
ന്യൂഡല്‍ഹി: എജിആര്‍ കുടിശ്ശിക ഇനത്തില്‍ 3,354 കോടി രൂപയോളം അടച്ചുതീര്‍ത്തതായി വൊഡാഫോണ്‍-ഐഡിയ വ്യക്തമാക്കി. അതേസമയം കമ്പനിയുടെ ആകെ വരുന്ന അഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂ (AGR) 6,854 കോടി രൂപയോളമാണെന്നാണ് വൊഡാഫോണ്‍-ഐഡിയ നിലവില്‍ വിലയിരുത്തിയിട്ടുള്ളത്. ഈ കണക്കുകള്‍ 2006-07 സാമ്പത്തിക വര്‍ഷം മുതല്‍ 2018-19 വര്‍ഷം വരെയുള്ള തങ്ങളുടെ എജിആര്‍ ബാധ്യതയാണ് കമ്പനി ഇപ്പോള്‍ പുറത്തുവിട്ടത്. എന്നാല്‍ ഈ കണക്കുകള്‍ മാര്‍ച്ച് 6 ന് ടെലികോം വകുപ്പിന് കമ്പനി സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് ഔദ്യോഗികമായി ലഭിക്കുന്ന വിവരം.
ഫെബ്രുവരി 17 ന് 2,500 കോടിയും, 20 ന് 1,000 കോടിയും കമ്പനി സര്‍ക്കാരിന് കൈമാറിയിരുന്നു. എജിആര്‍ അനുബന്ധമായ ബാധ്യതകള്‍ സര്‍ക്കാരിലേക്ക് അടയ്ക്കുന്നതിനായി സുപ്രീം കോടതി കമ്പനികള്‍ക്ക് നല്‍കിയ സമയം ഇന്ന് അവസാനിക്കുകയാണ്. ഇന്നലെ കമ്പനി എജിആര്‍ കുടിശ്ശികയിനത്തില്‍ ഒരുഭാഗം അടച്ചുതീര്‍ത്തുവെന്ന് വ്യക്തമാക്കിയതോടെ ഓഹരി വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. ഇന്നലെ ഓഹരി വിപണിയില്‍ 1.8 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി ബിഎസ്ഇയില്‍ ഓഹരി വില 5.73 രൂപയിലേക്കെത്തി.