15000 വ്യക്തിഗത സുരക്ഷാ സ്യൂട്ടുകളും 50,000 ലിറ്റര്‍ സാനിട്ടൈസറും നല്‍കി വിവോ

April 30, 2020 |
|
News

                  15000 വ്യക്തിഗത സുരക്ഷാ സ്യൂട്ടുകളും 50,000 ലിറ്റര്‍ സാനിട്ടൈസറും നല്‍കി വിവോ

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന് സഹായഹസ്തവുമായി സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ വിവോ ഇന്ത്യ രംഗത്ത്. ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രൊഫഷണലുകള്‍ക്കും മറ്റുള്ളവര്‍ക്കുമായി 15000 വ്യക്തിഗത സുരക്ഷാ സ്യൂട്ടുകളും 50,000 ലിറ്റര്‍ സാനിട്ടൈസറുകളുമാണ് കമ്പനി നല്‍കിയിരിക്കുന്നത്.

കോവിഡ് അണുബാധ ഏല്‍ക്കാതിരിക്കാന്‍ മതിയായ സുരക്ഷാ ഉപകരണങ്ങള്‍ ഇല്ലാത്തതിനാല്‍ നിരവധി ആരോഗ്യ പ്രവര്‍ത്തകര്‍ മരിക്കാനിടയായതിനാലാണ് ഇത്തരത്തിലൊരു പിന്തുണ സര്‍ക്കാരിന് വാഗ്ദാനം ചെയ്തിരിക്കുന്നതെന്ന് വിവോ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. രാജ്യമാകെ മഹാമാരി അലയടിക്കുമ്പോള്‍ അതിനെതിരെ മുന്നില്‍ നിന്ന് പോരാടുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ ജീവന്‍ വളരെ വിലപ്പെട്ടതാണ്. സമൂഹത്തോട് ഉത്തരവാദിത്തമുള്ള ഒരു കോര്‍പ്പറേറ്റ് കമ്പനി എന്ന നിലയില്‍ ഈ പരീക്ഷണ ഘട്ടത്തില്‍ കോവിഡിനെതിരെ പോരാടാന്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുകയാണെന്ന് വിവോ ഇന്ത്യ ബ്രാന്‍ഡ് സ്ട്രാറ്റജി ഡയറക്റ്റര്‍ നിപുണ്‍ മര്യ പറഞ്ഞു.

സംസ്ഥാന, കേന്ദ്ര സര്‍ക്കാരിനും പോലീസ് വകുപ്പിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുമായി 9 ലക്ഷത്തോളം മാസ്‌ക്കുകളും കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്. രാജ്യമാകെ അടച്ചുപൂട്ടല്‍ തുടരുമ്പോള്‍ ആരോഗ്യ മേഖലയിലെ പ്രവര്‍ത്തകര്‍ നിരന്തരം അക്ഷീണ പ്രയത്നത്തിലാണ്. പ്രതികൂല സാഹചര്യത്തിലും ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നവരെ സംരക്ഷിക്കാന്‍ നാം ഓരോരുത്തരും ബാധ്യസ്ഥരാണെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

Related Articles

© 2024 Financial Views. All Rights Reserved