
മുംബൈ: രാജ്യത്തെ ധനികരായ നൂറ് വനിതകളുടെ വിവരങ്ങള്‍ കഴിഞ്ഞ ദിവസം കൊട്ടക് വെല്‍ത്ത്-ഹുറൂണ്‍ ഇന്ത്യ പുറത്തുവിട്ടു. പട്ടികയില്‍ ഒന്നാം സ്ഥാനത്ത് റോഷ്നി നദാര്‍ മല്‍ഹോത്ര ഇടംപിടിച്ചു. എച്ച്സിഎല്‍ ടെക്നോളജീസിന്റെ മേധാവിയായ റോഷ്നി നദാറിന്റെ ആസ്തി 54850 കോടി രൂപയാണ്. മലയാളിയായ ഡോ. വിദ്യ വിനോദും ഈ പട്ടികയിലുണ്ട്. ദുബായ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇവര്‍ സ്വയം വളര്‍ന്നുവന്ന വനിതാ സംരംഭകരില്‍ എട്ടാം സ്ഥാനത്താണുള്ളത്.
ദുബായ് കേന്ദ്രീകരിച്ചാണ് വിദ്യയുടെ പ്രവര്‍ത്തനം. ദുബായ് ആസ്ഥാനമായുള്ള സ്റ്റഡി വേള്‍ഡ് എജ്യുക്കേഷന്‍ എന്ന കമ്പനിയുടെ സ്ഥാപകയും സിഇഒയുമാണ്. കണ്ണൂര്‍ സ്വദേശിയായ വിദ്യയുടെ ആസ്തി 2780 കോടി രൂപയാണ്. 100 സമ്പന്നരായ വനിതകളുടെ പട്ടികയാണ് തയ്യാറാക്കിയത്. അതില്‍ 31 പേരും സ്വയം വളര്‍ന്നുവന്നവരാണ്. റോഷ്നി നദാര്‍ ഒന്നാം സ്ഥാനത്ത് ഇടംപിടിച്ചപ്പോള്‍ ബൈക്കോണ്‍ സ്ഥാപക കിരണ്‍ മസുദര്‍ ഷാവ് ആണ് രണ്ടാം സ്ഥാനത്തെത്തിയത്. 36600 കോടി രൂപയാണ് ഇവരുടെ ആസ്തി. മൂന്നാം സ്ഥാനത്തെത്തിയ ലീന ഗാന്ധി തിവാരിയുടെ ആസ്തി 21340 കോടി രൂപയാണ്. മുംബൈ കേന്ദ്രമായുള്ള മരുന്ന് കമ്പനിയുടെ ഉടമയാണ് ലീന.
പട്ടികയില്‍ ഇടംപിടിച്ച വനിതാ സംരംഭകരുടെ മൊത്തം ആസ്തി 272540 കോടി രൂപയാണ്. വനിതാ സമ്പന്നരുടെ ശരാശരി പ്രായം 53 ആണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ദിവിസ് ലബോറട്ടറിസ് ഡയറക്ടര്‍ നിലിമ മോതാപര്‍തി (18620 കോടി) നാലാം സ്ഥാനത്തും സോഹോ സ്ഥാപകന്‍ ശ്രീധറിന്റെ സഹോദരി രാധ വെമ്പു (11590 കോടി) അഞ്ചാം സ്ഥാനത്തും ഇടംപിടിച്ചു.
സപ്തംബര്‍ 30 വരെയുള്ള വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് 2020ലെ വനിതാ സമ്പന്നരുടെ പട്ടിക ഹുറൂണ്‍ ഇന്ത്യ തയ്യാറാക്കിയിരിക്കുന്നത്. കുടുംബ ബിസിനസില്‍ അതുല്യമായ പങ്ക് വഹിച്ചവരെയാണ് പ്രധാനമായും സര്‍വ്വെയില്‍ കേന്ദ്രീകരിച്ചത്. 100ല്‍ 31 പേര്‍ സ്വയം വളര്‍ന്നു വന്ന സംരംഭകരാണ്. ഇതില്‍ 25 പേര്‍ സംരംഭകരും ബാക്കിയുള്ളവര്‍ പ്രഫഷണല്‍ മാനേജര്‍മാരുമാണ്. പട്ടികയില്‍ ഇടംപിടിച്ചതില്‍ 19 പേര്‍ 40 വയസിന് താഴെയുള്ളവരാണ് എന്നത് പ്രത്യേകം എടുത്തു പറയണം. ആന്ധ്ര പ്രദേശ് മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ഭാര്യ നര ഭുവനേശ്വരി പട്ടികയില്‍ 65ാം സ്ഥാനത്തുണ്ട്.