ഇന്ത്യയില്‍ ഏറ്റവും വരുമാനം നേടുന്ന താരങ്ങള്‍ ആരൊക്കെ?ഫോബ്‌സ് ലിസ്റ്റില്‍ ആദ്യമായി ഇടം നേടി മോഹന്‍ലാല്‍, പിന്നിലായി മമ്മൂട്ടി

December 20, 2019 |
|
News

                  ഇന്ത്യയില്‍ ഏറ്റവും വരുമാനം നേടുന്ന താരങ്ങള്‍ ആരൊക്കെ?ഫോബ്‌സ് ലിസ്റ്റില്‍ ആദ്യമായി ഇടം നേടി മോഹന്‍ലാല്‍, പിന്നിലായി മമ്മൂട്ടി

ദില്ലി: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വരുമാനവും താരപദവിയുമുള്ള ധനികരുടെ പട്ടിക പുറത്ത് വിട്ട് ഫോബ്‌സ് ഇന്ത്യ. രാജ്യത്ത് ഏറ്റവും കൂടുതല്‍ വരുമാനം നേടുന്നവരും ആളുകള്‍ക്കിടയില്‍ പ്രചാരം നേടിയവരുമായ താരങ്ങളാണ് പട്ടികയിലുള്ളത്. ഇക്കാര്യത്തില്‍ ഒന്നാംസ്ഥാനം നേടിയിരിക്കുന്നത് ഇന്ത്യന്‍ ക്രിക്കറ്റിന്റെ രാജകുമാരന്‍ വിരാട് കോഹ്ലിലിയാണ്. ഏറ്റവും സ്വാധീനമുള്ള പണക്കാരനായ ക്രിക്കറ്ററാണ് വിരാട് കോഹ് ലി. ഇത്തവണ ഫോബ്‌സ് ഇന്ത്യ പുറത്തുവിട്ട ഈ പട്ടികയില്‍ ഒരു സവിശേഷതയുണ്ട്. മലയാളത്തിന്റെ സ്വന്തം താരരാജാവ് മോഹന്‍ലാല്‍ ഈ പട്ടികയില്‍ ഇടംനേടിയിട്ടുണ്ട്.ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ധനംസമ്പാദിക്കുന്നവരുടെ പട്ടികയില്‍ എക്കാലവും ഇടംനേടുന്നവരില്‍ മുകേഷ് അംബാനിയെ പോലുള്ള ബിസിനസുകാരും ടാറ്റാ ഗ്രൂപ്പിന്റെ രത്തന്‍ ടാറ്റയെ പോലുള്ള വ്യവസായികളുമൊക്കെയാണ് . ഈ പട്ടികയില് ഏറ്റക്കുറച്ചിലുകളല്ലാതെ മറ്റൊന്നും അടുത്തകാലത്തായി കാണാറില്ല. എന്നാല്‍ ഫോബ്‌സ് ഇന്ത്യ , രാജ്യത്ത് ഏറ്റവും കൂടുതല്‍ വരുമാനം നേടുന്നവരും പ്രചാരം നേടിയവരുമായ താരങ്ങളുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ്. ഈ പട്ടികയില്‍ മലയാളികള്‍ക്ക് സന്തോഷിക്കാന്‍ ഒത്തിരി സവിശേഷതകളുണ്ട്. മലയാളികളായ താരങ്ങളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടെന്നതാണ് അക്കാര്യം. 

