
ന്യൂഡല്‍ഹി: വിവാദ വ്യവസായി വിജയ് മല്യയുടെ ഫ്രാന്‍സിലെ സ്വത്തുക്കള്‍ കണ്ടുകെട്ടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. 1.6 ദശലക്ഷം യൂറോ അതായത് ഏകദേശം 14 കോടി രൂപയോളം വിലവരുന്ന ആസ്തിവകകള്‍ ആണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിരിക്കുന്നത് എന്ന് ഏജന്‍സി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
തങ്ങളുടെ അഭ്യര്‍ത്ഥന പ്രകാരം ഫ്രാന്‍സിലെ 32 അവന്യൂ എഫ്ഒസിഎച്ചിലുളള വിജയ് മല്യയുടെ സ്വത്തുക്കള്‍ ഫ്രഞ്ച് അധികൃതര്‍ പിടിച്ചെടുത്തതായി ഇഡിയുടെ പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്. 1.6 മില്യണ്‍ യൂറോ മൂല്യം വരുന്ന സ്വത്തുക്കളാണിവ. കിംഗ് ഫിഷര്‍ എയര്‍ലൈന്‍സ് ലിമിറ്റഡിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും വലിയൊരു തുക വിദേശത്തേക്ക് അയച്ചിരിക്കുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയതായും ഇഡി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇതിനകം 11231 കോടി രൂപ മൂല്യം വരുന്ന വിജയ് മല്യയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയിരിക്കുന്നത്. നിലവില്‍ ബ്രിട്ടണില്‍ കഴിയുന്ന വിജയ് മല്യയെ തിരിച്ച് എത്തിക്കാന്‍ ഇന്ത്യ നിയമയുദ്ധം നടത്തിക്കൊണ്ടിരിക്കുകയാണ്. ആ നീക്കങ്ങളുടെ ഭാഗമായിട്ട് കൂടിയാണ് വിജയ് മല്യയുടെ ഫ്രാന്‍സിലെ സ്വത്തുക്കള്‍ പിടിച്ചെടുത്തിരിക്കുന്നത്. 9000 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയാണ് വിജയ് മല്യ എന്ന വ്യവസായ ഭീമന്‍ ഇന്ത്യ വിട്ട് വിദേശത്തേക്ക് കടന്നത്.
2016 മാര്‍ച്ച് മുതല്‍ വിജയ് മല്യ ഇംഗ്ലണ്ടില്‍ താമസിച്ച് കൊണ്ട് തന്നെ തിരിച്ചെത്തിക്കാനുളള ഇന്ത്യന്‍ സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്കെതിരെ നിയമ പോരാട്ടം നടത്തുകയാണ്. 64കാരനായ വിജയ് മല്യയെ തിരിച്ച് ഇന്ത്യയിലേക്ക് അയക്കാന്‍ ഇക്കഴിഞ്ഞ മെയ് മാസത്തില്‍ ബ്രിട്ടീഷ് കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ മറ്റ് ചില രഹസ്യ നിയമ വിഷയങ്ങള്‍ കാരണം മല്യയെ തിരിച്ചയക്കുന്നത് വൈകുകയാണ് എന്നാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ കഴിഞ്ഞ മാസം അറിയിച്ചത്. വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെല്ലാം വിജയ് മല്യ നിഷേധിക്കുകയാണ്. ബാങ്കുകള്‍ക്ക് നല്‍കാനുളള മുഴുവന്‍ പണവും നല്‍കാമെന്നും വിജയ് മല്യ വ്യക്തമാക്കിയിരുന്നു. വിജയ് മല്യയെ രാജ്യം വിടാന്‍ അനുവദിച്ചതില്‍ മോദി സര്‍ക്കാരിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ മല്യയെ തിരിച്ച് എത്തിച്ച് നിയമനടപടികള്‍ക്ക് വിധേയമാക്കേണ്ടത് സര്‍ക്കാരിന് അത്യാവശ്യമാണ്.