ഫ്‌ളിപ്കാര്‍ട്ടിലേക്ക് വാള്‍മാര്‍ട്ടിന്റെ 9,000 കോടി രൂപ നിക്ഷേപം വരുന്നു

July 15, 2020 |
|
News

                  ഫ്‌ളിപ്കാര്‍ട്ടിലേക്ക് വാള്‍മാര്‍ട്ടിന്റെ 9,000 കോടി രൂപ നിക്ഷേപം വരുന്നു

കൊച്ചി: കോവിഡ് കാലത്ത് ഇന്ത്യയിലേക്കുള്ള മൂലധന നിക്ഷേപ ഒഴുക്ക് തുടരുന്നു. ഇന്ത്യന്‍ ഇ-കൊമേഴ്സ് കമ്പനിയായ ഫ്‌ളിപ്കാര്‍ട്ട് അമേരിക്കന്‍ റീട്ടെയില്‍ വമ്പന്മാരായ വാള്‍മാര്‍ട്ടിന്റെ നേതൃത്വത്തിലുള്ള നിക്ഷേപകരില്‍നിന്ന് 120 കോടി ഡോളര്‍ (ഏതാണ്ട് 9,000 കോടി രൂപ) സമാഹരിക്കും. ഫ്‌ളിപ്കാര്‍ട്ടിന് 1.87 ലക്ഷം കോടി രൂപ മൂല്യം കല്‍പ്പിച്ചുകൊണ്ടാണ് ഈ അധിക മൂലധനം.

2018 മേയില്‍ ഫ്‌ളിപ്കാര്‍ട്ടിന്റെ 77 ശതമാനം ഓഹരികള്‍ 1,600 കോടി ഡോളറിന് (അന്നത്തെ വിനിമയ മൂല്യം അനുസരിച്ച് 1.08 ലക്ഷം കോടി രൂപ) വാള്‍മാര്‍ട്ട് സ്വന്തമാക്കിയിരുന്നു. ഗൂഗിള്‍ ഏഴു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ 75,000 കോടി രൂപ മുതല്‍മുടക്കുമെന്ന് പ്രഖ്യാപിച്ചതിന്റെ പിറ്റേന്നാണ് ഫ്‌ളിപ്കാര്‍ട്ടില്‍ വാള്‍മാര്‍ട്ട് കൂടുതല്‍ പണവുമായി എത്തുന്നത്.

ഇ-കൊമേഴ്‌സ് വമ്പന്മാരായ ആമസോണ്‍, ഇന്ത്യയില്‍ 100 കോടി ഡോളര്‍ (7,500 കോടി രൂപ) കൂടി നിക്ഷേപിച്ച് ബിസിനസ് വിപുലീകരിക്കുന്നതാണ് കൂടുതല്‍ ഫണ്ട് സ്വരൂപിക്കാന്‍ ഫ്‌ളിപ്കാര്‍ട്ടിനെ പ്രേരിപ്പിച്ചത്. റിലയന്‍സിന്റെ നേതൃത്വത്തിലുള്ള ജിയോമാര്‍ട്ടും ഓണ്‍ലൈന്‍ വിപണി വേഗത്തില്‍ പിടിക്കുകയാണ്.

കോവിഡ് പ്രതിസന്ധി മൂലം ഓണ്‍ലൈന്‍ വ്യാപാരത്തിന് ഇന്ത്യയില്‍ പെട്ടെന്നുണ്ടായ ഡിമാന്‍ഡ് കണക്കിലെടുത്താണ് അധിക മൂലധനം സമാഹരിക്കുന്നതെന്ന് ഫ്‌ളിപ്കാര്‍ട്ട് ഗ്രൂപ്പ് വ്യക്തമാക്കി. പുതിയ ഫണ്ട് നടപ്പു സാമ്പത്തിക വര്‍ഷം രണ്ടു ഘട്ടങ്ങളിലായി എത്തും.

2018-ല്‍ വാള്‍മാര്‍ട്ടിന്റെ വരവോടെ സാങ്കേതികവിദ്യ, പങ്കാളിത്തം, പുതിയ സേവനങ്ങള്‍ എന്നിവ മെച്ചപ്പെടുത്താന്‍ പറ്റിയിട്ടുണ്ടെന്ന് ഫ്‌ളിപ്കാര്‍ട്ട് സി.ഇ.ഒ. കല്യാണ്‍ കൃഷ്ണമൂര്‍ത്തി പറഞ്ഞു. നിലവിലെ പ്രതിസന്ധി ഘട്ടത്തില്‍ ഓഹരിയുടമകള്‍ കൂടുതല്‍ പണം മുടക്കുന്നത് അവരുടെ ശക്തമായ പിന്തുണയുടെ തെളിവാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ന് ഇലക്ട്രോണിക്‌സ്, ഫാഷന്‍ തുടങ്ങിയ മേഖലകളില്‍ മേധാവിത്വമുണ്ടെന്നും പലവ്യഞ്ജനം തുടങ്ങിയ മറ്റു മേഖലകളില്‍ മികച്ച വളര്‍ച്ച കൈവരിക്കുകയാണെന്നും കല്യാണ്‍ പറഞ്ഞു.

സുഹൃത്തുക്കളായ സച്ചിന്‍ ബന്‍സാലും ബിന്നി ബന്‍സാലും ചേര്‍ന്ന് 2007-ല്‍ ഓണ്‍ലൈനിലൂടെ പുസ്തകങ്ങള്‍ വിറ്റുകൊണ്ടാണ് ഫ്‌ളിപ്കാര്‍ട്ടിനു തുടക്കം കുറിച്ചത്. പിന്നീട് മറ്റു മേഖലകളിലേക്കും കടന്നു. 2018-ല്‍ വാള്‍മാര്‍ട്ടിന്റെ വരവോടെ ആദ്യം സച്ചിനും പിന്നീട് ബിന്നിയും കമ്പനി വിട്ടു. ഗ്രൂപ്പിനു കീഴില്‍ ഇ-കൊമേഴ്സ് കമ്പനിയായ ഫ്‌ളിപ്കാര്‍ട്ടിനു പുറമെ ഡിജിറ്റല്‍ പേയ്മെന്റ്സ് പ്ലാറ്റ്ഫോമായ ഫോണ്‍പേ, ഫാഷന്‍ സൈറ്റായ മിന്ത്ര, ചരക്കുകടത്ത് സംരംഭമായ ഇ കാര്‍ട്ട് തുടങ്ങിയവയുമുണ്ട്.

Related Articles

© 2024 Financial Views. All Rights Reserved