എയര്‍ ഇന്ത്യയുടെ പേരിന് പിന്നിലെ രഹസ്യമെന്ത്? വെളിപ്പെടുത്തലുമായി കമ്പനി രംഗത്ത്

February 07, 2022 |
|
News

                  എയര്‍ ഇന്ത്യയുടെ പേരിന് പിന്നിലെ രഹസ്യമെന്ത്? വെളിപ്പെടുത്തലുമായി കമ്പനി രംഗത്ത്

ജെആര്‍ഡി ടാറ്റ 90 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ടാറ്റാ എയര്‍ലൈന്‍സ് ആരംഭിച്ചത്. 12 വര്‍ഷക്കാലം സ്വന്തം മാനേജ്മെന്റിലും പിന്നീടങ്ങോട്ട് 75 വര്‍ഷം രാജ്യത്തെ ആദ്യത്തെ പൊതുമേഖലാ എയര്‍ലൈന്‍ എന്ന നിലയിലും പ്രവര്‍ത്തിച്ച 'എയര്‍ ഇന്ത്യ' എന്നത് വെറുമൊരു ബ്രാന്‍ഡല്ല, ഇന്ത്യക്കാരുടെ വികാരം തന്നെയാണ്. സമീപകാലത്തായി നഷ്ടക്കണക്കില്‍ മാത്രം മുമ്പോട്ട് പോയിരുന്ന എയര്‍ ഇന്ത്യയെ സര്‍ക്കാര്‍ വില്‍പ്പനയ്ക്ക് വെച്ചപ്പോള്‍ തങ്ങളുടെ ആ പഴയ കമ്പനിയെ തിരിച്ചുപിടിക്കാന്‍ ടാറ്റാ സണ്‍സ് തന്നെ രംഗത്തെത്തുകയായിരുന്നു. 'എയര്‍ ഇന്ത്യ' എന്ന ആ പേരിന് ഇപ്പോഴും ഭാവിയുണ്ടെന്ന പ്രതീക്ഷ തന്നെയായിരിക്കാം ആ ഏറ്റെടുക്കലിന് പിറകില്‍.

ടാറ്റായുടെ ഏറ്റെടുക്കലിന് ശേഷം എയര്‍ ഇന്ത്യയെ സംബന്ധിച്ച വാര്‍ത്തകള്‍ സജീവമാണ്. ഒരു രാജ്യത്തിന്റെ എയര്‍ലൈന്‍ സര്‍വീസിന് നൂറു ശതമാനം അനുയോജ്യമായ ആ പേരിന് പിന്നിലെ രഹസ്യം കമ്പനി തന്നെ സാമൂഹിക മാധ്യമങ്ങളിലൂടെ പരസ്യമാക്കിയിരിക്കുകയാണ്. തികച്ചും ജനാധിപത്യ രീതിയിലായിരുന്നു പേരിലേക്ക് ടാറ്റ എത്തിച്ചേര്‍ന്നത്. 1946ല്‍ കമ്പനിയെ പൊതുവത്കരിക്കാന്‍ തീരുമാനിച്ചരതോടെ ടാറ്റാ ജീവനക്കാര്‍ക്ക് ഇടയില്‍ പേരിനായി ഒരു വോട്ടെടുപ്പ് നടത്തി. നാലുപേരുകളാണ് വോട്ടിനിട്ടത്. ഇന്ത്യന്‍ എയര്‍ലൈന്‍സ്, പാന്‍- ഇന്ത്യന്‍ എയര്‍ലൈന്‍സ്, ട്രാന്‍സ് ഇന്ത്യന്‍ എയര്‍ലൈന്‍സ്, എയര്‍ ഇന്ത്യ എന്നിവയായിരുന്നു ആ പേരുകള്‍.

പാന്‍ ഇന്ത്യന്‍ എയര്‍ലൈന്‍സിന് 19 വോട്ടും, ട്രാന്‍സ് ഇന്ത്യന്‍ എയര്‍ലൈന്‍സിന് 28, ഇന്ത്യന്‍ എയര്‍ലൈന്‍സിന് 51 ഉം, എയര്‍ ഇന്ത്യക്ക് 64 വോട്ടുകളും കിട്ടി. കൂടുതല്‍ നിര്‍ദേശിക്കപ്പെട്ട പേരുകള്‍ മാത്രം വീണ്ടും വോട്ടിനിട്ടു. ഈ വോട്ടെടുപ്പില്‍ 72 വോട്ടുകള്‍ ലഭിച്ച് 'എയര്‍ ഇന്ത്യ' അങ്ങനെ യാഥാര്‍ത്ഥ്യമായി. പിന്നീട് ഈ പേര് ഇന്ത്യന്‍ വ്യോമയാന സേവന ചരിത്രത്തില്‍ നാഴികക്കല്ലായി മാറി. വര്‍ഷങ്ങള്‍ക്കിപ്പുറം 'എയര്‍ ഇന്ത്യയുടെ പേര് ആരിട്ടുവെന്ന' ക്യാപ്ഷനോട് കൂടി ടാറ്റാ സണ്‍സ് പങ്കുവെച്ച ട്വീറ്റ് ഇപ്പോള്‍ വൈറലാകുകയാണ്. പേരിന് പിന്നിലെ രഹസ്യം പങ്കുവെച്ച കമ്പനിയുടെ പോസ്റ്റിന് താഴെ ടാറ്റ വീണ്ടും ഏറ്റെടുത്ത ഈ സാഹചര്യത്തില്‍ പേര് മാറ്റുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്.

വര്‍ഷങ്ങള്‍ക്കിപ്പുറം എയര്‍ ഇന്ത്യ തിരിച്ചു ടാറ്റയിലെത്തുമ്പോഴും ഇന്ത്യയുടെ സ്വകാര്യ അഹങ്കാരം തന്നെയാണ് എയര്‍ ഇന്ത്യ. സര്‍ക്കാരിനു വേണ്ടി നിരവധി രക്ഷാ പ്രവര്‍ത്തനങ്ങള്‍ വീദേശ മണ്ണില്‍ നടത്തിയിട്ടുള്ള എയര്‍ ഇന്ത്യയെ കുടുംബത്തിലെ ഒരു അംഗമായി കാണുന്നവരും കുറവല്ല. വര്‍ഷങ്ങളായി കടക്കെണിയില്‍ ഉഴലുന്ന വിമാനക്കമ്പനി ടാറ്റയുടെ കൈയ്യില്‍ തിരിച്ചെത്തിയതോടെ രക്ഷപ്പെടുമെന്ന വിശ്വാസത്തിലാണിവര്‍.

Related Articles

© 2025 Financial Views. All Rights Reserved