
ടി.കെ സബീന
ടാറ്റാ ഗ്രൂപ്പിന്റെ എക്‌സിക്യൂട്ടീവ് ചെയര്‍മാനായി സൈറസ് മിസ്ത്രിയെ പുന:സ്ഥാപിച്ചു. ദേശീയ കമ്പനി നിയമ അപ്പലേറ്റ് ട്രിബ്യൂണലാണ് നിയമനം പുന:സ്ഥാപിച്ചു നല്‍കിയത്. നിലവിലെ ചെയര്‍മാന്‍ നടരാജന്‍ ചന്ദ്രശേഖരന്റെ നിയമനത്തെ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. കമ്പനിയുടെ ചെയര്‍മാന്‍ എമിറേറ്റ്‌സായ രത്തന്‍ടാറ്റയ്ക്ക് കനത്ത തിരിച്ചടിയാണ് ഇക്കാര്യത്തില്‍ സംഭവിച്ചിരിക്കുന്നത്. രത്തന്‍ ടാറ്റ ഇടപ്പെട്ടാണ് സൈറസിനെ എക്‌സിക്യൂട്ടീവ് സ്ഥാനത്ത് നിന്ന് നീക്കിയിരുന്നത്.
ഭരണസമിതിയിലെ നാടകങ്ങള്‍
മൂന്ന് വര്‍ഷം നീണ്ട ടാറ്റാഗ്രൂപ്പ് ഭരണസമിതിയിലെ നാടകീയ സംഭവങ്ങള്‍ക്കാണ് ഇപ്പോള്‍ വിരാമമായിരിക്കുന്നത്. ദേശീയ കമ്പനി അപ്പലേറ്റ് ട്രിബ്യൂണലിന്റെ വിധി കമ്പനിയുടെ തലപ്പത്ത് നടന്ന തര്‍ക്കങ്ങള്‍ക്കും അനിശ്ചാവസ്ഥയ്ക്കുമൊക്കെ പരിഹാരമായിരിക്കുകയാണ്. നേരത്തെ എക്‌സിക്യൂട്ടീവ് ചെയര്‍മാനായിരുന്ന സൈറസ് മിസ്ത്രിയെ രത്തന്‍ ടാറ്റാ നേരിട്ട് ഇടപ്പെട്ടാണ് സ്ഥാനഭ്രഷ്ടനാക്കിയത്. പിന്നീട് അദേഹത്തിന്റെ വിശ്വസ്തനും ഇഷ്ടക്കാരനുമായ നടരാജന്‍ ചന്ദ്രശേഖരനെ ആ കസേരയില്‍ പിടിച്ചിരുത്തി. എന്നാല്‍ പുതിയ വിധിയോടെ നടരാജന്‍ ചന്ദ്രശേഖരന്റെ കസേരയും തെറിച്ചു. കൂടാതെ ടാറ്റാഗ്രൂപ്പിന് മറ്റൊരു തിരിച്ചടികൂടി ഇന്നലത്തെ ദേശീയ ട്രിബ്യൂണല്‍ വിധിയിലുണ്ട്. ടാറ്റാഗ്രൂപ്പിനെ പബ്ലിക് ലിമിറ്റഡ് കമ്പനിയില്‍ നിന്ന് സ്വകാര്യ കമ്പനിയാക്കിയ നടപടിയും റദ്ദാക്കിയിട്ടുണ്ട്. ഉത്തരവ് നടപ്പാക്കാന്‍ നാലാഴ്ചയാണ് സമയം നല്‍കിയിരിക്കുന്നത്. ഈ കാലയളവില്‍ ടാറ്റയ്ക്ക് അപ്പീലിന് പോകാം.
ആരാണ് സൈറസ് മിസ്ത്രി ?
