
ന്യൂഡല്‍ഹി: വോഡഫോണ്‍ ഐഡിയക്ക് 833 കോടി നല്‍കാനുള്ള ബോംബെ ഹൈക്കോടതി വിധിക്കെതിരെ കേന്ദ്ര ധനകാര്യ മന്ത്രാലയം സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ഹൈക്കോടതി വിധി ശരിവച്ചുകൊണ്ടാണ് സുപ്രീം കോടതി ടെലികോം കമ്പനിക്ക് അനുകൂലമായി നിലപാടെടുത്തത്.
പണം തിരികെ നല്‍കാതെ തടഞ്ഞുവെച്ച ധനകാര്യ മന്ത്രാലയത്തിന്റെ നിലപാടിനെതിരായാണ് വിധി. ഇത്തരത്തില്‍ പണം തടഞ്ഞുവെക്കാനുള്ള നിയമ പ്രാബല്യം പ്രസ്തുത ഇടപാട് നടന്ന 2014-15 കാലത്ത് ഉണ്ടായിരുന്നില്ലെന്നാണ് ബോംബെ ഹൈക്കോടതി ഈ മാസമാദ്യം വിധിയെഴുതിയത്.
ഹൈക്കോടതി വിധി ചോദ്യം ചെയ്ത് ഇന്‍കം ടാക്‌സ് വകുപ്പ് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു. അധികമായി അടച്ച പണം തിരികെ നല്‍കാതെ ഭാവി നികുതിക്കായി തടഞ്ഞുവെക്കാനുള്ള അധികാരം, ഐടി നിയമത്തിലെ 241 എ വകുപ്പ് പ്രകാരം ഇപ്പോള്‍ ഉദ്യോഗസ്ഥര്‍ക്കുണ്ടെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ വാദം. സുപ്രീം കോടതി തീരുമാനത്തിന് പിന്നാലെ വോഡഫോണ്‍-ഐഡിയയുടെ ഓഹരിയില്‍ 2.65 ശതമാനം വര്‍ധനവുണ്ടായി.