
ന്യൂയോര്‍ക്ക്: ഡൊണാള്‍ഡ് ട്രംപ് എന്ന പേര് അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ഉയര്‍ന്ന് കേള്‍ക്കുന്നതിനും എത്രയോ മുമ്പ് ഒരു വിജയിച്ച കോടീശ്വരന്‍ എന്ന രീതിയില്‍ ലോകം മുഴുവന്‍ കേട്ടതാണ്. ട്രംപിന്റെ വിജയ രഹസ്യത്തിന് വേണ്ടി ലോകം കാതോര്‍ത്തിരുന്നിട്ടും ഉണ്ട്. ഇപ്പോള്‍ സാമ്രാജ്യം നഷ്ടപ്പെട്ട രാജാവിനെ പോലെയായി ഡൊണാള്‍ഡ് ട്രംപ്. വീണ്ടും അധികാരത്തിലേറാം എന്ന പ്രതീക്ഷകളെല്ലാം തകിടം മറിഞ്ഞു. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ കുടുംബ ബിസിനസ്സിന് ഏറ്റത് വന്‍ തിരിച്ചടിയും. പ്രസിഡന്റ് അല്ലാത്ത ട്രംപ് ഇനി എന്തായിരിക്കും ചെയ്യുക എന്നാണ് ബിസിനസ് ലോകം ഉറ്റുനോക്കുന്നത്.
ബിസിനസ്സുകാരന്‍ എന്ന നിലയില്‍ ഒരു സമ്പൂര്‍ണ വിജയമായിരുന്നു ഡൊണാള്‍ഡ് ട്രംപിന്റെ ജീവിതം. ബിരുദ പഠനത്തിന് പിറകെ കുടുംബ ബിസിനസില്‍ പങ്കാളിയായിത്തുടങ്ങിയ ആ ബിസിനസ് ജീവിതം ഒരു ഘട്ടത്തിലും പതറിയിരുന്നില്ല. എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റ് ആയപ്പോള്‍ കാര്യങ്ങള്‍ മാറി മറിഞ്ഞു.
റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ആയ ഡൊണാള്‍ഡ് ട്രംപ്, ട്രംപ് ഓര്‍ഗനൈസേഷനിലെ തന്റെ ഓഹരികള്‍ വിറ്റയക്കാന്‍ സമ്മതിച്ചിരുന്നില്ല. പകരം വിരുദ്ധ താത്പര്യങ്ങള്‍ (കോണ്‍ഫ്ലിറ്റ്സ് ഓഫ് ഇന്ററസ്റ്റ്) ഒഴിവാക്കാന്‍ ചില സൂത്രങ്ങള്‍ സ്വീകരിക്കുകയായിരുന്നു ചെയ്തത്. ഇത് വലിയ വിവാദത്തിനും വഴിവച്ചിരുന്നു.
വിരുദ്ധ താത്പര്യങ്ങള്‍ ഒഴിവാക്കുന്നതിന് വേണ്ടി സ്വീകരിച്ച നടപടികള്‍ ട്രംപ് ഓര്‍ഗനൈസേഷന് സമ്മാനിച്ചത് വലിയ നഷ്ടങ്ങള്‍ ആയിരുന്നു. അമേരിക്കയ്ക്ക് പുറത്ത് ഒരു ഇടപാടും നടത്തില്ല എന്നതായിരുന്നു പ്രധാന തീരുമാനങ്ങളില്‍ ഒന്ന്. ഇത് മാത്രം ട്രംപ് ഓര്‍ഗനൈസേഷന് ശതകോടികളുടെ നഷ്ടമാണ് ഉണ്ടാക്കിയത്.
പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജോ ബൈഡനോട് പരാജയപ്പെട്ടതോടെ ട്രംപിന് ഇനി പഴയതുപോലെ ബിസിനസ് ലോകത്തേക്ക് മടങ്ങിയെത്താം. ഒരു തടസ്സവും ഉണ്ടാവില്ല. കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് ഉണ്ടായ നഷ്ടങ്ങള്‍ മുഴുവന്‍ നികത്താനുള്ള പരിശ്രവും തുടങ്ങാവുന്നതാണ്. ബജറ്റ് ഹോട്ടലുകളുടെ ഒരു ശൃംഖല തുടങ്ങാന്‍ ട്രംപ് ഓര്‍ഗനൈസേഷന്‍ ആലോചിച്ചിരുന്നു. എന്നാല്‍ ട്രംപ് പ്രസിഡന്റ് പദവിയില്‍ ഇരിക്കുന്നതിനാല്‍ ആ പദ്ധതി ഉപേക്ഷിച്ചു. ഇതുകൂടാതെ ഒരു ഡസണോളം വിദേശ കരാറുകളും ട്രംപ് ഓര്‍ഗനൈസേഷന് ഇക്കാലയളവില്‍ നഷ്ടമായിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ട്രംപിന് ഒരു സ്വകാര്യ വ്യക്തി എന്ന നിലയില്‍ ബിസിനസ് മേഖലയിലേക്ക് തിരിച്ചെത്താന്‍ തടസ്സമൊന്നും ഇല്ല. എന്നാല്‍ കൊവിഡ് സൃഷ്ടിച്ച മാന്ദ്യത്തിന്റെ ഈ സമയത്ത് അത് എത്രത്തോളം സാധ്യമാകും എന്നത് ഏറെ പ്രധാനപ്പെട്ട ഒരു വിഷയമാണ്. ഹോട്ടല്‍ ശൃംഖലയാണ് ട്രംപിന്റെ പ്രധാന മേഖല എന്നതും ഈ സാഹചര്യത്തില്‍ പ്രശ്നമാണ്.
ഒരുകാലത്ത് ടെലിവിഷന്‍ മേഖലയില്‍ നിറഞ്ഞുനിന്ന ആളാണ് ഡൊണാള്‍ഡ് ട്രംപ്. ഒരുപക്ഷേ, ഈ മേഖലയിലേക്ക് അദ്ദേഹം വീണ്ടും തിരികെ വന്നേക്കാം എന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്തായാലും ഇത്തവണ തികച്ചും രാഷ്ട്രീയ ചായ് വുകളോടെ മാത്രമേ അത് ഉണ്ടാകൂ എന്ന് ഉറപ്പാണ്. അന്താരാഷ്ട്ര ഇടപാടുകളുടെ കാര്യത്തിലുള്ള നിയന്ത്രണങ്ങള്‍ നീക്കുക എന്നതാണ് ട്രംപ് ഓര്‍ഗനൈസേഷന് തിരിച്ചുവരവിനുള്ള ഏറ്റവും പ്രധാനപ്പെട്ട മാര്‍ഗ്ഗം. പക്ഷേ, അതിനും ചില നിയമക്കുരുക്കുകള്‍ ഉണ്ടായേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്തായാലും ഇതുവരേയും തോല്‍വി സമ്മതിക്കാന്‍ തയ്യാറാകാത്ത ട്രംപിന്റെ അടുത്ത നീക്കം എന്തായിരിക്കുമെന്ന കാത്തിരിപ്പ് തന്നെ കൗതുകകരമാണ്.