
ബെംഗളൂരു: യുപിഐ (യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ്) വഴിയുള്ള ഡിജിറ്റല്‍ പേയ്മെന്റുകളുടെ ഉപയോക്തൃ പരിധി 100 ദശലക്ഷമായി ഉയര്‍ത്താന്‍ വാട്ട്സ്ആപ്പിന് അനുമതി. നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ(എന്‍പിസിഐ)യാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ വര്‍ഷം നവംബറില്‍, എന്‍പിസിഐ വാട്ട്സ്ആപ്പ് പേയ്ക്ക് അതിന്റെ ഉപയോക്തൃ അടിത്തറ മുമ്പത്തെ പരിധിയായ 20 ദശലക്ഷത്തില്‍ നിന്ന് ഇരട്ടിയാക്കാന്‍ അനുവദിച്ചിരുന്നു.
ഇന്ത്യയിലെ തങ്ങളുടെ എല്ലാ ഉപയോക്താക്കള്‍ക്കും ഒരു പരിധിയുമില്ലാതെ യുപിഐ പേയ്മെന്റിന് വാട്സ്ആപ്പ് അനുമതി തേടിയിരുന്നു. എന്നിരുന്നാലും, എന്‍പിസിഐ ഇതിന് 100 മില്യണിന്റെ വര്‍ദ്ധിച്ച പരിധി ഇപ്പോള്‍ അനുവദിച്ചിരിക്കുകയാണ്. ബുധനാഴ്ച രാത്രി വൈകി നടത്തിയ പ്രസ്താവനയില്‍ എന്‍പിസിഐ ഇത് സ്ഥിരീകരിച്ചപ്പോള്‍, വാട്ട്സ്ആപ്പ് പേയുടെ വക്താവ് ഇത് സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല.
വാട്ട്സ്ആപ്പ് പേയുടെ ഉപയോക്തൃ അടിത്തറയിലെ വര്‍ദ്ധനവ് ഫോണ്‍പേ, ഗൂഗിള്‍ പേ തുടങ്ങിയ മുന്‍നിര യുപിഐ ആപ്പുകളുടെ നിലവിലെ വിപണി നേതൃത്വത്തെ തടസ്സപ്പെടുത്താന്‍ സാധ്യതയുണ്ട്. ടാറ്റ ഡിജിറ്റലും യുപിഐയില്‍ അരങ്ങേറ്റം കുറിക്കുന്ന സമയത്താണ് ഈ നിര്‍ണ്ണായക പ്രഖ്യാപനം.
വാട്ട്സ്ആപ്പ് പേ യുപിഐ വിപണിയില്‍ ഇടംപിടിക്കുമെന്നാണ് പ്രതീക്ഷ. കാരണം വാട്ട്സ്ആപ്പിന്റെ സന്ദേശമയയ്ക്കല്‍ സേവനത്തിന് കുറഞ്ഞത് 400 ദശലക്ഷം പ്രതിമാസ സജീവ ഉപയോക്താക്കളുടെ വലിയ ഉപയോക്തൃ അടിത്തറയുള്ളതിനാല്‍ വിപണിയെ കുലുക്കാന്‍ മികച്ച അവസരമുണ്ടെന്ന് വ്യവസായ എക്സിക്യൂട്ടീവുകള്‍ പറഞ്ഞു.
വര്‍ദ്ധിപ്പിച്ച പരിധിയോടെ, യുപിഐയുടെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട മാര്‍ക്കറ്റ് ഷെയര്‍ ക്യാപ് ഇഷ്യു പരീക്ഷിക്കപ്പെടും. മൂന്ന് മാസ കാലയളവില്‍ ഒരു സേവനദാതാവിനും യുപിഐയുടെ മൊത്തം ഇടപാട് വോള്യത്തിന്റെ 30 ശതമാനത്തില്‍ കൂടുതല്‍ പ്രോസസ്സ് ചെയ്യാന്‍ കഴിയില്ലെന്ന് എന്‍പിസിഐ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. എന്നിരുന്നാലും, ഫോണ്‍പേ, ഗൂഗിള്‍ പേ എന്നിവര്‍ക്ക് ഓര്‍ഡര്‍ പാലിക്കാന്‍ 2022 അവസാനം വരെ സമയം നല്‍കിയിട്ടുണ്ട്.