
മനുഷ്യരാശിക്ക് തന്നെ കടുത്ത ഭീഷണിയുയര്‍ത്തിക്കൊണ്ട് കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുകയാണ്. ചൈനലയിലെ വുഹാനില്‍ നിന്നും പൊട്ടിപ്പുറപ്പെട്ടിരിക്കുന്ന കൊലവിളിയുയര്‍ത്തുന്ന ഈ രോഗം നിലവില്‍ വിവിധ ഏഷ്യന്‍ രാജ്യങ്ങളില്‍ അതായത് പത്തിലധികം രാജ്യങ്ങളില്‍ 600ല്‍ അധികം പേര്‍ക്ക് പിടിപെട്ടതായി സ്ഥിരീകരിച്ചിരിക്കുന്നത്.
18 പേരാണ് ഈ രോഗം ബാധിച്ച് ഇതുവരെ മരിച്ചിരിക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇതുവരെ ഏതാണ്ട് 10,000 പേരെ കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഈ അവസരത്തില്‍ ഈ രോഗവുമായി ബന്ധപ്പെട്ട് ആശങ്ക നിറഞ്ഞ ചോദ്യങ്ങളാണ് ഏവരുടെയും മനസില്‍ ഉയരുന്നത്.എന്താണ് വുഹാന്‍ കൊറോണ വൈറസ്...? എങ്ങനെയാണ് മനുഷ്യരില്‍ എത്തുന്നത്..? വളര്‍ത്തുമൃഗങ്ങളെ ഭയപ്പെടാമോ...? ചൈനയില്‍ നിന്ന് ഇന്ത്യയിലേക്കെത്താന്‍ എത്ര നാളെടുക്കും...? രോഗ ലക്ഷണങ്ങള്‍ തിരിച്ചറിയാനാവുമോ...? ജീവന്‍ കാക്കാന്‍ എന്തൊക്കെ ചെയ്യണം..? ലോകത്തെ ഭീഷണിയിലാക്കിയ കൊറോണ വൈറസിനെ കുറിച്ച് അറിയേണ്ടതെല്ലാം.
എന്താണ് വുഹാന്‍ കൊറോണ വൈറസ്...?
മനുഷ്യരിലും മൃഗങ്ങളിലും ജീവന്‍ കവരാന്‍ വരെ ശേഷിയുള്ള അപകടകാരിയായ വൈറസാണിത്.ഇതൊരു ആന്‍എന്‍എ അഥവാ റൈബോന്യൂക്ലിക് ആസിഡ് വൈറസാണ്. അതായത് ഈ വൈറസിന് തങ്ങള്‍ ചേക്കേറുന്ന മനുഷ്യന്റെയോ മൃഗങ്ങളുടെയോ കോശങ്ങളെ പിളര്‍ന്ന് അതില്‍ പ്രത്യുല്‍പാദനം നടത്താനാവും. അതിനാല്‍ ആര്‍എന്‍എ വൈറസുകള്‍ അതിവേഗമാണ് പടര്‍ന്ന് പിടിക്കുന്നത്. ഈ രോഗബാധ പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പ് ഒരിക്കലും വുഹാന്‍ കൊറോണ വൈറസിനെ തിരിച്ചറിഞ്ഞിരുന്നില്ല. 2019-എന്‍കോവ് എന്നാണിതിനെ വിളിക്കുന്നത്.
ഇതിനെ കുറിച്ച് കൂടുതല്‍ അറിയാത്തതിനാല്‍ വിശദമായി പേരില്ല. മനുഷ്യര്‍, കന്നുകാലികള്‍, പന്നികള്‍, കോഴികള്‍, നായകള്‍, പൂച്ചകള്‍, കാട്ടുമൃഗങ്ങള്‍ എന്നിവയടങ്ങിയ വളരെ വൈവിധ്യമാര്‍ന്ന സ്പീഷീസുകളെ ബാധിക്കാന്‍ ഈ വൈറസിന് സാധിക്കുമെന്നാണ് പിര്‍ബ്രൈറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോ. ഹെലെന മെയെര്‍ പറയുന്നത്.പുതിയ കൊറോണ വൈറസിനെ തിരിച്ചറിയുന്നതിന് മുമ്പ് മനുഷ്യരെ ബാധിക്കുന്ന ആറ് വ്യത്യസ്ത തരത്തിലുള്ള കൊറോണ വൈറസുകളെ തിരിച്ചറിഞ്ഞിരുന്നുവെന്നും ഇവയില്‍ നാലെണ്ണം സാധാരണ രീതിയിലുള്ള ജലദോഷം പോലുള്ള രോഗമുണ്ടാക്കുന്നവയാണെന്നും ഡോ. ഹെലെന പറയുന്നു.
എന്നാല്‍ 2002ല്‍ തിരിച്ചറിഞ്ഞ രണ്ട് കൊറോണ വൈറസുകള്‍ മനുഷ്യരെ കൂടുതല്‍ ഗുരുതമായി ബാധിക്കുന്നവയാണെന്ന് കണ്ടെത്തിയിരുന്നുവെന്നും ഹെലെന പറയുന്നു. സിവിയര്‍ അക്യൂട്ട് റെസ്പിറേറ്ററി സിന്‍ഡ്രോം അഥവാ സാര്‍സ്, മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോ അഥവാ മെര്‍സ് എന്നിവയാണിവ. ഒരു സ്പീഷിസില്‍ പെട്ട ജീവികളില്‍ നിന്നും മറ്റൊരു സ്പീഷിസില്‍ പെട്ട ജീവികളിലേക്ക് അതിവേഗത്തില്‍ പടര്‍ന്ന് പിടിക്കാന്‍ ഇവയ്ക്ക് സാധിക്കമെന്നതാണ് ഇവ വിതക്കുന്ന അപകടമേറുന്നത്. 11 മില്യണ്‍ പേര്‍ വസിക്കുന്ന ചൈനീസ് നഗരമായ വുഹാനില്‍ ആദ്യം കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് മൂന്നാഴ്ച മുമ്പായിരുന്നു.
എങ്ങനെയാണ് മനുഷ്യരില്‍ എത്തുന്നത്..?
കൊറോണ വൈറസുകള്‍ സാധാരണയായി മൃഗങ്ങളില്‍ നിന്നാണ് മനുഷ്യരിലേക്കെത്തുന്നതെന്നാണ് വിശ്വസിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടായിട്ടില്ല. സാര്‍സ്, മെര്‍സ് എന്നീ വൈറസുകള്‍ യഥാക്രമം വെരുകുകള്‍, ഒട്ടകങ്ങള്‍ എന്നിവയില്‍ നിന്നാണ് മനുഷ്യരിലേക്കെത്തിയതെന്നാണ് കരുതുന്നത്. വുഹാനിലെ മൃഗവിപണിയില്‍ ജോലി ചെയ്യുന്നവര്‍ അല്ലെങ്കില്‍ അവിടം സന്ദര്‍ശിച്ചവരിലാണ് വുഹാനില്‍ ഇപ്പോള്‍ ആദ്യ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് ഈ മാര്‍ക്കറ്റ് അന്വേഷണത്തിനായി അടച്ചിട്ടിരിക്കുകയാണ്.
ഔദ്യോഗികമായി കടല്‍ജീവികളെ വില്‍ക്കുന്ന മാര്‍ക്കറ്റാണിതെങ്കിലും ഇവിടെ മറ്റ് മൃഗങ്ങളെയും വിറ്റിരുന്നു.ഇപ്രാവശ്യത്തെ വൈറസ് ബാധ വവ്വാലുകളില്‍ നിന്നായിരിക്കാമെന്നാണ് മുഖ്യ സംശയമെന്നാണ് ചൈനീസ് അക്കാദമി ഓഫ് സയന്‍സസിലെ ഗവേഷകര്‍ പറയുന്നത്. എന്നാല്‍ വവ്വാലുകളില്‍ നിന്നും ഇവ മനുഷ്യരിലേക്ക് എത്തുന്നതിന് മധ്യവര്‍ത്തിയായി വര്‍ത്തിച്ച ജീവിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും അവര്‍ പറയുന്നു. ഈ വൈറസ് ആദ്യം പാമ്പുകളെയാണ് ബാധിക്കുന്നതെന്നും ഇവയിലൂടെ വുഹാന്‍ മാര്‍ക്കറ്റില്‍ നിന്നും അത് മനുഷ്യരിലേക്കെത്തിയെന്നുമാണ് മറ്റൊരു സയന്റിഫിക്ക് ജേര്‍ണലിലെ ലേഖനം വെളിപ്പെടുത്തുന്നത്.
ചൈനയില്‍ നിന്ന് ഇന്ത്യയിലേക്കെത്താന്‍ എത്ര നാളെടുക്കും...?
നമ്മുടെ അയല്‍രാജ്യമായ ചൈനയില്‍ കൊറോണ വൈറസ് പടര്‍ന്ന് പിടിച്ചതിനാല്‍ അത് വേഗത്തില്‍ ഇന്ത്യയിലേക്കെത്താന്‍ സാധ്യതയേറെയാണെന്ന ആശങ്ക നമ്മെ അലട്ടുന്നുണ്ട്. ഈ വൈറസിനെ കുറിച്ച് വളരെ കുറച്ച് മാത്രമേ നമുക്കറിയുകയുള്ളുവെന്നതാണ് അന്താരാഷ്ട്ര സമൂഹം ഇതിനെ കുറിച്ച് ആശങ്കപ്പെടുന്നതിനുള്ള ഒരു കാരണമെന്നാണ് വിദഗ്ദ്ധര്‍ പറയന്നത്. ഇത് വളരെ വേഗത്തില്‍ പടരുന്നതും ആശങ്കക്ക് വഴിമരുന്നിടുന്നു.
