
ഈ ലോക്ക്ഡൗണ്‍ കാലയളവില്‍, സ്പോണ്‍സര്‍ ചെയ്ത ഇന്‍സ്റ്റഗ്രാം പോസ്റ്റുകളിലൂടെ ലോകത്ത് ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന കായിക താരങ്ങളുടെ പട്ടികയിലെ ആദ്യ പത്തില്‍ ഇടം നേടുന്ന ഏക ക്രിക്കറ്റ് താരമായി മാറി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി. കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ലോകം അക്ഷരാര്‍ത്ഥതില്‍ അടച്ചുപൂട്ടിയ മാര്‍ച്ച് 12 നും മെയ് 14 നും ഇടയിലുള്ള കാലയളവില്‍ ശേഖരിച്ച കണക്കുകളാണിവ.
പട്ടികയില്‍ ആറാം സ്ഥാനത്താണ് ഇന്ത്യന്‍ സൂപ്പര്‍താരം. പട്ടിക പ്രകാരം, കോഹ്ലി തന്റെ സ്പോണ്‍സര്‍ ചെയ്ത ഇന്‍സ്റ്റഗ്രാം പോസ്റ്റുകളിലൂടെ 3,79,294 പൗണ്ട് സമ്പാദിച്ചു. അതായത്, ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിന് ഏകദേശം 1,26,431 പൗണ്ട്. ഈ വര്‍ഷം മാര്‍ച്ചില്‍ ഇന്ത്യ തങ്ങളുടെ അവസാന മത്സരം കളിച്ചിരിക്കാം, കൊവിഡ് 19 മൂലം ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പതിമൂന്നാമത് പതിപ്പ് അനിശ്ചിതമായി മാറ്റിവെച്ചിരിക്കാമെങ്കിലും ഇവയൊന്നും ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയുടെ ജനപ്രീതിയെ ബാധിച്ചിട്ടില്ല.
62.1 മില്യണ്‍ ആളുകളാണ് കോഹ്ലിയെ ഇന്‍സ്റ്റഗ്രാമില്‍ പിന്തുടരുന്നത്. ഇന്‍സ്റ്റഗ്രാം ലൈക്കുകളുടെ എണ്ണത്തില്‍ സ്വീഡിഷ് ഫുട്ബോള്‍ താരം സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച്, ബ്രസീലിയന്‍ ഫുടബോള്‍ താരം ഡാനി ആല്‍വ്സ് എന്നിവരെ പുറകിലാക്കാന്‍ ഇന്ത്യന്‍ നായകന് സാധിച്ചു. ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റുകളിലും ബാറ്റ്സ്മാന്‍മാര്‍ക്കായി ഐസിസി നടത്തിയ റാങ്കിംഗില്‍ ആദ്യ പത്തില്‍ ഇടം നേടിയ ഏക ബാറ്റ്സ്മാനാണ് കോഹ്ലി. നിലവില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്‍മാരില്‍ ഒരാളായി കണക്കാക്കപ്പെടുന്ന ഇന്ത്യന്‍ നായകന്‍, ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റുകളിലും ശരാശരി 50 -ല്‍ അധികം റണ്‍സ് നേടുന്നുണ്ട്.
പട്ടികയില്‍ ഇറ്റാലിയന്‍ ക്ലബ്ബ് യുവന്റസിന്റെ പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ഒന്നാമത്. ഏകദേശം 1.8 ദശലക്ഷം പൗണ്ട് ആണ് റൊണാള്‍ഡോയും ഇന്‍സ്റ്റഗ്രാം വരുമാനം. 1.2 ദശലക്ഷം പൗണ്ട് നേടി സ്പാനിഷ് ക്ലബ്ബ് എഫ്സി ബാഴ്സലോണയുടെ അര്‍ജന്റൈന്‍ നായകന്‍ ലയണല്‍ മെസി രണ്ടാം സ്ഥാനത്തും, 1.1 ദശലക്ഷം പൗണ്ട് നേടി ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിയുടെ ബ്രസീലിയന്‍ താരം നെയ്മര്‍ ജൂനിയര്‍ മൂന്നാം സ്ഥാനത്തും തുടരുന്നു.
ബാസ്‌കറ്റ്ബോള്‍ ഇതിഹാസം ഷാക്കിള്‍ ഒ നീല്‍ (583,628 പൗണ്ട്), മുന്‍ ഇംഗ്ലണ്ട് ഫുട്ബോള്‍ ടീം നായകന്‍ ഡേവിഡ് ബെക്കാം (405,359 പൗണ്ട്) എന്നിവര്‍ നാലും അഞ്ചും സ്ഥാനങ്ങളില്‍ തുടരുന്നു. സ്വീഡിഷ് ഫുട്ബോള്‍ താരം സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച് (184,413 പൗണ്ട്), മുന്‍ എന്‍ബിഎ താരം ഡ്വെയ്ന്‍ വേഡ് (143,146 പൗണ്ട്), ബ്രസീലിയന്‍ ഫുട്ബോള്‍ താരം ഡാനി ആല്‍വ്സ് (133,694 പൗണ്ട്), ബോക്സര്‍ ആന്റണി ജോഷ്വാ (121,500 പൗണ്ട്) എന്നിവരാണ് പട്ടികയില്‍ ഇടം നേടിയ മറ്റ് കായിക താരങ്ങള്‍.