
ഫെയര്‍ ആന്‍ഡ് ലൗവ്ലിയിലൂടെ മാത്രം ഹിന്ദുസ്ഥാന്‍ യുണിലിവര്‍ വര്‍ഷത്തില്‍ ഇന്ത്യയില്‍ നിന്ന് നേടുന്നത് 4,100 കോടി രൂപ. ഫെയര്‍നെസ് ക്രീം വിപണിയുടെ രാജ്യത്തെ മൊത്തം മൂല്യം ലഭ്യമല്ലെങ്കിലും 5,000 കോടിക്കും 10,000 കോടിക്കും ഇടയിലാണിതെന്നാണ് വിലയിരുത്തല്‍. പ്രത്യേക ബ്രാന്‍ഡില്‍ നിന്നുള്ള വരുമാനം കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. വിപണി മൂല്യത്തിന്റെ 80 ശതമാനവും സ്വന്തമാക്കുന്നത് ഫെയര്‍ ആന്‍ഡ് ലൗവ്ലിയെന്നാണ് അനലിസ്റ്റുകള്‍ പറയുന്നത്.
രാജ്യത്തെ ഫെയര്‍നെസ് ക്രീം വിപണി പ്രധാനമായും കയ്യടക്കിയിരിക്കുന്നത് ആഗ്ലോ-ഡച്ച് സ്ഥാപനമായ ഹിന്ദുസ്ഥാന്‍ യുണിലിവറും പ്രൊക്ടര്‍ ആന്‍ഡ് ഗാംബ്ളും ഗ്രാര്‍നിയ(ലാ ഓറിയല്‍)റുമാണ്. ഇന്‍ഡോനേഷ്യ, തായ്ലാന്‍ഡ്, ബംഗ്ലാദേശ്, പാകിസ്താന്‍, ഏഷ്യയിലെ മറ്റ് രാജ്യങ്ങള്‍ എന്നിവിടങ്ങിളിലെല്ലാം ഫെയര്‍ ആന്‍ഡ് ലൗവ്ലിക്ക് വന്‍ വിപണിയാണുള്ളത്. ബ്രാന്‍ഡിന്റെ പേരുമാറ്റം ഏതാനും മാസങ്ങള്‍ക്കകം നടപ്പാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഫെയര്‍ ഒഴിവാക്കി ലവ്ലിമാത്രമാകും ഇനി പേരില്‍ ഉണ്ടാകുക. ക്രീമിന്റെ പാക്കേജില്‍ ഉള്ള രണ്ടുമുഖങ്ങളും ഷേഡ് ഗൈഡും ഒഴിവാക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.