
ഏറെ കാലത്തെ കാത്തിരിപ്പിന് ശേഷം വാട്ട്സ്ആപ്പിന്റെ പേയ്മെന്റ് സേവനമായ 'വാട്ട്സ്ആപ്പ് പേ' കടമ്പകളെല്ലാം പൂര്‍ത്തിയാക്കി പേയ്മെന്റ് സേവനങ്ങള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. വാട്സാപ്പ് യുപിഐ പേയ്മെന്റ് ഫീച്ചര്‍ അടുത്ത കാലം വരെ ബീറ്റ പരിശോധനയുടെ ഭാഗമായിരുന്നു. ഡാറ്റാ ലോക്കലൈസേഷന്‍ മാനദണ്ഡങ്ങള്‍ പാലിക്കുമെന്ന് വാട്ട്സ്ആപ്പ് റിസര്‍വ് ബാങ്കിനും എന്‍പിസിഐയ്ക്കും ഉറപ്പ് നല്‍കി.
ഇതോടെ വാട്ട്സ്ആപ്പ് പേ ഇന്ത്യയില്‍ ലൈവ് ആകുന്നതിന് ഒരു പടി കൂടി അടുത്തിരിക്കുകയാണ്. രാജ്യത്തിന്റെ ഡാറ്റാ സംഭരണ നിയമങ്ങള്‍ വാട്ട്സ്ആപ്പ് പാലിക്കുന്നതില്‍ സംതൃപ്തരാണെന്നും എല്ലാവര്‍ക്കുമായി ഏകീകൃത പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) കൊണ്ടുവരുമെന്നും ജൂണില്‍ റിസര്‍വ് ബാങ്ക് സമര്‍പ്പിച്ച ഒരു സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു. കമ്പനികള്‍ പേയ്മെന്റ് ഡാറ്റ, ഉപഭോക്തൃ ഡാറ്റ, പേയ്മെന്റുകളെക്കുറിച്ചുള്ള മറ്റ് വിശദാംശങ്ങള്‍, സെറ്റില്‍മെന്റ് ട്രാന്‍സാക്ഷന്‍ എന്നിവ ഉള്‍പ്പെടെയുള്ള കൂടുതല്‍ കാര്യങ്ങള്‍ ഇന്ത്യയില്‍ തന്നെ സംഭരിക്കണമെന്നാണ് റിസര്‍വ് ബാങ്കിന്റെ പ്രാദേശിക ഡാറ്റ സംഭരണ നിയമം.
'സെര്‍ട്ട്-ഇന്‍ ഓഡിറ്റേഴ്സ് റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയുള്ള ഡാറ്റാ ലോക്കലൈസേഷന്‍ ആവശ്യകതകള്‍ വാട്ട്സ്ആപ്പ് തൃപ്തിപ്പെടുത്തിയെന്നും ഞങ്ങള്‍ ഇതിനാല്‍ ഐസിഐസിഐ ബാങ്കിന് (വാട്ട്സ്ആപ്പിന്റെ പേയ്മെന്റ് സേവന ദാതാവായ ബാങ്ക്) ലൈവാകാനുള്ള അനുമതി നല്‍കുന്നുവെന്നും' റിസര്‍വ് ബാങ്ക് അറിയിച്ചു.
പേയ്മെന്റ് സേവനങ്ങള്‍ തുടങ്ങാന്‍ വാട്‌സ്ആപ്പ് ഉടമസ്ഥരായ ഫേസ്ബുക്കിന് നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ (എന്‍പിസിഐ) നിന്ന് നേരത്തെ അനുമതി ലഭിച്ചിരുന്നു. ആര്‍ബിഐ അംഗീകരിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് എന്‍പിസിഐയുടെ അംഗീകാരവും ലഭിച്ചത്. ഡാറ്റാ ലോക്കലൈസേഷനെക്കുറിച്ചുള്ള സര്‍ക്കാരിന്റെ നിലപാടിനെ വാട്ട്‌സ്ആപ്പ് എതിര്‍ത്തതായിരുന്നു കമ്പനിയുടെ പേയ്‌മെന്റ് സേവന സമാരംഭത്തിലെ കാലതാമസത്തിന് ഒരു പ്രധാന കാരണം.
ബീറ്റ പരിശോധനയുടെ ഭാഗമായി ഇന്ത്യയിലെ ഒരു ദശലക്ഷം ഉപയോക്താക്കള്‍ക്ക് വാട്ട്സ്ആപ്പ് പേ വാഗ്ദാനം ചെയ്യുന്നതായി 2018-ല്‍ ഫേസ്ബുക്ക് പ്രഖ്യാപിച്ചിരുന്നെങ്കിലും എന്‍പിസിഐ അംഗീകാരത്തിന്റെ കാലതാമസം കാരണം ഇത് ഔദ്യോഗികമായി ആരംഭിക്കാന്‍ കഴിഞ്ഞിരുന്നില്ല. കാലിഫോര്‍ണിയ ആസ്ഥാനമായ കമ്പനിക്ക് ഫെബ്രുവരിയിലാണ് വാട്‌സ്ആപ്പ് പേ പ്രവര്‍ത്തിപ്പിക്കാന്‍ എന്‍പിസിഐ അനുമതി നല്‍കിയത്. സര്‍ക്കാരിന്റെ യുപിഐ സ്‌കീം ഉപയോഗിച്ച് തന്നെയായിരിക്കും വാട്‌സ്ആപ്പ് പേയും പ്രവര്‍ത്തിക്കുക.