
ആഗോള നിരക്കില്‍ ഇടിവുണ്ടായതിനെ തുടര്‍ന്ന് ഇന്ത്യയില്‍ സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും വില വെള്ളിയാഴ്ച കുത്തനെ ഇടിഞ്ഞു. എംസിഎക്‌സില്‍, സ്വര്‍ണ്ണ ഫ്യൂച്ചറുകള്‍ ഒരു ഗ്രാമിന് 1,000 രൂപ (2 ശതമാനം) ഇടിഞ്ഞ് 45,732 രൂപയില്‍ എത്തി. എംസിഎക്‌സിലെ സില്‍വര്‍ ഫ്യൂച്ചറുകള്‍ ഒരു കിലോയ്ക്ക് 1,500 രൂപ (3 ശതമാനം) കുറഞ്ഞ് കിലോയ്ക്ക് 47,337 രൂപയിലും എത്തി. ആഗോള സമ്പദ്വ്യവസ്ഥ പ്രതീക്ഷിച്ചതിലും വേഗത്തില്‍ മുന്നേറുന്നുവെന്നതിന്റെ സൂചനകളാണ് ഇത്.
സമ്പദ്വ്യവസ്ഥ മുന്നേറുന്നതിന്റെ കൂടുതല്‍ സൂചനകള്‍ നല്‍കിയ യുഎസിന്റെ തൊഴില്‍ സംഖ്യകള്‍ അത്ഭുതകരമാംവിധം മെച്ചപ്പെട്ടതിനാല്‍ സ്വര്‍ണ്ണം, വെള്ളി വിലകളില്‍ കനത്ത ഇടിവ് രേഖപ്പെടുത്തി. ഇത് സ്വര്‍ണം, ബോണ്ടുകള്‍ എന്നിവ പോലുള്ള സുരക്ഷിത നിക്ഷേപങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തി തുടങ്ങി. ഏപ്രിലില്‍ 20 ദശലക്ഷത്തിലധികം ആളുകള്‍ക്ക് തൊഴില്‍ നഷ്ട്ടപ്പെട്ടെങ്കിലും കഴിഞ്ഞ മാസം 25 മില്യണ്‍ ആളുകള്‍ പുതുതായി ജോലി ചെയ്യുന്നതായി യുഎസ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
യുഎസില്‍ തൊഴിലില്ലായ്മ നിരക്ക് ഏപ്രിലിലെ 14.7 ശതമാനത്തില്‍ നിന്ന് കഴിഞ്ഞ മാസം 13.3 ശതമാനമായി കുറഞ്ഞു. പല രാജ്യങ്ങളും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതിനാല്‍ ആഗോള സാമ്പത്തിക വീണ്ടെടുക്കലിനെക്കുറിച്ചുള്ള ശുഭാപ്തി വിശ്വാസം ഉയരുന്നുണ്ട്. യുഎസ്, യൂറോപ്യന്‍ രാജ്യങ്ങള്‍ പോലുള്ള മുന്‍കാല ഹോട്ട്സ്‌പോട്ടുകളില്‍ കൊറോണ വൈറസ് അണുബാധയുടെ വേഗതയും മരണവും കുറഞ്ഞുവെങ്കിലും ചില പുതിയ ഹോട്ട്സ്‌പോട്ടുകള്‍ ഉയര്‍ന്നു വരുന്നുണ്ട്.
വെള്ളിയാഴ്ച യുഎസ് സ്വര്‍ണ്ണ ഫ്യൂച്ചര്‍ 2 ശതമാനം ഇടിഞ്ഞ് 1688 ഡോളറിലെത്തി. യുഎസ് ഡോളര്‍ സൂചികയിലെ പൊതുവായ ബലഹീനതയ്‌ക്കൊപ്പം യുഎസ്-ചൈന സംഘര്‍ഷങ്ങളാണ് ഇതിന് കാരണം. കൊറോണ വൈറസ് ലോക്ക്‌ഡൌണിനെത്തുടര്‍ന്ന് കൂടുതല്‍ സമ്പദ്വ്യവസ്ഥകള്‍ ഉത്തേജനം നല്‍കി വീണ്ടും തുറക്കുമ്പോള്‍ ഏപ്രിലില്‍ ഏഴ് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയ ശേഷം ആഗോളതലത്തില്‍ സ്വര്‍ണ്ണ വില കുറയാന്‍ തുടങ്ങി.
സാമ്പത്തിക വീണ്ടെടുക്കല്‍ സംബന്ധിച്ച ശുഭാപ്തിവിശ്വാസത്തിനിടയില്‍ ആഗോള ഓഹരികള്‍ ഏകദേശം 3 മാസത്തെ ഉയര്‍ന്ന നിലയിലേക്ക് ഉയര്‍ന്നു. യുഎസ്-ചൈന പിരിമുറുക്കങ്ങള്‍, കൂടുതല്‍ ഉത്തേജനം പദ്ധതികള്‍ ഇവയൊക്കെ സ്വര്‍ണ വിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ഏപ്രില്‍ മാസത്തിനുശേഷം വ്യാഴാഴ്ച സ്വര്‍ണ്ണ പിന്തുണയുള്ള എക്‌സ്‌ചേഞ്ച്-ട്രേഡഡ് ഫണ്ടുകളിലെ ഹോള്‍ഡിംഗുകള്‍ ആദ്യമായി കുറഞ്ഞുവെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. ബ്ലൂംബെര്‍ഗിന്റെ കണക്കനുസരിച്ച് സ്വര്‍ണ്ണ ഇടിഎഫുകളുടെ ആസ്തി 2.1 ടണ്‍ കുറഞ്ഞ് 3,129.2 ടണ്ണായി. എന്നാല്‍ ഈ വര്‍ഷം ഇതുവരെ 20 ശതമാനത്തിലധികം വര്‍ധനവുണ്ടായിട്ടുണ്ട്.
ചില ധനകാര്യ സ്ഥാപനങ്ങള്‍ സ്വര്‍ണത്തെക്കുറിച്ച് ചില പ്രവചനങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. ക്രെഡിറ്റ് സ്യൂസെ സ്വര്‍ണ്ണ വില പ്രതീക്ഷകള്‍ ഉയര്‍ത്തി, 2021 ല്‍ ലോഹത്തിന്റെ ശരാശരി വില ഔണ്‍സിന് 1,800 ഡോളര്‍ വരെ ഉയരുമെന്നാണ് പ്രവചനം, യുഎസ് ഡോളറിന്റെ ബലഹീനതയും പണപ്പെരുപ്പ സമ്മര്‍ദ്ദവും സ്വര്‍ണ്ണ വിലയെ സഹായിക്കുമെന്ന് ക്രെഡിറ്റ് സ്യൂസെ പറഞ്ഞു.