
ന്യൂഡല്‍ഹി: കൊറോണ പകര്‍ച്ചവ്യാധി മൂലം ഉപഭോഗത്തിലുണ്ടായ കുറവ് കാരണം രാജ്യത്തെ മെയ് മാസത്തെ മൊത്ത വിലകളില്‍ 3.2 ശതമാനം ഇടിവ് രേഖപ്പെടുത്തി. മൊത്ത വില സൂചികയുടെ (ഡബ്ലിയുപിഐ) ഏപ്രിലിലെ കണക്കുകള്‍ ലഭ്യമല്ലെങ്കിലും കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ ഡബ്ല്യുപിഐ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് 2.79 ശതമാനമായിരുന്നു.
പ്രധാന വിഭാഗങ്ങളില്‍ ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം മെയ് മാസത്തില്‍ 1.13 ശതമാനമായിരുന്നു. എന്നാല്‍, ഈ വിഭാഗത്തിലെ പച്ചക്കറി വില 12.48 ശതമാനം ഇടിഞ്ഞു. പയറുവര്‍ഗങ്ങള്‍ ഉയര്‍ന്ന പണപ്പെരുപ്പ നിരക്കില്‍ തുടര്‍ന്നു. മെയ് മാസത്തില്‍ ഇത് 11.91 ശതമാനമായി നേരിയ തോതില്‍ കുറഞ്ഞു. കഴിഞ്ഞ മാസം ഇത് 12.31 ശതമാനമായിരുന്നു.
ഭക്ഷ്യ വിഭവങ്ങളില്‍ പ്രധാന ഇനമായ ഉരുളക്കിഴങ്ങിന് പണപ്പെരുപ്പം 59.40 ശതമാനത്തില്‍ നിന്ന് 52.2 ശതമാനമായി കുറഞ്ഞു. മെയ് മാസത്തിലെ മൊത്തത്തിലുള്ള സിപിഐ നമ്പറുകള്‍ പുറത്തുവിട്ടിട്ടില്ല, പക്ഷേ ഭക്ഷ്യവിലക്കയറ്റം ഒമ്പത് ശതമാനം കവിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. ആഗോള അസംസ്‌കൃത ക്രൂഡ് വില കുറഞ്ഞെങ്കിലും, രാജ്യത്തെ പെട്രോള്‍, ഡീസല്‍ വിലയില്‍ കുറവുണ്ടായില്ല. കേന്ദ്ര സര്‍ക്കാരും ചില സംസ്ഥാന സര്‍ക്കാരുകളും നികുതി ചുമത്തിയത് കാരണം നിരക്ക് ഉയര്‍ന്ന നിലയില്‍ തുടരുകയാണ്. ഇത് പണപ്പെരുപ്പത്തിനുളള സാധ്യത വര്‍ധിപ്പിക്കുന്നു.