
പേടിഎം സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മ്മ വീണ്ടും കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായും നിയമിതനായി. ഫിന്‍ടെക് കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായും വിജയ് ശേഖര്‍ ശര്‍മ്മയെ വീണ്ടും നിയമിച്ചതായി കമ്പനി ശനിയാഴ്ച എക്‌സ്‌ചേഞ്ചുകളെ അറിയിച്ചു. 2022 ഡിസംബര്‍ 19 മുതല്‍ പ്രാബല്യത്തില്‍ വരുന്ന അഞ്ച് വര്‍ഷത്തേക്കാണ് ശര്‍മ്മയെ ഈ സ്ഥാനത്തേക്ക് വീണ്ടും നിയമിച്ചത്.
അതേ വിജ്ഞാപനത്തില്‍, കമ്പനിയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായ മധൂര്‍ ദേവ്റയെ അഡീഷണല്‍ ഡയറക്ടറായി നിയമിച്ചതായും കമ്പനി അറിയിച്ചു. 2022 മെയ് 20ന് പ്രാബല്യത്തില്‍ വരുന്ന നിയമനം അഞ്ച് വര്‍ഷത്തേക്കായിരിക്കും. പേടിഎം ജനറല്‍ ഇന്‍ഷുറന്‍സ് ലിമിറ്റഡില്‍ (പിജിഐഎല്‍) 74 ശതമാനം മുന്‍കൂര്‍ ഇക്വിറ്റി ഓഹരി കൈവശം വയ്ക്കാന്‍ 10 വര്‍ഷത്തേക്ക് 950 കോടി രൂപ വരെ നിക്ഷേപിക്കുന്നതിനുള്ള നിര്‍ദ്ദേശത്തിന് വണ്‍ 97 കമ്മ്യൂണിക്കേഷന്‍സിന്റെ ഡയറക്ടര്‍ ബോര്‍ഡ് വെള്ളിയാഴ്ചഅംഗീകാരം നല്‍കിയതായി കമ്പനി ഒരു പ്രത്യേക പതിപ്പില്‍ അറിയിച്ചു. ഈ നിക്ഷേപത്തിനു ശേഷം, പിജിഐഎല്‍ കമ്പനിയുടെ ഒരു ഉപസ്ഥാപനമായി മാറും.
വെള്ളിയാഴ്ചയാണ് കമ്പനി മാര്‍ച്ച് പാദ ഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തിലെ 441.8 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ അറ്റ നഷ്ടം 761.4 കോടി രൂപയായി വര്‍ദ്ധിച്ചു. കമ്പനിയുടെ ശരാശരി പ്രതിമാസ ഇടപാട് അതായത്, ഒരു മാസത്തില്‍ കുറഞ്ഞത് ഒരു വിജയകരമായ പേയ്മെന്റ് ഇടപാട് നടത്തുന്ന ഉപയോക്താക്കളുടെ എണ്ണം വര്‍ഷം തോറും 41 ശതമാനം വര്‍ധിച്ച് 7.09 കോടിയായി.
കഴിഞ്ഞ വര്‍ഷം എല്ലാ വായ്പാ ഓഫറുകളും ഗണ്യമായി വര്‍ദ്ധിച്ചതായി കമ്പനി അറിയിച്ചു. വായ്പകളുടെ എണ്ണം 6.5 ദശലക്ഷമായി. വര്‍ഷികാടിസ്ഥാനത്തില്‍ 374 ശതമാനം വര്‍ദ്ധിച്ചു. കമ്പനിയുടെ ചെലവുകള്‍ കഴിച്ചുള്ള ലാഭം 2021 സാമ്പത്തിക വര്‍ഷത്തിലെ 21.4 ശതമാനത്തില്‍ നിന്ന് ഈ പാദത്തില്‍ 35 ശതമാനം ആയി മെച്ചപ്പെട്ടു.