നഷ്ടം വെട്ടിക്കുറച്ച് വോഡഫോണ്‍-ഐഡിയ; നഷ്ടം 7,220 കോടി രൂപ മാത്രം

October 30, 2020 |
|
News

                  നഷ്ടം വെട്ടിക്കുറച്ച് വോഡഫോണ്‍-ഐഡിയ; നഷ്ടം 7,220 കോടി രൂപ മാത്രം

മുംബൈ: രാജ്യത്ത് ടെലികോം മേഖലയില്‍ വലിയ മത്സരമാണ് നടക്കുന്നത്. റിലയന്‍സ് ജിയോയുടെ വരവോടെ മറ്റ് സേവനദാതാക്കളെല്ലാം വലിയ നഷ്ടത്തിലായിരുന്നു. ഇതില്‍ ഏറ്റവും അധികം നഷ്ടം നേരിട്ടത് വോഡഫോണ്‍-ഐഡിയയും. അതിനെ അതിജീവിക്കാന്‍ വോഡഫോണും ഐഡിയയും ചേര്‍ന്ന് 'വി' ആകുകയും ചെയ്തു. എന്തായാലും സാമ്പത്തിക വര്‍ഷത്തിലെ സെപ്തംബര്‍ പാദത്തില്‍ വോഡഫോണ്‍-ഐഡിയ അവരുടെ നഷ്ടം വലിയ തോതില്‍ കുറിച്ചിട്ടുണ്ട്. ഇത്തവണ നഷ്ടം 7,220 കോടി രൂപ മാത്രമാണ്.

കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ പാദത്തില്‍ വോഡഫോണ്‍-ഐഡിയ കമ്പനികളുടെ മൊത്തം നഷ്ടം 50,922 കോടി രൂപയായിരുന്നു. ജിയോയുടെ കുതിപ്പായിരുന്നു ആ സമയത്ത് ദൃശ്യമായത്. എന്തായാലും ഇത്തവണ നഷ്ടം കുറയ്ക്കാനായി എന്നത് 'വി' യെ സംബന്ധിച്ച് ആശ്വാസകരമാണ്. കഴിഞ്ഞ പാദത്തിലും വോഡഫോണ്‍- ഐഡിയ വലിയ നഷ്ടം നേരിട്ടിരുന്നു എന്നതാണ് വാസ്തവം. 25,460 കോടി രൂപയായിരുന്നു നഷ്ടം. അതില്‍ നിന്ന് 7,220 കോടി രൂപ നഷ്ടത്തിലേക്ക് എത്തിച്ചു എന്നതാണ് സവിശേഷ ശ്രദ്ധ ആകര്‍ഷിക്കുന്നത്. രണ്ട് കമ്പനികളും ഒന്നുചേര്‍ന്നത് വലിയ മാറ്റമാണ് ഉണ്ടാക്കിയിട്ടുള്ളത്.

ടെലികോം സേവന ദാതാക്കള്‍ മൊത്തത്തില്‍ വരുമാന നഷ്ടം നേരിടുന്നു എന്നാണ് റിപ്പോര്‍ട്ട്. വോഡഫോണ്‍ ഐഡിയയ്ക്ക് കഴിഞ്ഞ വര്‍ഷം ഓപ്പറേഷന്‍സില്‍ നിന്നുള്ള വരുമാനം 10,844 കോടി രൂപയായിരുന്നു. എന്നാല്‍ ഈ വര്‍ഷം അത് 10,791 കോടി രൂപയായി കുറഞ്ഞിട്ടുണ്ട്. കൊവിഡ് ലോക്ക് ഡൗണിന് ശേഷം സാമ്പത്തിക മേഖലയിലെ തിരിച്ചുവരവുകള്‍ ടെലികോം മേഖലയ്ക്കും ഉണര്‍വ്വ് പകര്‍ന്നിട്ടുണ്ട്. ഒരു ഉപഭോക്താവില്‍ നിന്നുളള ശരാശരി വരുമാനം (ആവറേജ് റെവന്യു പെര്‍ യൂസര്‍) സെപ്തംബര്‍ പാദത്തില്‍ 119 രൂപയാണ്. ജൂണ്‍ പാദത്തില്‍ ഇത് 114 രൂപ മാത്രമായിരുന്നു.

ഐഡിയയും വോഡഫോണും ചേര്‍ന്നപ്പോള്‍ ഉപഭോക്താക്കളുടെ എണ്ണത്തിലും വര്‍ദ്ധന ഉണ്ടായിട്ടുണ്ട്. ജൂണ്‍ പാദത്തില്‍ രണ്ട് ശതമാനം ഇടിവായിരുന്നു ഉപഭോക്താക്കളുടെ എണ്ണത്തില്‍ ഉണ്ടായത്. അതിനെ അപേക്ഷിച്ച് 2.6 ശതമാനം വര്‍ദ്ധന സെപ്തംബര്‍ പാദത്തില്‍ ഉണ്ടായിട്ടുണ്ട്. കൊവിഡ് പ്രതിസന്ധികള്‍ ഇനിയും തരണം ചെയ്യേണ്ടതുണ്ടെങ്കിലും സെപ്തംബര്‍ പാദത്തിലെ തിരിച്ചുവരവ് പ്രതീക്ഷ നല്‍കുന്നതാണെന്നാണ് വോഡഫോണ്‍-ഐഡിയ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവും ആയ രവീന്ദര്‍ തക്കാര്‍ പറയുന്നത്. ചെലവ് നിയന്ത്രിക്കുന്നതിലൂടെ തന്നെ വലിയ നേട്ടം ഉണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്.

Related Articles

© 2024 Financial Views. All Rights Reserved