ഇന്ത്യന്‍ ശതകോടീശ്വരന്മാരില്‍ ആദ്യപത്തില്‍ വരുന്ന ഷാപൂര്‍ജി പല്ലോന്‍ജി കുടുംബാംഗമമാണ് നിലവിലെ വിവാദനായകന്‍ സൈറസ് മിസ്ത്രി. ടാറ്റാ സണ്‍സിലെ ന്യൂനപക്ഷ ഓഹരിയുടമയുമാണ് അദേഹം.2016 ഒക്ടോബര്‍ മാസമാണ് സൈറസ് മിസ്ത്രി ടാറ്റ ഗ്രൂപ്പിന്റെ തലപ്പത്ത് നിന്ന് പുറത്താക്കപ്പെട്ടത്. രത്തന്‍ ടാറ്റായുടെ അപ്രിയത നേടാന്‍ ഒത്തിരി കാര്യങ്ങള്‍ അദേഹം ചെയ്തുകൂട്ടിയെന്നാണ് വ്യവസായ മേഖലയിലെ പിറുപിറുക്കലുകള്‍. അതില്‍ പ്രധാനപ്പെട്ട ചില ആരോപണങ്ങളാണ് ഇനി പറയുന്നത
രത്തന്‍ ടാറ്റായുടെ കണ്ണിലെ കരട്
ടാറ്റാഗ്രൂപ്പിന്റെ ഉപകമ്പനികള്‍ പലതും അടച്ചുപൂട്ടാനും തൊഴിലാളികളെ പിരിച്ചുവിടാനും സൈറസ് മിസ്ത്രി തീരുമാനമെടുത്തിരുന്നു. ഇത് ടാറ്റായുടെ അതുവരെയുള്ള കമ്പനി നടത്തിപ്പ് പാരമ്പര്യത്തിന് വിരുദ്ധമായിട്ടായിരുന്നു.സൈറസ് മിസ്ത്രിയുടെ ഈ നടപടിയാണ് വ്യവസായ പ്രമുഖനായ രത്തന്‍ ടാറ്റായെ പ്രകോപിപ്പിച്ചത്. ഇതിനൊക്കെ പുറമേ 2014ല്‍ ഒഡീഷ തെരഞ്ഞെടുപ്പില്‍ പത്ത് കോടി രൂപയുടെ ഫണ്ട് നല്‍കാമെന്ന വാഗ്ദാനം സൈറസ് മിസ്ത്രിയുടെ ഉപദേശകന്‍ നല്‍കി. ഇത് തെല്ലൊന്നുമല്ല രത്തന്‍ടാറ്റയെ ചൊടിപ്പിച്ചത്.
എന്നാല്‍ ഇത് ഒഡീഷയിലെ ഇരുമ്പയിര് ഖനനത്തെ മുമ്പില്‍കണ്ടായിരുന്നുവെന്ന് മിസ്ത്രി പിന്നീട് വിശദീകരണവും നല്‍കി. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മാത്രമേ ഫണ്ടിങ് പാടുള്ളൂവെന്നാണ് രത്തന്‍ടാറ്റായുടെ നിലപാട്. പ്രതിരോധ മേഖലയിലേക്ക് വേണ്ട 60000 കോടിരൂപയുടെ വാഹന കരാര്‍ നേടാന്‍ ടാറ്റാഗ്രൂപ്പിന്റെ കമ്പനികള്‍ തന്നെ പരസ്പരം മത്സരിച്ചതിനും സൈറസ് മിസ്ത്രിയായിരുന്നു ചുക്കാന്‍ പിടിച്ചത്. ഇതും പ്രശ്‌നങ്ങളിലാണ് കലാശിച്ചത്. കൂടാതെ ടാറ്റാ സണ്‍സ് -വെല്‍സ്പണ്‍ ഇടപാടുകള്‍ ടാറ്റാസണ്‍സ് ബോര്‍ഡിന് മുമ്പിലെത്താതെ പാസാക്കിയെടുക്കാനുള്ള സൈറസ് മിസ്ത്രിയുടെ തന്ത്രവും പാളി. ഇത് രത്തന്‍ടാറ്റാ അനുകൂല വിഭാഗവുമായി നേരിട്ട് ഏറ്റുമുട്ടുന്ന വിധത്തിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിച്ചു.
അമേരിക്കന്‍ പീസ കമ്പനി ലിറ്റില്‍ സീസേഴ്‌സുമായുള്ള പങ്കാളിത്തശ്രമവും രത്തന്‍ ടാറ്റാ തുറന്നെതിര്‍ക്കുന്ന നിലയിലേക്കാണ് കാര്യങ്ങള്‍ എത്തിച്ചത്. നിരവധി അനൈക്യ നിലപാടുകള്‍ ടാറ്റാഗ്രൂപ്പിന്റെ തകര്‍ച്ചയിലേക്ക് നയിക്കുമെന്ന രത്തന്‍ ടാറ്റായുടെ കണക്കുകൂട്ടലുകളാണ് നിലവിലെ തുറന്നയുദ്ധങ്ങളിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്. എന്നാല്‍ ടാറ്റാഗ്രൂപ്പിന്റെ നേതൃസ്ഥാനത്ത് നിന്ന് നീക്കിയ ശേഷം അദേഹം കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ മതിയായ ഓഹരിവിഹിതമില്ലെന്ന് ചൂണ്ടിക്കാട്ടി എന്‍സിഎല്‍റ്റി കോടതി ഹര്‍ജി തള്ളി. തുടര്‍ന്ന് അപ്പീല്‍ സമര്‍പ്പിച്ചു. അദേഹത്തിന് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന് ട്രിബ്യൂണല്‍ നിരീക്ഷിച്ചു. കഴിഞ് ജൂലൈ വരെ വാദം കേട്ട കോടതി ഇന്നലെയാണ് വിധി പ്രഖ്യാപിച്ചത്. വരും ദിവസങ്ങളില്‍ വീണ്ടും ടാറ്റാഗ്രൂപ്പില്‍ പ്രശ്‌നങ്ങള്‍ കലുഷിതമാകുമെന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. ഇത് ടാറ്റാഗ്രൂപ്പിന്റെ ഓഹരി വിപണിയിലും തിരിച്ചടിയായിരിക്കും സമ്മാനിക്കുക.