
ഇന്ത്യന്‍ വിപണിയില്‍ സ്വര്‍ണത്തിന് പിന്നാലെ വെള്ളി നിരക്കും കുത്തനെ ഉയര്‍ന്നു. ഒരു മാസത്തിനിടയില്‍ വെള്ളിയുടെ വിലയില്‍ 25 ശതമാനം വര്‍ധനവാണുണ്ടായിരിക്കുന്നത്. എംസിഎക്സില്‍ സില്‍വര്‍ ഫ്യൂച്ചറുകള്‍ 817 രൂപ (1.6 ശതമാനം) ഉയര്‍ന്ന് കിലോയ്ക്ക് 51,000 രൂപയിലെത്തി. വെള്ളിയാഴ്ച വെള്ളി നിരക്ക് കിലോയ്ക്ക് 1,500 രൂപ ഉയര്‍ന്നിരുന്നു. രാജ്യങ്ങള്‍ സമ്പദ്വ്യവസ്ഥ വീണ്ടും തുറക്കുമ്പോള്‍ ലോഹത്തിന്റെ വ്യാവസായിക ആവശ്യം പുനരുജ്ജീവിപ്പിക്കുമെന്ന ശുഭാപ്തിവിശ്വാസമാണ് വെള്ളിയുടെ വിലയിലുണ്ടായ വര്‍ദ്ധനവിന് കാരണമെന്ന് വിശകലന വിദഗ്ധര്‍ പറഞ്ഞു.
സമ്പദ്വ്യവസ്ഥ പുനരാരംഭിക്കാനുള്ള ആഗോള ശ്രമങ്ങള്‍ വെള്ളിയുടെ ആവശ്യം വര്‍ദ്ധിപ്പിക്കുമെന്നും പ്രതിസന്ധി ഘട്ടത്തില്‍ സ്വര്‍ണവുമായി താരതമ്യപ്പെടുത്തുമ്പോള്‍ വെള്ളിയുടെ നിര്‍മ്മാണ ചെലവ് എക്കാലത്തേയും താഴ്ന്ന നിലയിലാണെന്നും, എന്നാല്‍ വില ശക്തമായി ഉയരാന്‍ സാധ്യതയുണ്ടെന്നും വിശകലന വിദഗ്ധര്‍ പറയുന്നു.
സ്വര്‍ണം, വെള്ളി അനുപാതം 114 (2020 മെയ് 1) ല്‍ നിന്ന് 97 ആയി കുറഞ്ഞതിനാല്‍ എംസിഎക്‌സ് വെള്ളി വില 50,000 രൂപ മറികടന്നു. എംസിഎക്സിലെ വെള്ളി വില മെയ് മാസത്തില്‍ 23 ശതമാനം നേട്ടമുണ്ടാക്കി. വില ഏതാനും ദിവസങ്ങള്‍ കൂടി ഉയരാനാണ് സാധ്യതയെന്ന് നിരീക്ഷകര്‍ പറയുന്നു. വെള്ളിയുമായി താരതമ്യപ്പെടുത്തുമ്പോള്‍, കഴിഞ്ഞ ഒരു മാസത്തിനിടയില്‍ സ്വര്‍ണ വില ഉയര്‍ന്നു തന്നെയാണ് നില്‍ക്കുന്നത്. കാര്യമായ മാറ്റങ്ങളില്ല. നിലവില്‍, എംസിഎക്‌സ് ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് 10 ഗ്രാമിന് 47,000 രൂപയ്ക്കടുത്താണ് വ്യാപാരം നടത്തുന്നത്.
ആഗോള വിപണിയില്‍ വെള്ളി വില ഔണ്‍സിന് 2 ശതമാനം ഉയര്‍ന്ന് 18.20 ഡോളറിലെത്തി. ഫെബ്രുവരി 26 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഫെബ്രുവരിയില്‍ 1.8 ശതമാനം ഉയര്‍ന്ന് 18.16 ഡോളറിലെത്തിയിരുന്നു. സ്വര്‍ണ്ണത്തെയും അതുവഴി വെള്ളിയുടെ വിലയെയും നിലവില്‍ പിന്തുണയ്ക്കുന്നത് യുഎസ്-ചൈന പിരിമുറുക്കമാണ്.