
ബെംഗളൂരു: വാട്സ്ആപ്പ് പേ എന്ന ഡിജിറ്റല്‍ പേമെന്റ് സംവിധാനം സജ്ജീകരിക്കാനുള്ള അനുമതി കാത്തിരിക്കുകയാണ് വാട്സ്ആപ്പും മാതൃ കമ്പനിയായ ഫേസ്ബുക്കും. റിലയന്‍സുമായുള്ള പങ്കാളിത്ത ഇടപാടിനെത്തുടര്‍ന്ന് റിലയന്‍സ് റീറ്റെയ്ലിന്റെ സേവനങ്ങളും വാട്സ്ആപ്പിലൂടെ ലഭ്യമായേക്കും. ഇവയോടൊപ്പം ഉപഭോക്താക്കള്‍ക്ക് ആപ്പിലൂടെ വായ്പ ലഭ്യമാക്കാനും കമ്പനി ഉദ്ദേശിക്കുന്നുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
കഴിഞ്ഞ മാസം വാട്സ്ആപ്പ് ഫയല്‍ ചെയ്ത കമ്പനിയുടെ വിഷയവിവര രേഖയെ (എംഒഎ) ഉദ്ധരിച്ചുകൊണ്ടാണ് വാര്‍ത്തകള്‍ പുറത്തുവരുന്നത്. വാട്സ്ആപ്പ് പേയ്ക്ക്, വരുന്ന മാസങ്ങളില്‍ അനുമതി ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ വായ്പ ലഭ്യമാക്കുന്നത് ഏതെങ്കിലും ബാങ്കുകളുമായുള്ള പങ്കാളിത്തത്തിലൂടെയായിരിക്കും. എന്നാല്‍ ബാങ്കിംഗ് സേവനങ്ങളിലേക്ക് കടക്കില്ലെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
ഡിജിറ്റല്‍ പണമിടപാട് കമ്പനികള്‍ രാജ്യത്തുള്ളവരുടെ സാമ്പത്തിക വിവരങ്ങള്‍ തദ്ദേശീയ സെര്‍വറുകളില്‍ സൂക്ഷിക്കണമെന്ന നിയമപരമായ നിബന്ധന കമ്പനി പൂര്‍ണമായി പാലിക്കേണ്ടതുണ്ട്. ഇതുസംബന്ധിച്ച് സുപ്രീം കോടതിയില്‍ നടക്കുന്ന കേസില്‍ കമ്പനി ഈ നിബന്ധന പാലിക്കുന്നില്ലെന്നാണ് റിസര്‍വ് ബാങ്ക് കഴിഞ്ഞ നവംബറില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഈ മാസം കേസ് പരിഗണിക്കേണ്ടിയിരുന്നത് വൈറസ് ബാധ മൂലം നീണ്ടു. ഇതിനിടെ യുപിഐ അടിസ്ഥാനമാക്കിയ പേമെന്റ് കമ്പനിക്കായി നാഷണല്‍ പേമെന്റ്സ് കോര്‍പ്പറേഷന് (എന്‍പിസിഐ) മുന്നില്‍ പുതുക്കിയ അപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണ് കമ്പനി. ചെറുകിട വ്യാപാരികള്‍ക്ക് ചെറിയ വായ്പകള്‍ നല്‍കുന്ന ബിസിനസും കമ്പനിയുടെ പരിഗണനയിലുണ്ട്. നിലവില്‍ ദശലക്ഷം പേര്‍ക്ക് പരീക്ഷണാടിസ്ഥാനത്തില്‍ വാട്സ്ആപ്പ്, പേമെന്റ് സേവനങ്ങള്‍ നല്‍കുന്നുണ്ട്. വൈകാതെ ഒരു കോടി ആളുകള്‍ക്ക് പേമെന്റ് സേവനങ്ങള്‍ നല്‍കാനുള്ള അനുമതി സാമൂഹ്യ മാധ്യമ കമ്പനിക്ക് എന്‍പിസിഐ നല്‍കിയേക്കുമെന്നാണ് സൂചന.