നികുതി തര്‍ക്കത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിനെതിരെയുള്ള കേസില്‍ വോഡഫോണിന് അനുകൂലമായ വിധി

September 25, 2020 |
|
News

                  നികുതി തര്‍ക്കത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിനെതിരെയുള്ള കേസില്‍ വോഡഫോണിന് അനുകൂലമായ വിധി

20,000 കോടി രൂപയുടെ മുന്‍കാല നികുതി തര്‍ക്കത്തില്‍ വോഡഫോണ്‍ ഗ്രൂപ്പ് പിഎല്‍സി ഇന്ത്യന്‍ സര്‍ക്കാരിനെതിരെയുള്ള കേസില്‍ വിജയിച്ചതായി വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. വൊഡാഫോണിന്മേല്‍ നികുതി ബാധ്യത ചുമത്തുന്നതും പലിശയും പിഴയും ഇന്ത്യയും നെതര്‍ലാന്റും തമ്മിലുള്ള നിക്ഷേപ ഉടമ്പടി കരാര്‍ ലംഘിക്കുന്നതാണെന്നും ഹേഗിലെ ഒരു അന്താരാഷ്ട്ര ആര്‍ബിട്രേഷന്‍ ട്രിബ്യൂണല്‍ വിധിച്ചു.

വൊഡഫോണില്‍ നിന്ന് കുടിശ്ശിക തേടുന്നത് സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും നിയമപരമായ ചെലവുകള്‍ക്ക് ഭാഗിക നഷ്ടപരിഹാരമായി കമ്പനിക്ക് 4.3 ദശലക്ഷം പൗണ്ട് (5.47 മില്യണ്‍ ഡോളര്‍) നല്‍കണമെന്നും ട്രിബ്യൂണല്‍ വിധിന്യായത്തില്‍ വ്യക്തമാക്കി. എന്നാല്‍ ഇക്കാര്യത്തോട് വൊഡഫോണും ധനമന്ത്രാലയവും പ്രതികരിച്ചില്ല.

2007 ല്‍ ഹച്ചിസണ്‍ വാംപോവയില്‍ നിന്ന് വോഡഫോണ്‍ ഇന്ത്യന്‍ മൊബൈല്‍ ആസ്തികള്‍ വാങ്ങിയതാണ് നികുതി തര്‍ക്കത്തിന് കാരണമായത്. ഏറ്റെടുക്കലിന് നികുതി അടയ്ക്കാന്‍ വോഡഫോണിന് ബാധ്യതയുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു. 2012-ല്‍ ഇന്ത്യയിലെ പരമോന്നത കോടതി ടെലികോം ദാതാവിന് അനുകൂലമായി വിധി പ്രസ്താവിച്ചുവെങ്കിലും ആ വര്‍ഷം അവസാനം സര്‍ക്കാര്‍ നിയമങ്ങളില്‍ മാറ്റം വരുത്തിയിരുന്നു.

2014 ഏപ്രിലില്‍ വോഡഫോണ്‍ ഇന്ത്യയ്ക്കെതിരെ നിയമ നടപടികള്‍ ആരംഭിച്ചു. ഇതിനെ തുടര്‍ന്ന് മുന്‍കാല നികുതി ക്ലെയിമുകള്‍, റദ്ദാക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട് കെയ്ന്‍ എനര്‍ജി ഉള്‍പ്പെടെയുള്ള കമ്പനികള്‍ക്കെതിരായ ഒരു ഡസനിലധികം അന്താരാഷ്ട്ര വ്യവഹാര കേസുകളില്‍ ഇന്ത്യ കുടുങ്ങി.

Related Articles

© 2024 Financial Views. All Rights Reserved