ഫോണ്‍ നഷ്ടപ്പെട്ടോ?ബ്ലോക്ക് ചെയ്യാന്‍ ഇനി സര്‍ക്കാര്‍ വെബ്‌സൈറ്റിലും സൗകര്യം; അറിയാം കൂടുതല്‍ കാര്യങ്ങള്‍; പുത്തന്‍ സംവിധാനമൊരുക്കി കേന്ദ്രസര്‍ക്കാര്‍

January 04, 2020 |
|
News

                  ഫോണ്‍ നഷ്ടപ്പെട്ടോ?ബ്ലോക്ക് ചെയ്യാന്‍ ഇനി സര്‍ക്കാര്‍ വെബ്‌സൈറ്റിലും സൗകര്യം; അറിയാം കൂടുതല്‍ കാര്യങ്ങള്‍; പുത്തന്‍ സംവിധാനമൊരുക്കി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി:  കളഞ്ഞു പോയ ഫോണ്‍ മറ്റാര്‍ക്കും ഉപയോഗിക്കാന്‍ സാധിക്കാത്ത വിധം ബ്ലോക്ക് ചെയ്യാന്‍ ഇപ്പോള്‍ ഒരു സര്‍ക്കാര്‍ വെബ്‌സൈറ്റ് ലഭ്യമാണ്. 2019 സെപ്റ്റംബറില്‍ മുംബൈയില്‍ തുടക്കമിട്ട സെന്‍ട്രല്‍ എക്യുപ്‌മെന്റ് ഐഡന്റിറ്റി രജിസ്റ്റര്‍ (സിഇഐആര്‍) ഇപ്പോള്‍ ഡല്‍ഹിയിലും ലഭ്യമായി തുടങ്ങി. മൊബൈല്‍ഫോണ്‍ മോഷ്ടിക്കപ്പെടുകയോ കളഞ്ഞുപോവുകയോ ചെയ്താല്‍ ഈ വെബ്‌സൈറ്റ് വഴി നിങ്ങളുടെ ഫോണ്‍ ബ്ലോക്ക് ചെയ്യാന്‍ സാധിക്കും. ഈ വര്‍ഷം തന്നെ രാജ്യത്തെ മറ്റിടങ്ങളിലേക്കും ഈ സേവനം വ്യാപിപ്പിക്കുമെന്നാണ് സൂചന.

http://www.ceir.gov.in എന്ന യുആര്‍എല്‍ സന്ദര്‍ശിച്ചാല്‍ മതി. ഫോണുകളുടെ ഐഎംഇഐ നമ്പര്‍ ഉപയോഗിച്ചാണ് ഇത് ട്രാക്ക് ചെയ്യുന്നത്. ഈ വെബ്‌സൈറ്റ് വഴി ഫോണ്‍ ബ്ലോക്ക് ചെയ്യണമെങ്കില്‍ ഫോണ്‍ നഷ്ടമായതായി ഒരു എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണം. രാജ്യത്തിന്റെ സാങ്കേതിക മുന്നേറ്റവും ഡിജിറ്റല്‍ വൈദഗ്ധ്യവും കണക്കിലെടുത്ത് വ്യക്തികളുടെ വ്യക്തിവിവരങ്ങള്‍ അടങ്ങിയ ഫോണുകളുടെ സുരക്ഷയും നിര്‍ണായകമാണെന്ന് ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. വികസനത്തിനായി ഞങ്ങള്‍ സാങ്കേതികവിദ്യ പരമാവധി ഉപയോഗപ്പെടുത്തുമ്പോള്‍, സ്വന്തം ലക്ഷ്യങ്ങള്‍ക്കായി സാങ്കേതികവിദ്യ ദുരുപയോഗം ചെയ്യുന്ന കുറേ കുറ്റവാളികളുമുണ്ടെന്ന് അ?ദ്ദേഹം പറഞ്ഞു.

