ്ഥാപനവും വേണുഗോപാല്‍ ദൂതിന്റെ കമ്പനികളും തമ്മിലുള്ള സംശയാസ്പദമായ ഇടപാടുകളുടെ വിശദമായ വിവരങ്ങള്‍ അടങ്ങിയ ഒരു അന്വേഷണാത്മക റിപ്പോര്‍ട്ട് 2018 മാര്‍ച്ച് 29നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തില്‍ അച്ചടിച്ചു വരുന്നു. അന്ന് വൈകുന്നേരം തന്നെ, ഐസിഐസിഐ ബാങ്ക് ചെയര്‍മാന്‍ എം കെ ശര്‍മ്മ പത്രങ്ങളെ കാണുന്നു. വീഡിയോകോണിന് ലോണ്‍ അനുവദിച്ചതില്‍ യാതൊരുവിധ അസ്വാഭാവികതകളും ഇല്ല എന്നുള്ള തങ്ങളുടെ മുന്‍ നിലപാട് ആവര്‍ത്തിക്കുന്നു. റിസര്‍വ് ബാങ്കിന്റെ എല്ലാ ചോദ്യങ്ങള്‍ക്കും തങ്ങള്‍ തൃപ്തികരമായ വിശദീകരണങ്ങള്‍ നല്‍കിക്കഴിഞ്ഞു നിന്നും, ഇനി അന്വേഷിക്കാന്‍ ഒന്നുമില്ല എന്നുമായിരുന്നു ശര്‍മ്മ മാധ്യമങ്ങളെ അറിയിച്ചത്. 2018 മാര്‍ച്ച് 31ല്‍ കേന്ദ്രം ഈ കേസിന്റെ അന്വേഷണം സിബിഐക്ക് വിടുന്നു. ദീപക് കൊച്ചാറും സഹോദരന്‍ രാജീവ് കൊച്ചാറും സിബിഐ ചോദ്യം ചെയ്യലിന് വിധേയരാകുന്നു.
ഐസിഐസിഐ ബാങ്കിന്റെ ജനുവരി-മാര്‍ച്ച് പാദത്തിന്റെ പെര്‍ഫോമന്‍സ് റിവ്യൂ മീറ്റിങ് നടക്കുന്നു. മെയ് 7ന് ബാങ്കിലെ സര്‍ക്കാര്‍ പ്രതിനിധി ലോക് രഞ്ജന്‍ ഈ അഴിമതി ആരോപണങ്ങള്‍ പ്രസ്തുത മീറ്റിങ്ങില്‍ അവതരിപ്പിക്കും എന്ന് എല്ലാവരും പ്രതീക്ഷിക്കുന്നു. പക്ഷേ, രഞ്ജന്‍ വളരെ ദുരൂഹമായി ഈ മീറ്റിങ്ങില്‍ പങ്കെടുക്കാതെ മാറി നില്‍ക്കുന്നു. മീറ്റിങ്ങില്‍ ഇങ്ങനെ ഒരു വിഷയമേ ചര്‍ച്ചയ്ക്ക് വരുന്നില്ല. മെയില്‍ തന്നെ ഐസിഐസിഐ ബാങ്കിന് സെബി ഈ വിഷയത്തില്‍ വിശദീകരണം തേടി നോട്ടീസ് അയക്കുന്നു.
പിന്നീട് മെയ് 25ന് സെബിക്ക് നല്‍കിയ വിശദീകരണത്തില്‍ ചന്ദ കൊച്ചാര്‍ തനിക്ക് സെബിയില്‍ നിന്ന് കിട്ടിയ 'കാരണം കാണിക്കല്‍' നോട്ടീസിനെപ്പറ്റി പരാമര്‍ശിക്കുന്നു. കോര്‍പ്പറേറ്റ് അഫയേഴ്സ് മന്ത്രാലയം ഈ വിഷയത്തില്‍ ഒരു വിശദമായ അന്വേഷണം നടത്താന്‍ തീരുമാനിക്കുന്നു. ഐസിഐസിഐ ബാങ്ക് മുന്‍ ജഡ്ജ് ബി എന്‍ ശ്രീകൃഷ്ണയുടെ നേതൃത്വത്തില്‍ ഒരു എക്‌സ്റ്റേണല്‍ കമ്മിറ്റിയെ വെച്ച് ഒരിക്കല്‍ കൂടി അന്വേഷിക്കാന്‍ തീരുമാനിക്കുന്നു. അതിനിടെ ചന്ദാ കൊച്ചാര്‍ തന്റെ വാര്‍ഷിക അവധിയില്‍ പ്രവേശിക്കുന്നു. പക്ഷേ, ആ അവധി കഴിഞ്ഞ് ചന്ദ തിരികെ ജോലിയില്‍ പ്രവേശിക്കും മുമ്പ് ബാങ്ക്, അവരോട് അന്വേഷണം അവസാനിക്കും വരെ അവധിയില്‍ തന്നെ തുടരാന്‍ ആവശ്യപ്പെടുന്നു.
