
യുക്രൈന്‍ പ്രതിസന്ധി നിലനില്‍ക്കെ റഷ്യയിലെ ബാങ്കുകളുമായുള്ള സാമ്പത്തിക ഇടപാടുകളില്‍ നിന്നും പിന്മാറി അന്താരാഷ്ട്ര കാര്‍ഡ് കമ്പനികളായ വിസ, മാസ്റ്റര്‍ കാര്‍ഡ്, അമേരിക്കന്‍ എക്സ്പ്രസ്. റഷ്യയ്ക്കു മേല്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് ഈ തീരുമാനമെടുത്തത്. അതേസമയം 2 മില്യണ്‍ ഡോളറിന്റെ സാമ്പത്തിക സഹായം യുദ്ധക്കെടുതിയനുഭവിക്കുന്നവര്‍ക്കു വേണ്ടി നല്‍കുമെന്ന് വിസ കാര്‍ഡ്, മാസ്റ്റര്‍ കാര്‍ഡ് കമ്പനികള്‍ അറിയിച്ചു.
മാസ്റ്റര്‍ കാര്‍ഡ് നല്‍കിയ റിപ്പോര്‍ട്ട് അനുസരിച്ച് 2021 ല്‍ നടത്തിയ ആകെ ഇടപാടുകളില്‍ നിന്നുള്ള വരുമാനത്തിന്റെ 4 ശതമാനം റഷ്യയില്‍ നിന്നാണെങ്കില്‍ യുക്രെയ്ന്റെ സംഭാവന 2 ശതമാനമാണ്. ഗവണ്‍മെന്റ് ഏര്‍പ്പെടുത്തിയ ഉപരോധമനുസരിച്ച് ആ രാജ്യത്തു നിന്നും ലിസ്റ്റുചെയ്തിട്ടുള്ള സ്ഥാപനങ്ങളില്‍ വിസ കാര്‍ഡ് അതിന്റെ നെറ്റ്വര്‍ക്കിലേക്കുള്ള ആക്‌സസ് താല്‍ക്കാലികമായി നിര്‍ത്തേണ്ടതുണ്ട്.
രാജ്യത്തെ സെന്‍ട്രല്‍ ബാങ്കും രണ്ടാമത്തെ വലിയ വായ്പാ സ്ഥാപനവുമായ വിടിബിയും (വിടിബിആര്‍എംഎം) ഉള്‍പ്പെടെ വിവിധ റഷ്യന്‍ ധനകാര്യ സ്ഥാപനങ്ങളെ യുണൈറ്റഡ് സ്റ്റേറ്റ്സ് ഈ പട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്. ശനിയാഴ്ച യു എസ്, ബ്രിട്ടന്‍, യൂറോപ്പ്, കാനഡ എന്നീ രാജ്യങ്ങള്‍ റഷ്യയ്‌ക്കെതിരെ പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. അന്താരാഷ്ട്ര പണ വിനിമയ സംവിധാനമായ സ്വിഫ്റ്റില്‍ നിന്ന് ചില റഷ്യന്‍ബാങ്കുകളെ പുറത്താക്കിയിരുന്നു.