സിഇഐആര്‍ വഴി ഫോണ്‍ ബ്ലോക്ക് ചെയ്യുന്നതിനുള്ള നടപടി

ആദ്യം അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ ഫോണ്‍ നഷ്ടപ്പെട്ടതിനെകുറിച്ച് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുക. ആ റിപ്പോര്‍ട്ടിന്റെ കോപ്പി കയ്യില്‍ കരുതണം. വെബ്‌സൈറ്റിലെ അപേക്ഷാ ഫോറം പൂരിപ്പിക്കുന്നതിന് അത് ആവശ്യമാണ്. നഷ്ടപ്പെട്ട ഫോണിലെ സിംകാര്‍ഡുകള്‍ക്ക് ഡ്യൂപ്ലിക്കേറ്റ് സിംകാര്‍ഡുകളും വാങ്ങിയിരിക്കണം. പൊലീസ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ്, തിരിച്ചറിയല്‍ കാര്‍ഡ്, സാധിച്ചാല്‍ ഫോണ്‍ വാങ്ങിയ ബില്ല് എന്നിവ കയ്യില്‍ കരുതുക.

ഇതിന് ശേഷം ഫോണിന്റെ ഐഎംഇഐ നമ്പര്‍ ബ്ലോക്ക് ചെയ്യുന്നതിനുള്ള അപേക്ഷാ ഫോം പൂരിപ്പിക്കുക. മുകളില്‍ പറഞ്ഞ രേഖകള്‍ അപേക്ഷയ്‌ക്കൊപ്പം അറ്റാച്ച് ചെയ്യണം. നിങ്ങളുടെ മൊബൈല്‍ നമ്പര്‍ നല്‍കണം, രണ്ട് നമ്പറുകളുണ്ടെങ്കില്‍ രണ്ടും. രണ്ട് സിംകാര്‍ഡ് സൗകര്യമുള്ള ഫോണ്‍ ആണ് നിങ്ങളുടേത് എങ്കില്‍ രണ്ട് ഐഎംഇഐ നമ്പറുകളും നല്‍കണം. ഫോണ്‍ വാങ്ങിയ പെട്ടിയില്‍ ഐഎംഇഐ നമ്പറുകള്‍ കാണാം.

ഫോണുകള്‍ വാങ്ങുമ്പോള്‍ എപ്പോഴും ഐഎംഇഐ നമ്പറുകള്‍ എവിടെയെങ്കിലും എഴുതി സൂക്ഷിച്ച് വെക്കുക. ഭാവിയില്‍ ഇങ്ങനെയുള്ള ആവശ്യങ്ങള്‍ക്ക് അത് ഉപയോഗിക്കാം. ഫോണിന്റെ ബ്രാന്റ്, മോഡല്‍, പര്‍ചേസ് ഇന്‍വോയ്‌സ് എന്നിവയും നല്‍കുക. ഫോണ്‍ നഷ്ടമായ സ്ഥലവും, തീയ്യതിയും നല്‍കുക. ഫോണ്‍ ഉടമ അയാളുടെ പേര്, വിലാസം, മൊബൈല്‍ നമ്പര്‍, തിരിച്ചറിയല്‍ രേഖകള്‍ എന്നിവയില്‍ ഏതെങ്കിലും അപേക്ഷയ്‌ക്കൊപ്പം നല്‍കണം.

അപേക്ഷ നല്‍കിക്കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ഒരു റിക്വസ്റ്റ് ഐഡി ലഭിക്കും. ഈ ഐഡി ഉപയോഗിച്ച് ഐഎംഇഐ നമ്പര്‍ ബ്ലോക്ക് ചെയ്യുന്നതിനുള്ള അപേക്ഷ നടപ്പിലായോ എന്ന് പരിശോധിക്കാം. ഫോണ്‍ തിരികെ ലഭിച്ചാല്‍ ബ്ലോക്ക് എങ്ങനെ ഒഴിവാക്കാം? ഫോണ്‍ തിരികെ ലഭിച്ചാല്‍ അക്കാര്യം ആദ്യം പൊലീസില്‍ അറിയിക്കുക. അതിന് ശേഷം ഇതേ വെബ്‌സൈറ്റില്‍ തന്നെ ഫോണ്‍ അണ്‍ബ്ലോക്ക് ചെയ്യാനുള്ള അപേക്ഷ നല്‍കാം. അപേക്ഷ നല്‍കിക്കഴിഞ്ഞ് അണ്‍ബ്ലോക്ക് ഒഴിവാക്കാന്‍ സമയമെടുക്കും. അതിനാല്‍ റിക്വസ്റ്റ് ഐഡി ഉപയോഗിച്ച് വിവരം അന്വേഷിക്കുക.

 

Related Articles

© 2025 Financial Views. All Rights Reserved