ഒക്ടോബറില്‍ ചന്ദാ കൊച്ചാര്‍ ചെയര്‍ പേഴ്‌സണ്‍ സ്ഥാനത്തുനിന്ന് രാജിവെക്കാന്‍ തീരുമാനിക്കുന്നു. പകരം താത്കാലിക ചുമതല വഹിച്ചിരുന്ന ബക്ഷി എത്തുന്നു. അടുത്ത വര്‍ഷം ആദ്യം തന്നെ സിബിഐ ഈ കേസില്‍ എഫ്ഐആര്‍ ഇടുന്നു. പ്രസ്തുത എഫ്ഐആറില്‍ ചന്ദാ കൊച്ചാറും ഭര്‍ത്താവ് ദീപക് കൊച്ചാറും ചേര്‍ന്ന് ഈ ഇടപാടില്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തിയിട്ടുണ്ട് എന്ന് ആരോപിക്കപ്പെട്ടു. അതേ എഫ്ഐആറില്‍ തന്നെ വീഡിയോകോണിന്റെ വേണുഗോപാല്‍ ദൂതിന്റെയും, ഐസിഐസിഐ ബാങ്കിന്റെ ക്രെഡിറ്റ് കമ്മിറ്റിയില്‍ ഉണ്ടായിരുന്ന പല സീനിയര്‍ ബാങ്കര്‍മാരുടെയും പേരുകള്‍ ഉണ്ടായിരുന്നു. അതിനിടെ ജസ്റ്റിസ് എസ്എന്‍ ശ്രീകൃഷ്ണയുടെ നേതൃത്വത്തിലുള്ള എക്‌സ്റ്റേണല്‍ പാനലും അവരുടെ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നു. അവരുടെ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം പരസ്യപ്പെടുത്താന്‍ ബാങ്ക് തയ്യാറായില്ല എങ്കിലും, ചന്ദാ കൊച്ചാര്‍ കുറ്റക്കാരിയാണ് എന്നുകണ്ടെത്തി ഐസിഐസിഐ ബാങ്ക് അവരെ പിരിച്ചുവിടുന്നു. സിഇഒ ആയിരുന്ന കാലത്ത് അവര്‍ക്ക് അനുവദിച്ചിരുന്ന എല്ലാ സൗകര്യങ്ങളും നല്‍കിയിരുന്ന ബോണസുകളും ഒക്കെ പിന്‍വലിക്കാന്‍ കൂടി ഉത്തരവായി.
2019 ജനുവരിയില്‍ തന്നെയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഈ കേസില്‍ കള്ളപ്പണം വെളുപ്പിച്ചു എന്ന കുറ്റം ചുമത്തി ചന്ദ കൊച്ചാര്‍, ദീപക് കൊച്ചാര്‍, വേണുഗോപാല്‍ ദൂത് എന്നിവര്‍ക്ക് പുറമെ ആറു ബാങ്കര്‍മാരെക്കൂടി പ്രതി ചേര്‍ത്തുകൊണ്ട് കേസെടുക്കുന്നത്. വീഡിയോകോണിന് ചന്ദാ കൊച്ചാര്‍ അനുവദിച്ച വായ്പയുടെ പ്രത്യുപകാരമായിരുന്നു ദീപക് കൊച്ചറിന്റെ ന്യൂപവര്‍ റിന്യൂവബിള്‍സിന് വേണുഗോപാല്‍ ദൂത് നല്‍കിയ 64 കോടി എന്ന് സിബിഐ നേരത്തെ തന്നെ ആരോപിച്ചിരുന്നു. ഇത് പാടെ നിഷേധിച്ച ദീപക് തന്റെ കമ്പനിയും വീഡിയോകോണും തമ്മില്‍ നടന്ന ഇടപാടിന് മറ്റൊന്നുമായും ബന്ധമില്ല എന്ന് സമര്‍ത്ഥിക്കാന്‍ ശ്രമിച്ചു.
2020 ജനുവരിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കൊച്ചാര്‍ ദമ്പതികളുടെ സൗത്ത് മുംബൈയിലെ അപ്പാര്‍ട്ട്‌മെന്റ് അടക്കം 78 കോടി വില വരുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടി. ചന്ദാ കൊച്ചാര്‍ താമസിക്കുന്ന ഫ്‌ലാറ്റ് പോലും ഏറെ ദുരൂഹമായ പല കൈകള്‍ മറിഞ്ഞ് നിസ്സാരമായ ഒരു തുക മാത്രം മുദ്രപത്രങ്ങളില്‍ കാണിച്ച്, മാര്‍ക്കറ്റ് വിലയുടെ പതിലൊന്നിനാണ് അവരുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നത് എന്ന് എന്‍ഫോഴ്സ്മെന്റ് കണ്ടെത്തി. അതിനു പിന്നാലെ ആദായനികുതി വകുപ്പിന്റെയും, കോര്‍പ്പറേറ്റ് കാര്യ വകുപ്പിന്റെ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്റെയും അന്വേഷണങ്ങള്‍ പ്രഖ്യാപിക്കപ്പെട്ടു.
ഒന്നരക്കൊല്ലം മുമ്പ് രജിസ്റ്റര്‍ ചെയ്ത ആ തട്ടിപ്പുകേസില്‍ നടന്ന തുടര്‍ച്ചയായ അന്വേഷണങ്ങള്‍ക്കൊടുവിലാണ് കഴിഞ്ഞ തിങ്കളാഴ്ച എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ദീപക് കൊച്ചാറിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. തങ്ങളുടെ ചോദ്യം ചെയ്യലിനോട് ദീപക് സഹകരിക്കാഞ്ഞതാണ് അറസ്റ്റിലേക്ക് നയിച്ചതെന്ന് എന്‍ഫോഴ്സ്മെന്റ് അധികൃതര്‍ പറയുന്നു. കേസിന്റെ അന്വേഷണം തുടര്‍ന്നാല്‍ മാത്രമേ കേസിന്റെ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകൂ.