
ദില്ലി: സംരക്ഷണവാദത്തില്‍ അധിഷ്ഠിതമായ നയങ്ങളിലേക്ക് മോദി സര്‍ക്കാര്‍ തിരിയുന്നുണ്ടെങ്കിലും ഓഹരി വിറ്റഴിക്കല്‍ പോലുള്ള കാര്യങ്ങളില്‍ കൂടുതല്‍ ഉദാരമായ സമീപനം കൈക്കൊള്ളാനാണ് തീരുമാനമെന്നാണ് സമീപകാലത്തെ പല വാര്‍ത്തകളും തെളിയിക്കുന്നത്. ബജറ്റില്‍ എല്‍ഐസിയും ഐഡിബിഐയും വിറ്റഴിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചതും ഇക്കാര്യങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷൂറന്‍സ് സ്ഥാപനമായ എല്‍ഐസിയുടെ പ്രാഥമിക ഓഹരികള്‍ വില്‍ക്കുമെന്നാണ് ധനവകുപ്പ്മന്ത്രി നിര്‍മലാ സീതാരാമന്‍ അറിയിച്ചത്. ഐഡിബിഐയിലുള്ള സര്‍ക്കാര്‍ ഓഹരികള്‍ മുഴുവനായും വില്‍ക്കാനാണ് തീരുമാനം.
എന്നാല്‍ ഈ ഓഹരി വിറ്റഴിക്കല്‍ പക്ഷെ കൂടുതല്‍ സങ്കീര്‍ണമായേക്കുമെന്നാണ് സൂചന. ബജറ്റ് പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ ബിഎംഎസ് അടക്കമുള്ള തൊഴിലാളി സംഘടനകള്‍ രംഗത്തെത്തിയിരിക്കുകയാണ്. വരുമാനത്തിനായി ദേശീയ സ്വത്ത് വില്‍ക്കുന്നത് അനുവദിക്കാനാകില്ലെന്നാണ് ബിഎംഎസ് അഭിപ്രായപ്പെട്ടത്. ബദല്‍ വരുമാന മാര്‍ഗം കണ്ടെത്തുന്നതിനായി ദേശീയ തലത്തില്‍ ചര്‍ച്ചകള്‍ അനിവാര്യമാണ് അല്ലാത്തപക്ഷം എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും മറ്റ് ആസ്തികളഉം ചുളുവിലയ്ക്ക് വില്‍ക്കുന്ന പ്രവണതയുണ്ടാകുമെന്നും ബിഎംഎസ് മുന്നറിയിപ്പ് നല്‍കി. ഐഡിബിഐയില്‍ 46.5% എല്‍ഐസിയില്‍ 100% ഉടമസ്ഥാവകാശമാണ് സര്‍ക്കാരിനുള്ളത്. എല്‍ഐസിയുടെ പ്രഥമ ഓഹരി വില്‍പ്പന 2021 സാമ്പത്തിക വര്‍ഷത്തില്‍ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സമീപകാലത്തുണ്ടാവുന്ന ഏറ്റവും വലിയ ഓഹരി വില്‍പ്പനയാകും ഇത്. എല്‍ഐസിയുടെ ഓഹരികള്‍ ലിസ്റ്റ് ചെയ്യുന്നതോടെ വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഏറ്റവും വലിയ കമ്പനിയായി മാറും.രാജ്യത്തിന്റെ സ്ഥിര ആസ്തികളെല്ലാം മോദി സര്‍ക്കാരിന്റെ കാലത്ത് വിറ്റൊഴിയുന്നതോടെ ഇതുവരെ എന്‍ഡിഎ സര്‍ക്കാര്‍ വാക്കാല്‍ അവകാശപ്പെട്ടുപോന്ന സ്വദേശി സിദ്ധാന്തങ്ങളുടെ ഭാവി എന്താകുമെന്ന ആശങ്കയാണ് ബാക്കിയാകുന്നത്. ഉദാരവത്കരണവും സ്വദേശി സാമ്പത്തിക സിദ്ധാന്തങ്ങളും തമ്മിലുള്ള വടംവലിയാകും വരും നാളുകളില്‍ കാണാനാകുക. ഇത് എങ്ങിനെ നിയന്ത്രിക്കാന്‍ സാധിക്കുമെന്നതിനെ ആശ്രയിച്ചായിരിക്കും മോദിയുടെ പരിഷ്‌കരണ നടപടികളുടെ ഭാവിയെന്നാണ് വിപണിയിലെ വിലയിരുത്തല്‍.