ഫോബ്‌സിന്റെ പട്ടികയില്‍ നടന്‍ മമ്മൂട്ടി നേരത്തെ തന്നെ ഇടംനേടിയിട്ടുണ്ട്. എന്നാല്‍ മോഹന്‍ലാല്‍ ഫാന്‍സുകാര്‍ക്ക് ഇത്തവണ സന്തോഷിക്കാം. ലാലേട്ടനും ഇത്തവണ ഇടംനേടിയിട്ടുണ്ട്. അതും മമ്മൂട്ടിയേക്കാള്‍ ഉയര്‍ന്ന റാങ്ക് തന്നെയാണ് സ്വന്തമാക്കിയത്.. 64.50 കോടിരൂപയുടെ വരുമാനവുമായാണ് മോഹന്‍ലാല്‍ നേട്ടം കൈവരിച്ചത്. പട്ടികയില്‍ 27ാം സ്ഥാനം സ്വന്തമാക്കാന്‍ അദേഹത്തിനായി. നേരത്തെ തന്നെ പട്ടികയിലുണ്ടായിരുന്ന മമ്മൂട്ടി പക്ഷെ ഇത്തവണ റാങ്ക് നിലനിര്‍ത്താന് സാധിക്കാതെ പിന്നോട്ട് പോയിട്ടുണ്ട്. കഴിഞ്ഞ തവണ 49ാം സ്ഥാനത്തായിരുന്ന അദേഹം 33.5 കോടി രൂപയുടെ വരുമാനം നേടി 62ാം സ്ഥാനത്താണ് ഉള്ളത്. ടോപ്പ് പട്ടികയില്‍ ആദ്യപത്തില്‍ ഒന്നാംസ്ഥാനം 31കാരനായ ക്രിക്കറ്റര്‍ വിരാട് കോഹ്ലിക്കാണ്.  

ലോകത്തിലെ തന്നെ ഏറ്റവുംകൂടുതല്‍ പ്രതിഫലം വാങ്ങുന്ന ക്രിക്കറ്ററായ അദേഹത്തിന് ഒരു വര്‍ഷം കൊണ്ട് 252.72 കോടിരൂപയാണ് വരുമാനം.  2018 ഒക്ടോബര്‍ ഒന്നിനും 2019 സെപ്തംബര്‍ 30നും ഇടയിലാണ് ഇത്രയും വരുമാനം നേടിയത്. മാച്ച്  ഫീസ്,ബിസിസിഐ കരാര്‍,ബ്രാന്റ് പ്രചരണങ്ങള്‍ അടക്കമുള്ളവയാണ് അദേഹത്തിന്റെ വരുമാന സ്‌ത്രോസ് . ഇതിനൊക്കെ പുറമേ സ്‌പോണ്‍സര്‍ ചെയ്ത ഓരോ ഇന്‍സ്റ്റഗ്രാം പോസ്റ്റിനും എട്ട് അക്ക ഫീസ് നേടാന്‍ ഇദേഹത്തിന് സാധിക്കുന്നു. പട്ടികയില്‍ രണ്ടാംസ്ഥാനം ബോളിവുഡ് നടന്‍ അക്ഷയ് കുമാറിനാണ്. 293.25 കോടിരൂപയാണ് അദേഹത്തിന്റെ വരുമാനം. മൂന്നാംസ്ഥാനത്ത് സല്‍മാന്‍ ഖാനും നാലാം സ്ഥാനത്ത് അമിതാഭ് ബച്ചനുമാണ് എത്തിയത്. ക്രിക്കറ്റ് മഹേന്ദ്രസിങ് ധോണി (135 .93 കോടി),രണ്‍വീര്‍ സിങ് (118.20) ,ഷാരുഖ് ഖാന്‍ (124) സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (76.96) എന്നിവര്‍ ആദ്യപത്തില്‍ ഇടംനേടിയിട്ടുണ്ട്. രണ്ട് വനിതാതാരങ്ങള്‍ മാത്രമാണ് ആദ്യപത്തിലുള്ളത്. ബോളിവുഡ് താരങ്ങളായ ആലിയാഭട്ടും ദീപിക പദുക്കോണുമാണ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്. തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന് ഫോബ്‌സ് ലിസ്റ്റില്‍ 13ാം സ്ഥാനമാണുള്ളത്. 16ാം സ്ഥാനം നേടി എ ആര്‍ റഹ്മാനും ലിസ്റ്റില്‍ ഇടംനേടിയിട്ടുണ്ട്.

Related Articles

© 2025 Financial Views. All Rights Reserved