വിപണി പിടിക്കാന്‍ വാട്‌സാപ്പ് ഡിജിറ്റല്‍ പെയ്മന്റ് സേവനം: ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ കാഷ് ബാക്ക് ഓഫറുകള്‍

April 28, 2022 |
|
News

                  വിപണി പിടിക്കാന്‍ വാട്‌സാപ്പ് ഡിജിറ്റല്‍ പെയ്മന്റ് സേവനം: ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ കാഷ് ബാക്ക് ഓഫറുകള്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഡിജിറ്റല്‍ പെയ്മന്റ് സേവനത്തില്‍ കൂടുതല്‍ ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ട് കാഷ് ബാക്ക് ഓഫറുമായി വാട്ട്സ്ആപ്പ്. കൂടുതല്‍ ഇന്ത്യാക്കാരെ തങ്ങളുടെ പേമെന്റ് സംവിധാനത്തിലേക്ക് ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നീക്കം. മെര്‍ച്ചന്റ്‌സ് പേമെന്റിനും സമാനമായ ഇന്‍സെന്റീവുകള്‍ അവതരിപ്പിക്കുന്നുണ്ട്. ഗൂഗിളടക്കമുള്ള എതിരാളികളെ നേരിടുകയാണ് ലക്ഷ്യം.

മെയ് അവസാന വാരത്തോടെ വാട്‌സ്ആപ്പ് ക്യാഷ്ബാക്ക് അവതരിപ്പിക്കും. ഇടപാടുകള്‍ക്ക് 33 രൂപ വരെ തിരികെ കിട്ടുന്ന നിലയിലായിരിക്കും സംവിധാനം. വാട്ടസ്ആപ്പ് യുപിഐ വഴി പണം അയക്കുന്നവര്‍ക്ക് 11 രൂപ കാഷ് ബാക്ക് നല്‍കുന്ന ഓഫര്‍ നിലവില്‍ വന്നതായി കമ്പനി അറിയിച്ചു. വാട്‌സ്ആപ്പ് വഴി വാട്‌സ്ആപ്പ് അക്കൗണ്ടിലേക്ക് അയക്കുന്ന സാമ്പത്തിക ഇടപാടുകള്‍ക്കായിരിക്കും ക്യാഷ്ബാക്ക് ലഭിക്കുകയെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഒരു ഉപയോക്താവിന് മൂന്നു തവണ കാഷ് ബാക്ക് ഓഫറില്‍ പണം ലഭിക്കും. മൂന്നു വ്യത്യസ്ത നമ്പരുകളിലേക്കായിരിക്കണം പണം അയയ്ക്കേണ്ടത്.

അയക്കുന്ന പണം എത്രയായാലും ക്യാഷ്ബാക്ക് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഒരു രൂപയാണ് കൈമാറുന്നതെങ്കിലും ക്യാഷ്ബാക്ക് ലഭിക്കും. ക്യാഷ്ബാക്ക് തുക ചെറുതായിരിക്കുമെങ്കിലും ഇത് കൂടുതല്‍ പേരെ വാട്‌സ്ആപ്പ് പേമെന്റിലേക്ക് എത്തിക്കാന്‍ സഹായിക്കുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. ബില്ലുകള്‍, ടോള്‍ തുടങ്ങിയവയ്ക്കും ഇന്‍സെന്റീവുണ്ടാകും. ഈ വിപണിയില്‍ ഗൂഗിള്‍ പേ, പേടിഎം, ഫോണ്‍ പേ തുടങ്ങി എതിരാളികളുടെ നീണ്ട നിര തന്നെയുണ്ട്. അതിനാല്‍ തന്നെ ഭീമന്‍ കമ്പനിയായ വാട്‌സ്ആപ്പിന്റെ കടന്നുവരവ് യുപിഐ ഇടപാടുകളെ എങ്ങിനെ സ്വാധീനിക്കുമെന്ന് വരും നാളുകളില്‍ അറിയാനാവും.

ഇന്ത്യയില്‍ ചവടുറപ്പിക്കുന്നതിന് ഗൂഗിള്‍ പേയും പിന്നീട് പേടിഎമ്മും ഇത്തരത്തില്‍ കാഷ്ബാക്ക് ഓഫര്‍ നല്‍കിയിരുന്നു. ഓഫറിന് അര്‍ഹരായവരുടെ വാട്ട്സ്ആപ്പ് ബാനറില്‍ ഗിഫ്റ് ഐക്കണ്‍ ഉണ്ടാവുമെന്ന് കമ്പനി അറിയിച്ചു. ഇതു കണ്ടാല്‍ ഓഫറില്‍ പണം ലഭിക്കും. വാട്ട്സ്ആപ്പ് യുപിഐ നമ്പറിലേക്കായിരിക്കണം പണം അയയക്കേണ്ടത്. അതേസമയം ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്തോ യുപിഐ ഐഡി നല്‍കിയോ ഉള്ള ട്രാന്‍സാക്ഷനുകള്‍ക്ക് ഓഫര്‍ ബാധകമല്ല.

Read more topics: # WhatsApp Pay,

Related Articles

© 2025 Financial Views. All Rights Reserved