
വിസ്താര ചീഫ് കൊമേഴ്സ്യല്‍ ഓഫീസര്‍ സഞ്ജീവ് കപൂര്‍ സ്ഥാനമൊഴിയുന്നു. ടാറ്റാഗ്രൂപ്പ് തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചിരിക്കുന്നത്. ഡിസംബര്‍ 31 മുതല്‍ അദേഹം ചുമതലയിലുണ്ടാവില്ല. പകരം എയര്‍ലൈനിന്റെ ചീഫ് സ്ട്രാറ്റജി ഓഫീസര്‍ വിനോദ് കണ്ണന്‍ സിസിഒ ആയി ചുമതലയേല്‍ക്കും. കപൂറിന്റെ രാജിക്ക് ശേഷമുള്ള പരിവര്‍ത്തന പ്രക്രിയയുടെ ഭാഗമായി, ചില വകുപ്പുകള്‍ കണ്ണന്റെ ചുമതലയിലേക്ക് നീക്കിയിരുന്നതായി വിസ്താര പ്രസ്താവനയില്‍ വ്യക്തമാക്കി.
ടാറ്റ ഗ്രൂപ്പിന്റെ മറ്റ് എയര്‍ലൈന്‍ സംയുക്ത സംരംഭമായ എയര്‍ ഏഷ്യ ഇന്ത്യയില്‍ അങ്കുര്‍ ഗാര്‍ഗിനെ സിസിഒ ആയി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് വിസ്താരയിലെ സ്ഥാനമാറ്റം. ടാറ്റാ സണ്‍സിന് വിസ്താരയില്‍ 51 % ഓഹരികളാണുള്ളത്, ബാക്കി 49 % ഓഹരികള്‍ സിംഗപ്പൂര്‍ എയര്‍ലൈന്‍സിന് സ്വന്തമാണ്. എയര്‍ ഏഷ്യ ഇന്ത്യയിലും ടാറ്റാ സണ്‍സിന് 51 ശതമാനം ഓഹരികളാണുള്ളത്. മലേഷ്യന്‍ കമ്പനിയായ എയര്‍ ഏഷ്യ ബെര്‍ഹാദിന് 49 ശതമാനം ഓഹരികളുണ്ട്.
ഇന്ത്യയിലെ വ്യവസായിക ഗ്രൂപ്പായ ടാറ്റാ സണ്‍സിന്റെയും സിങ്കപ്പൂര്‍ എയര്‍ലൈന്‍സിന്റെയും സംയുക്ത സംരംഭമായ വിസ്താര എയര്‍ലൈന്‍സ് 2013-ലാണ് സ്ഥാപിക്കപ്പെട്ടത്. 2019 ആഗസ്റ്റില്‍ വിസ്താര എയര്‍ലൈന്‍ അന്താരാഷ്ട്ര സര്‍വീസും നടത്തി തുടങ്ങി. ആദ്യ ഘട്ടത്തില്‍ ദില്ലി, മുംബൈ എന്നിവിടങ്ങളില്‍ നിന്ന് സിംഗപ്പൂരിലേക്കാണ് വിസ്താര പറന്നു തുടങ്ങിയത്. പ്രതിവാരം 1,200 ആഭ്യന്ത സര്‍വീസുകളാണ് വിസ്താര നടത്തുന്നത്. രാജ്യത്തെ 24 ഇടങ്ങളിലേക്കാണ് ഈ സര്‍വീസുകളുള്ളത്.