
ന്യൂഡല്‍ഹി: ഈ വര്‍ഷം രാജ്യത്തെ വെയര്‍ഹൗസിംഗ് ആവശ്യകത 160 ശതമാനം ഉയര്‍ച്ച പ്രകടമാക്കി 35 ദശലക്ഷം ചതുരശ്ര അടിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ജെഎല്‍എല്‍ തയാറാക്കിയ റിപ്പോര്‍ട്ട്. എന്നാല്‍ ലോക്ക്ഡൗണുകള്‍ സംഭവിച്ചാല്‍ ഇതില്‍ മാറ്റമുണ്ടാകുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നുണ്ട്. പ്രതികൂലമായ സാമൂഹിക-സാമ്പത്തിക അന്തരീക്ഷമുണ്ടായിട്ടും, ഡെല്‍ഹി-എന്‍സിആര്‍, മുംബൈ, ബാംഗ്ലൂര്‍, ചെന്നൈ, പൂനെ, കൊല്‍ക്കത്ത, ഹൈദരാബാദ്, അഹമ്മദാബാദ് എന്നിങ്ങനെ രാജ്യത്തെ എട്ട് മുന്‍നിരനഗരങ്ങളിലെ വെയര്‍ഹൗസിംഗ് സ്റ്റോക്കില്‍ കഴിഞ്ഞ വര്‍ഷം 27 ദശലക്ഷം ചതുരശ്ര അടി കൂട്ടിച്ചേര്‍ക്കപ്പെട്ടു. 2020 അവസാനത്തിലെ കണക്ക് പ്രകാരം മൊത്തം 238 ദശലക്ഷം ചതുരശ്ര അടിയാണ് രാജ്യത്തിന്റെ വെയര്‍ഹൗസിംഗ് സ്റ്റോക്ക്.
2020 നാലാം പാദത്തില്‍ വിതരണവും ഏറ്റെടുക്കലും വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന തലത്തിലെത്തി. 8 മുന്‍നിര നഗരങ്ങളിലായുള്ള ഗ്രേഡ് എ & ബി വെയര്‍ഹൗസിംഗിലെ മൊത്തം സ്റ്റോക്കുകളില്‍, വ്യാവസായിക സ്‌പേസുകള്‍ 13 ശതമാനം വളര്‍ച്ച മുന്‍ വര്‍ഷം നാലാംപാദത്തെ അപേക്ഷിച്ച് സ്വന്തമാക്കിയെന്ന് ജെഎല്‍എല്‍ ഇന്‍ഡസ്ട്രിയല്‍ സര്‍വീസസ് ഹെഡ് യോഗേഷ് ഷെവാദെ പറഞ്ഞു. 2019ന്റെ അവസാനത്തില്‍ മുന്‍നിര നഗരങ്ങളിലെ വെയര്‍ഹൗസിംഗ് സ്‌പേസ് 211 ദശലക്ഷം ചതുരശ്ര അടി ആയിരുന്നു.
'ഇവിടെ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം, 2020ല്‍ അന്തിമ ഉപയോക്താക്കള്‍ സ്ഥലം ഏറ്റെടുക്കുന്നതിന് ചില നൂതന മാര്‍ഗങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. നിലവില്‍ പാട്ടത്തിന് നല്‍കിയിട്ടുള്ള സ്‌പെസുകളില്‍ ഉപയോഗിക്കപ്പെട്ടിട്ടില്ലാത്ത സ്‌പെയ്‌സുകള്‍, 9-12 മാസത്തിന്റെ ഹ്രസ്വകാലയളവിലേക്ക് അല്ലെങ്കില്‍ താല്‍ക്കാലികമായി ഉപ-പാട്ടത്തിലൂടെ ഏറ്റെടുക്കുന്നു. നേരത്തേ തന്നെ പാട്ടത്തിന് നല്‍കപ്പെട്ടതായതിനാല്‍ ഇത്തരം കരാറുകള്‍ കണക്കുകളില്‍ ഉള്‍പ്പെട്ടിട്ടില്ല, ' ഷെവാദെ പറഞ്ഞു.
2021ല്‍ ഏതാണ്ട് 35 ദശലക്ഷം ചതുരശ്ര അടി ഏറ്റെടുക്കപ്പെടും, ഇത് 2019 ലെ തലത്തിന് സമാനമാണ.് 3 പിഎല്‍ (തേര്‍ഡ് പാര്‍ട്ടി ലോജിസ്റ്റിക്‌സ്), ഇ-കൊമേഴ്‌സ് തുടങ്ങിയ മേഖലകളില്‍ വര്‍ദ്ധിച്ചുവരുന്ന ആവശ്യമാണ് വെയര്‍ഹൗസിംഗ് ആവശ്യകതയെ നയിക്കുന്നത്. 3തേര്‍ഡ് പാര്‍ട്ടി ലോജിസ്റ്റിക്‌സ് അതിവേഗം വളരുന്ന ഒരു വിഭാഗമായി മാറി. 2020ലെ മൊത്തം അറ്റ ഏറ്റെടുക്കലുകളില്‍ 35 ശതമാനത്തോളം സംഭാവന ചെയ്തത് ഈ വിഭാഗമാണ്. കോവിഡ് 19 ഇ-കൊമേഴ്‌സ് മേഖലയില്‍ നിന്നുള്ള ആവശ്യകത ഉയരുന്നതിന് ഇടയാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.