
കൊറോണ വൈറസ് മഹാമാരിയെ തുടര്‍ന്ന് 11,000 ല്‍ അധികം തൊഴിലാളികളെ പിരിച്ചുവിടാന്‍ പദ്ധതിയിടുന്നതായി വാള്‍ട്ട് ഡിസ്‌നി വേള്‍ഡ് പറഞ്ഞു. ഇതോടെ ഫ്‌ലോറിഡ റിസോര്‍ട്ടില്‍ മഹാമാരിയെ തുടര്‍ന്ന് തൊഴില്‍ നഷ്ട്ടപ്പെട്ടവരുടെ ആകെ എണ്ണം 18,000ത്തിലേയ്ക്ക് ഉയര്‍ന്നു. പാര്‍ട്ട് ടൈം ജോലി ചെയ്യുന്ന 11,350 യൂണിയന്‍ തൊഴിലാളികളെ ഈ വര്‍ഷം അവസാനത്തോടെ പിരിച്ചുവിടുമെന്ന് ഡിസ്‌നി വേള്‍ഡ് വ്യാഴാഴ്ച പ്രാദേശിക നേതാക്കള്‍ക്ക് അയച്ച കത്തില്‍ പറഞ്ഞു.
ഫ്‌ലോറിഡയിലെ 6,400 നോണ്‍യൂണിയന്‍ ഡിസ്‌നി ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെടുമെന്ന് കമ്പനി അധികൃതര്‍ നേരത്തെ പറഞ്ഞിരുന്നു. ഈ ആഴ്ച ആദ്യം, 720 ഡിസ്‌നി വേള്‍ഡ് അഭിനേതാക്കളെയും ഗായകരെയും ഫ്‌ലോറിഡ റിസോര്‍ട്ടിലെ തത്സമയ വിനോദ പരിപാടികള്‍ ഇല്ലാത്തതിനാല്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നുവെന്ന് ലേബര്‍ യൂണിയന്‍ ആക്ടേഴ്‌സ് ഇക്വിറ്റി അസോസിയേഷന്‍ പറഞ്ഞു.
പകര്‍ച്ചവ്യാധി കാരണം കാലിഫോര്‍ണിയയിലെയും ഫ്‌ലോറിഡയിലെയും പാര്‍ക്ക് ഡിവിഷനിലെ 28,000 ജോലികള്‍ ഇല്ലാതാക്കാന്‍ വാള്‍ട്ട് ഡിസ്‌നി കമ്പനി കഴിഞ്ഞ മാസം എടുത്ത തീരുമാനത്തിന്റെ ഭാഗമാണ് പിരിച്ചുവിടലുകള്‍. കൊറോണ വൈറസ് യുഎസില്‍ വ്യാപിക്കാന്‍ തുടങ്ങിയതോടെ ഡിസ്‌നിയുടെ പാര്‍ക്കുകള്‍ അടച്ചിരുന്നു. ഫ്‌ലോറിഡ പാര്‍ക്കുകള്‍ ഈ വേനല്‍ക്കാലത്ത് വീണ്ടും തുറന്നു. ഒരേ സമയത്തും എത്രപേര്‍ പാര്‍ക്കുകളില്‍ ഉണ്ടായിരിക്കാമെന്നതും സാമൂഹിക അകലം പാലിക്കുന്നതും മാസ്‌ക് ധരിക്കുന്നതും സംബന്ധിച്ച കാര്യങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. കാലിഫോര്‍ണിയ സംസ്ഥാനത്തെ നിയന്ത്രണങ്ങള്‍ കാരണം കാലിഫോര്‍ണിയ പാര്‍ക്കുകള്‍ വീണ്ടും തുറന്നിട്ടില്ല.