2003ല്‍ 8000 പേരെ ബാധിക്കുകയും 800 പേരുടെ ജീവന്‍ എടുക്കുകയും ചെയ്ത സാര്‍സിന് സമാനമായാണ് കൊറോണയും പടരുന്നത്. ഇതിന് മുമ്പ് ഈ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതിനാല്‍ ആര്‍ക്കും ഈ വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള ശേഷിയില്ല. അതിനാല്‍ ഇതിന് മുമ്പുള്ള വൈറസ് ബാധകളേക്കാള്‍ ഇതിന് കൂടുതല്‍ നാശം വിതക്കാനാവുമെന്ന സാധ്യതയും ശക്തമാണ്. അയല്‍രാജ്യമായ ചൈനയില്‍ നിന്നും ഇത് ഇന്ത്യയിലെത്താന്‍ സാധ്യതയേറെയാണ്.
രോഗ ലക്ഷണങ്ങള്‍ തിരിച്ചറിയാനാവുമോ...?
കൊറോണ വൈറസ് പിടിപെട്ടാല്‍ രണ്ട് മുതല്‍ 14 ദിവസങ്ങള്‍ക്കം ലക്ഷണങ്ങള്‍ പ്രകടമാകും. മൂക്കൊലിപ്പ്, ചുമ, തൊണ്ട വേദന, ഉയര്‍ന്ന ചൂടുള്ള പനി തുടങ്ങിയവയാണ് പ്രാരംഭ ലക്ഷണങ്ങള്‍.
റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 97 ശതമാനം പേരും യാതൊരു പ്രശ്‌നവുമില്ലാതെ അല്ലെങ്കില്‍ വൈദ്യസഹായമില്ലാതെ രക്ഷപ്പെട്ടിട്ടുണ്ട്. എന്നാല്‍ പ്രായമായവര്‍, നേരത്തെ രോഗമുള്ളവര്‍ തുടങ്ങി വളരെ ചെറിയ ന്യൂനപക്ഷത്തിന് കൊറോണ ബാധിച്ചാല്‍ അത് ന്യൂമോണിയയിലേക്ക് നയിക്കപ്പെടാനും അപകടം സംഭവിക്കാനും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
ജീവന്‍ കാക്കാന്‍ എന്തൊക്കെ ചെയ്യണം..?
നിലവില്‍ വുഹാനില്‍ നിന്നും പൊട്ടിപ്പുറപ്പെട്ടിരിക്കുന്ന കൊറോണ വൈറസ് ബാധ ചികിത്സിച്ച് മാറ്റുന്നതിനോ പ്രതിരോധിക്കുന്നതിനോ ഫലപ്രദമായ മരുന്നുകളോ വാക്‌സിനുകളോ കണ്ടെത്തിയിട്ടില്ലെന്നതാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്. ആന്റിബയോട്ടിക്‌സുകള്‍ ഇതിനെതിരായി പ്രവര്‍ത്തിക്കുന്നുമില്ല.
അതിനാല്‍ നിലവില്‍ കൊറോണ രോഗബാധ യുണ്ടെന്ന് സംശയിക്കുന്നവരില്‍ നിന്നും രോഗം മറ്റുള്ളവരിലേക്ക്കൂടി പടര്‍ന്ന് പിടിക്കാതിരിക്കാന്‍ രോഗലക്ഷണങ്ങളുള്ളവരെ അധികൃതര്‍ മാറ്റിപ്പാര്‍പ്പിക്കുകയാണ് ചെയ്യുന്നത്. അതിനാല്‍ ലക്ഷണങ്ങളുണ്ടെന്ന് സംശയിക്കുന്നവര്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യണമെന്നും വൈദ്യ സഹായം തേടണമെന്നും അധികൃതര്‍ കടുത്ത മുന്നറിയിപ്പാണേകുന്നത്.
ഈ വൈറസ് എത്രമാത്രം അപകടകാരിയാണ്...?
നിലവില്‍ കൊറോണ വൈറസ് 18 പേരുടെ ജീവനാണെടുത്തിരിക്കുന്നത്. അതായത് ഔദ്യോഗികമായി രോഗബാധയുണ്ടെന്ന് സ്ഥിരീകരിച്ചിരിക്കുന്ന 600 പേരില്‍ 18 പേരാണ് മരിച്ചത്. മരണ നിരക്ക് ഏതാണ്ട് മൂന്ന് ശതമാനമാണ്.
1918ല്‍ ഏതാണ്ട് 50 മില്യണ്‍ പേരുടെ ജീവന്‍ കവര്‍ന്നെടുത്ത സ്പാനിഷ് ഫ്‌ലൂ ബാധയിലെ മരണനിരക്കിനേക്കാള്‍ ഉയര്‍ന്ന നിരക്കാണിതെന്നതാണ് നിലവിലെ കൊറോണ വൈറസ് ബാധ ആശങ്കയേറ്റുന്നത്. യഥാര്‍ത്ഥത്തില്‍ രോഗംബാധിച്ചവര്‍ വിവിധ രാജ്യങ്ങളിലായി 10,000ത്തോളം പേര്‍ വരുമെന്നത് ആശങ്കയേറ്റുന്നുവെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.